Skip to main content

സ്‌കൂളും പരിസരവും അപകട രഹിതമാണെന്ന് ഉറപ്പുവരുത്തണം:  കെ വി സുമേഷ്

ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങളും പരിസരവും അപകട രഹിതമാണെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍ദേശം നല്‍കി. ജില്ലയിലെ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പ്രധാനധ്യാപകരുടെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും പരിശോധിക്കുകയും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍, കുഴികള്‍, മരങ്ങള്‍, മറ്റ് സാഹചര്യങ്ങള്‍ തുടങ്ങിയവ ഇല്ലെന്ന് ഉറപ്പുവരുത്തുകും വേണം. അപകടകരമായ സാഹചര്യങ്ങള്‍ വിദ്യാലയങ്ങളിലുണ്ടെങ്കില്‍ അത് പരിഹരിക്കാനാവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണം. കഴിഞ്ഞ വര്‍ഷം മാലൂര്‍ സ്‌കൂളില്‍ നടന്നത് പോലുള്ള അപകടങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. സ്‌കൂളും പരിസരവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി എല്ലാ സ്‌കൂളുകളും എത്രയും വേഗം അധികൃതരില്‍ നിന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കും. ഇതിന്റെ മുന്നോടിയായി ഭക്ഷണത്തിനായി ആശ്രയിക്കുന്ന കിണറുകളിലെ വെള്ളം, പാത്രങ്ങള്‍, ഭക്ഷണശാല തുടങ്ങിയവയുടെ ശുതിത്വം ഉറപ്പുവരുത്താനും പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടണം. വാഹനങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ക്ലാസ് മെയ് 30, 31 ദിവസങ്ങളില്‍ ജില്ലാ പഞ്ചായത്തില്‍ നടക്കും. 
ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കും. ജില്ലാതല പ്രവേശനോത്സവം ആയിത്തറ മമ്പറം ജിഎച്ച്എസ്എസില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം, പുതിയ കുട്ടികളുടെ പ്രവേശനം, പ്രവേശനോത്സവം, പുതിയ വിദ്യാഭ്യാസ വര്‍ഷത്തെ ലക്ഷ്യങ്ങള്‍, സ്‌കൂളുകളിലെ ശുചിത്വം, സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ വിശകലനം ചെയ്യുന്നതിനായാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഡയറ്റിന്റെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളിലുള്ള ക്ലാസുകളും ശില്‍പശാലയില്‍ നടന്നു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ പി ജയബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി പി നിര്‍മ്മല ദേവി, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ രമേശന്‍, എസ് എസ് എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ ആര്‍ അശോകന്‍,  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ കെ രവി, ഡി ഇ ഒമാര്‍, ഡയറ്റ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

 

date