ആരോഗ്യജാഗ്രത; സിവില്‍ സ്റ്റേഷന് ജീവനക്കാരുടെ കൂട്ടായ്മയില്‍ ശുചീകരണം
ശുചിത്വത്തിലൂടെ മാലിന്യ നിര്‍മാര്‍ജനവും പൊതുജനാരോഗ്യവും ഉറപ്പാക്കാമെന്ന സന്ദേശവുമായി ഇന്ന് (മെയ് 28) സിവില്‍ സ്റ്റേഷന് പരിസരം ശുചീകരിക്കും. സംസ്ഥാനത്തുടനീളം പരിസര ശുചീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യ ജാഗ്രതാ പരിപാടികള്‍ നടക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് ജീവനക്കാരുടെ കൂട്ടായ്മയില്‍ സിവില്‍ സ്റ്റേഷന് പരിസരം ശുചീകരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറ് വരെ അതത് ഓഫീസ് മേധാവികളുടെ നേതൃത്വത്തിലാണ് ഓഫീസും പരിസരവും ശുചീകരിക്കുക. എല്ലാ വകുപ്പുമേധാവികളും ജീവനക്കാരും കൂട്ടായ ശുചീകരണത്തില്‍ പങ്കാളികളാകും
ഓഫീസ് ശുചീകരണത്തോടൊപ്പം തന്നെ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന പരിസരങ്ങളും ശുചീകരിക്കും. ഇതിനായി ഓഫീസുകളെ 18 ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. ഓരോ ക്ലസ്റ്ററിനും തെരഞ്ഞെടുത്ത ഒരു ഉദ്യോഗസ്ഥന് ചുമതല നല്‍കിയാണ് പ്രവൃത്തി. കാട് വെട്ടിത്തെളിച്ച് അനാവശ്യമായി കൂട്ടിയിട്ട മുഴുവന്‍ സാധനങ്ങളും സിവില്‍ സ്റ്റേഷന് പരിസരത്ത് നിന്ന് മാറ്റും. ശുചീകരണത്തിന് ശേഷം ജൈവ അജൈവ മാലിന്യങ്ങള്‍ പ്രത്യേകം തരം തിരിച്ച് മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിന് നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. ഓരോ വകുപ്പു മേധാവികളുടെയും നേതൃത്വത്തില്‍ അതത് ഓഫീസും പരിസരവും വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണമെന്നും വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. വൃത്തിയുള്ള തൊഴില്‍ പരിസരം ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ക്കുള്ള ബോധവത്കരണം കൂടിയാവും ഇന്നത്തെ ശുചീകരണം.
- Log in to post comments