ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് തുടങ്ങും
ജില്ലയില്‍ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലൈ 31 അര്‍ധരാത്രി വരെയാണ് നിരോധനം. ട്രോളിങ് നിരോധനം സംബന്ധിച്ചും കടലോര രക്ഷാ പ്രവര്‍ത്തനം സംബന്ധിച്ചും ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ മത്സ്യബന്ധന തൊഴിലാളി പ്രതിനിധികളുടെയും വകുപ്പുതല മേധാവികളുടെയും യോഗം ചേര്‍ന്നു.
ട്രോളിങ് നിരോധന കാലയളവില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താവുന്നതാണ്. മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു. ഇതര സംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുമ്പ് കേരള തീരം വിട്ട് പോകണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. നിരോധന കാലയളവില്‍ രണ്ട് ബോട്ടുകള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിങും നടത്താന്‍ പാടില്ല. തീരപ്രദേശത്തെ ഡീസല്‍ ബങ്കുകള്‍ ഇക്കാലയളവില്‍ പ്രവര്‍ത്തിക്കരുത്. ബോട്ടുകള്‍ക്ക് ഡീസല്‍ നല്കാന് പാടില്ലെന്നും കലക്ടര്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി നടപടികള്‍ സ്വീകരിച്ചതായി കലക്ടര്‍ അറിയിച്ചു. വറുതിക്കാലത്തു തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കു സൗജന്യ റേഷന്‍ നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ഹാര്‍ബറിലെ അനുബന്ധ തൊഴിലാളികള്‍ക്കും പീലിങ് തൊഴിലാളികള്‍ക്കും റേഷന്‍ ലഭിക്കും. അപകട നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സുരക്ഷാ നടപടികളും ക്രമീകരിച്ചിട്ടുണ്ട്. നടപടികളുമായി മത്സ്യത്തൊഴിലാളികള്‍ സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. ട്രോളിങ് നിരോധന കാലയളവില്‍ വിപണിയിലെത്തുന്ന പഴകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മീനുകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തും. ഇത്തരം മത്സ്യങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
കണ്ട്രോള് റൂം തുറന്നു
മണ്‍സൂണ്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം തുടങ്ങി. ഫോണ്‍-0494 2666428.
- Log in to post comments