Skip to main content

പുകയിലുടെയും ലഹരി മരുന്നുകളുടെയും ഉപയോഗം  യുവതലമുറ നേരിടുന്ന വലിയ വെല്ലുവിളി : ജില്ലാ കളക്ടർ

യുവതലമുറ നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പുകയിലയുടെയും, ലഹരിമരുന്നുകളുടെയും ഉപയോഗം എന്നും സാമൂഹികവും മനശാസ്ത്രപരവുമായ തലങ്ങളിലൂടെ വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യണ്ട വിഷയമാണ് ഇതെന്നും ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ജില്ലാ ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ടി വി അനുപമ പറഞ്ഞു. രാമവർമപുരം കേരള പോലീസ് അക്കാദമിയിൽ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. ആരോഗ്യ വകുപ്പും കേരള വളന്ററി ഹെൽത്ത് സർവീസസും കേരള പോലീസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. കെ ജെ റീന അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ .ടി.വി സതീശൻ ലോക പുകയില വിരുദ്ധ സന്ദേശം നൽകി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബിന്ദു തോമസ് സ്വാഗതവും ടുബാക്കോ കൺട്രോൾ പ്രോഗ്രാം നോഡൽ ഓഫീസർ പി കെ രാജു നന്ദിയും പറഞ്ഞു. തുടർന്ന് പുകയിലയുടെ ഉപയോഗം കുറക്കുന്നതിനും പുകവലി നിയന്ത്രണം നടപ്പിലാക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾക്കായി 2006 ൽ രൂപം കൊണ്ട ഇന്റർനാഷണൽ യൂണിയൻ എഗെയ്ൻസ്റ്റ് ട്യൂബർകുലോസിസ് ആൻഡ് ലങ് ഡിസീസസ് എന്ന സംഘടനയുടെ ടെക്നിക്കൽ അഡൈ്വസർ ഡോ. പ്രണയ് ലാൽ പുകയില നിയന്ത്രണ നിയമം 2003 നെ കുറിച്ചു സെമിനാർ അവതരിപ്പിച്ചു.
''പുകയില നിങ്ങളുടെ ജീവിതത്തെ അപഹരിക്കാതിരിക്കട്ടെ'' എന്നതാണ് ഈ വർഷത്തെ സന്ദേശം. പുകയിലയും, ശ്വാസകോശാരോഗ്യവും എന്ന വിഷയത്തിനാണ് ലോകാരോഗ്യ സംഘടന ഈ വർഷം പ്രാധാന്യം നൽകിയിരിക്കുന്നത്. ക്യാൻസർ മുതൽ വിട്ടുമാറാത്ത, ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ വരയുള്ള രോഗങ്ങളെ കുറിച്ചു അവബോധം സൃഷ്ടിക്കുകയും ശ്വാസകോശാരോഗ്യത്തിന്റെ പ്രാധാന്യം സാമാന്യ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതിനാണ് ഈ വർഷം പ്രാധാന്യം നൽകിയിരിക്കുന്നത്. ആഗോളതലത്തിൽ സംഭവിക്കുന്ന ശ്വാസകോശ അർബുദങ്ങളുടെ കണക്കെടുത്താൽ മൂന്നിൽ രണ്ടും പുകയിലയുടെ ഉപയോഗം മൂലമാണെന്ന് കാണാം. ആസ്മ ,ന്യൂമോണിയ ,ബ്രോങ്കൈറ്റിസ് മുതലായ രോഗങ്ങൾക്കും വീടിനുള്ളിലെ വായു മലിനീകരണത്തിനും പുകയിലയുടെ ഉപയോഗം കാരണമാകുന്നു. പുകയിലയിൽ അടങ്ങിയിരിക്കുന്ന 7000 രാസവസ്തുക്കളിൽ 69 എണ്ണവും ക്യാൻസറിന് കാരണമാകുന്നതാണ്. വീട്ടിലെ ഏതെങ്കിലും അംഗം പുകവലിക്കുന്നതു മൂലം ഉണ്ടാകുന്ന ദൂഷ്യ ഫലങ്ങൾ നിമിത്തം അഞ്ച് വയസ്സിനു താഴെയുള്ള 60,000 കുട്ടികൾ ലോകം മുഴുവൻ ഒരു വർഷം മരിക്കുന്നുയെന്നാണ് കണക്ക്.

date