നിപ്പ : ആശങ്കവേണ്ടെന്നു ജില്ലാ കളക്ടർ - മുൻകരുതലകളുമായി ആരോഗ്യവകുപ്പ്
കൊച്ചിയിൽ നിപ്പ രോഗം സംശയാസ്പദമായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലയിൽ ആരോഗ്യവകുപ്പ് മുൻകരുതൽ പ്രവർത്തനങ്ങൾ ശക്തമാക്കി പ്രാരംഭഘട്ടമായി ജില്ലാമെഡിക്കൽ ഓഫീസിൽ ഓഫീസർമാരുടെ അടിയന്തിരയോഗം വിളിച്ചുചേർക്കുകയും പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കുകയും ചെയ്തു. തുടർന്ന്ജില്ലാ കളക്ടറുടെ ക്യാമ്പ് ഹൗസിൽ ഡി .എം .ഒ അടക്കമുള്ള ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, തൃശൂർ ജനറൽആശുപത്രി സൂപ്രണ്ട്, മറ്റു ഡോക്ടർമാർ ,മൃഗസംരക്ഷണവകുപ്പ്, പബ്ലിക് റിലേഷൻസ് വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന യോഗംകളക്ടറുടെ അദ്ധ്യക്ഷതയിൽ ചേരുകയുണ്ടായി . ജില്ലാ മെഡിക്കൽ ഓഫീസർ
ഡോ. കെ ജെ.റീന നിപ്പയുമായി ബന്ധപ്പെട്ടു ജില്ലയിലെ നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. നിലവിൽ രോഗിയുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തിയിട്ടുള്ള എല്ലാവരുടെയും വിവരങ്ങൾശേഖരിക്കുകയും അനന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതേ തുടർന്ന് ജില്ലയിൽ ആശങ്കപ്പെടേണ്ടസ്ഥിതിഗതികൾ നിലവിലില്ലെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. എങ്കിലും രോഗിയുമായിസമ്പർക്കത്തിലേർപ്പെടുന്നവർ മെഡിക്കൽ കോളേജിലോ ജനറൽ ആശുപത്രിയിലോ ഡോക്ടറുടെ സഹായം തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർഅറിയിച്ചു . കൂടാതെ അടിയന്തിര ഘട്ടത്തിൽ രോഗികളെ പാർപ്പിക്കേണ്ട സന്ദർഭം മുൻകൂട്ടി കണ്ടുകൊണ്ടു തൃശൂർ ജനറൽ ആശുപത്രിയിലും മെഡിക്കൽകോളേജിലും പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഡി എം ഒ വ്യക്തമാക്കി. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കാൻ ശ്രദ്ധിക്കുക.പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, ചുമയ്ക്കുമ്പോൾ ഒ.പി. ടിക്കറ്റ്, ന്യൂസ് പേപ്പർ മുതലായവകൊണ്ട് മുഖം മറയ്ക്കാതിരിക്കുക.ചുമച്ചുകഴിഞ്ഞാൽ കൈകൾ സോപ്പുപയോഗിച്ചു കഴുകുക .ഉപയോഗിച്ച ടിഷ്യു പേപ്പറുകൾ,മാസ്ക് എന്നിവ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക .ആശുപത്രികളിൽ വരുമ്പോൾ തൂവാല നിർബന്ധമായും കയ്യിൽ കരുതുക ഇക്കാര്യങ്ങൾ മുൻകരുതലായി സ്വീകരിക്കണമെന്ന് ഡിഎംഒ അറിയിച്ചു.
- Log in to post comments