ഉത്സവാന്തരീക്ഷത്തില്‍ ജില്ലാതല പ്രവേശനോത്സവം; കുട്ടികളെ വരവേറ്റ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി തോരാത്ത മഴയും മാതാപിതാക്കളെ പിരിയുന്ന കരച്ചിലും ഇല്ലാതെ ഉത്സവാന്തരീക്ഷത്തില്‍ തന്നെ ജില്ലയിലെ കുരുന്നുകള്‍ ആദ്യദിനം സ്‌കൂളുകളില്‍ എത്തി. പല വര്‍ണ്ണങ്ങളിലുള്ള ഉടുപ്പുകളണിഞ്ഞ് പുത്തന്‍ ബാഗും കുടകളുമായി സ്‌കൂളുകളില്‍ എത്തിയ കുട്ടികളെ ബലൂണുകളും തൊപ്പികളും പൂക്കളും മധുര പലഹാരങ്ങളും നല്‍കിയാണ് അധ്യാപകര്‍ വരവേറ്റത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, പൂക്കള്‍, മൃഗങ്ങള്‍, എന്നിവയൊക്കെ വരച്ചുചേര്‍ത്ത ചുമരുകളും നിറയെ കളിപ്പാട്ടങ്ങളും ഉള്ള ക്ലാസ് മുറികളാണ് നവാഗതരെ കാത്തിരുന്നത് .
ജില്ലാ പ്രവേശനോത്സവം നടന്ന മലമ്പുഴ ജി.വി.എച്ച്.എസ്.എസില്‍ ഒന്നാം ക്ലാസിലെത്തിയവര്‍ക്ക് തൊപ്പിയും കളിപ്പാട്ടവും 11-ാം ക്ലാസിലെത്തിയവര്‍ക്ക് നോട്ട് ബുക്കും പേനയും നല്‍കി വരവേറ്റത് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ്. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി നേട്ടങ്ങള്‍ കൈവരിക്കുന്നവരുടെ എണ്ണം കൂടിവരുന്ന കാലഘട്ടമാണിത്. കുട്ടികള്‍ക്ക് നല്ല ഭക്ഷണം, നല്ല അധ്യാപകര്‍, ക്ലാസ്സ് മുറികള്‍, സൗഹൃദാന്തരീക്ഷം ഒരുക്കി കൊടുത്താല്‍ മികച്ച വിജയം നേടുമെന്നതിന്റെ തെളിവാണ് 10-ാം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ ഉയര്‍ന്ന വിജയശതമാനമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. പ്രവേശനോത്സവത്തിനായി മുരുകന്‍ കാട്ടാക്കട രചിച്ച പ്രവേശനോത്സവ ഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നവാഗതര്‍ക്കായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് തയ്യാറാക്കിയ സന്ദേശം വിദ്യാര്‍ഥികളെ വായിച്ചു കേള്‍പ്പിച്ചു. 'അക്കാദമിക മികവ് വിദ്യാലയ മികവ്' മുദ്രാവാക്യം ലക്ഷ്യമിടുന്ന വിദ്യാഭ്യാസ വകുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒന്നുമുതല്‍ മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരേ ദിവസം ക്ലാസുകള്‍ ആരംഭിക്കുന്നത്.
പ്രവേശനോത്സവത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, എക്സൈസ് വകുപ്പ് സംഘടിപ്പിച്ച പ്രദര്‍ശനങ്ങളും മന്ത്രി സന്ദര്‍ശിച്ചു. മലയോര കര്‍ഷക മേഖലയിലെ വിദ്യാര്‍ഥികള്‍ കൂടുതല്‍ പഠിക്കുന്ന വിദ്യാലയമെന്ന രീതിയില്‍ വീടുകളിലും സ്‌കൂളിലും വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന കുടിവെള്ളം ശുദ്ധജലമാണെന്ന് ഉറപ്പു വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയായി. എല്‍ എസ് എസ്, യു എസ് എസ് എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.യു പ്രസന്നകുമാരി പുരസ്‌കാരം വിതരണം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷൈജ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കെ ബിനുമോള്‍, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റര്‍ ടി. ജയപ്രകാശ്, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ എം ജയരാജന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പി ടി എ പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments