കാട്ടാക്കട ജലസമൃദ്ധി : 17 പുതിയ പദ്ധതികള്‍ക്കു സാധ്യതാ പഠനം നടത്തും
* ആറു ചെറുകിട പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും
* പൊട്ടക്കിണറുകളില്‍ ഭൂജല പരിപോഷണ പഠനം നടത്തും
കാട്ടാക്കട ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ 17 പുതിയ ചെറുകിട കുടിവെള്ള പദ്ധതികള്‍ക്കു സാധ്യതാ പഠനം നടത്തും. കഴിഞ്ഞ വര്‍ഷം തുടക്കംകുറിച്ച ആറു പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും ഐ.ബി. സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.
കുളത്തുമ്മല്‍ തോട് ചെറുനീര്‍ത്തട വികസന പദ്ധതി, മീനപ്പള്ളിത്തോട് നീര്‍ത്തട പദ്ധതി, അന്തിയൂര്‍ക്കോണം തോടിലെ തടയണ നിര്‍മാണം എന്നിവയുടെ സാങ്കേതികാനുമതി മണ്ണ് സംരക്ഷണ വകുപ്പില്‍ നിന്ന് ജൂലൈ 10 നു മുന്‍പ് ലഭ്യമാക്കും. കുളത്തുമ്മല്‍ നീര്‍ത്തട പദ്ധതിയുടെ സംഘാടക സമിതിയോഗം ജൂലൈ 11 നു കാട്ടാക്കട പഞ്ചായത്ത് ഓഫിസില്‍ ചേരും. ആഗസ്റ്റില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ജല പാര്‍ലമെന്റ് സംഘടിപ്പിക്കും.
ഭൂജല വകുപ്പ് മുഖേന കൂടുതല്‍ പൊതുസ്ഥാപനങ്ങളിലും അങ്കണവാടികളിലും ആര്‍ട്ടിഫിഷ്യല്‍ റീചാര്‍ജിങ് നടത്തും. റീചാര്‍ജിങ് നടത്തിയ സ്ഥാപനങ്ങളില്‍ ജലത്തിന്റെ അളവ് രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിക്കുന്ന ജോലി ഉടന്‍ പൂര്‍ത്തിയാക്കും. വിളപ്പില്‍ശാല - വിട്ടിയം തോടില്‍ തടയണ നിര്‍മിച്ചു ജലസംഭരണം വര്‍ധിപ്പിക്കും, പൊട്ടക്കിണറുകളില്‍ ഭൂജല പരിപോഷണ സാധ്യതപഠനം നടത്തും.
മണ്ണ് പര്യവേഷണ വകുപ്പിന്റെ നേതൃത്വത്തില്‍ മണ്ഡല തല മണ്ണ് പര്യവേഷണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുന്നതിനും മുഴുവന്‍ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളായ കുളങ്ങളുടെ നവീകരണം, സ്‌കൂളുകളില്‍ ജൈവ വൈവിധ്യപാര്‍ക്ക് എന്നിവ പരമാവധി പ്രയോജനപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂവിനിയോഗ കമ്മിഷണര്‍ എ. നിസാമുദീന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ റോയ് മാത്യു, ഭൂജല വകുപ്പ് ജില്ലാ ഓഫിസര്‍ ഡോ. ബിന്ദു, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ വി.ആര്‍. രേഖ, ജില്ലാ മണ്ണ് പര്യവേഷണ ഓഫിസര്‍ ജി. ഓമന, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ജി. ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 703/2019)
- Log in to post comments