ഗതാഗത നിയന്ത്രണം
വര്‍ക്കല പാപനാശം കടപ്പുറത്ത് കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് ബലിതര്‍പ്പണത്തിനായി എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യത്തിനും ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനുമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂലൈ 30ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ ഓഗസ്റ്റ് ഒന്നിനു രാവിലെ എട്ടുമണിവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കല്ലമ്പലം, കടയ്ക്കാവൂര്‍ ഭാഗങ്ങളില്‍ നിന്നും പാപനാശത്തേയ്ക്ക് വരുന്ന സര്‍വീസ് ബസുകള്‍ മൈതാനത്തുനിന്നും പുന്നമൂട്, കൈരളി നഗര്‍ വഴി ആല്‍ത്തറമൂട്ടില്‍ എത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം മൈതാനം വഴി തിരികെ പോകണം. ചെറുവാഹനങ്ങള്‍ മൈതാനം വഴി വര്‍ക്കല ഗവ. ഹോസ്പിറ്റല്‍ ജംഗ്ഷനിലെത്തി ആളിറക്കിയ ശേഷം പെരുംകുളം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. മൈതാനം ബസ് സ്റ്റോപ്പിന് പിറകുവശത്തുള്ള ഗ്രൗണ്ട്, ധന്യ സൂപ്പര്‍ മാര്‍ക്കറ്റിനടുത്തുള്ള ഗ്രൗണ്ട്, എന്‍.എസ്.എസ് കരയോഗം സ്‌കൂള്‍ എന്നിവിടങ്ങളിലും പാര്‍ക്കിംഗിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
ടൂറിസ്റ്റ് ബസുകള്‍, മിനിബസുകള്‍ തുടങ്ങിയവ മൈതാനത്ത് ആളെ ഇറക്കിയ ശേഷം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. പാരിപ്പള്ളി ഭാഗത്തു നിന്നും വരുന്ന സര്‍വ്വീസ് ബസുകള്‍ പുന്നമൂട് കൈരളി നഗര്‍ വഴി ആല്‍ത്തറമൂട്ടിലെത്തി ആളിറക്കിയ ശേഷം മൈതാനം വഴി പോകണം. ഇടവ കാപ്പില്‍ ഭാഗത്ത് നിന്നും വരുന്ന സര്‍വ്വീസ് ബസുകള്‍ ഇടവ മൂന്ന്മുക്ക് വഴി ആല്‍ത്തറമൂട്ടിലെത്തി ആളിറക്കിയ ശേഷം മൈതാനം വഴി തിരികെ പോകണം. ഈ റൂട്ടില്‍ വരുന്ന ചെറിയ വാഹനങ്ങള്‍ ഹെലിപ്പാടിലും നന്ദാവനത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്. ഗസ്റ്റ് ഹൗസ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്കിംഗിനുള്ള സൗകര്യമുണ്ട്.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ആറ്റിങ്ങല്‍ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്തില്‍ അറുനൂറോളം പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
(പി.ആര്‍.പി. 828/2019)
- Log in to post comments