വരവൂരിൽ ജൈവ പച്ചക്കറി വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു
വരവൂർ ഗ്രാമപഞ്ചായത്തിൽ നാടൻ ജൈവ പച്ചക്കറികളുടെ വിപണന കേന്ദ്രം ഉദ്ഘാടനം യു ആർ പ്രദീപ് എംഎൽഎ നിർവഹിച്ചു. വിഷരഹിതമായ നാടൻ ജൈവ പചക്കറികൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കി ആരോഗ്യപൂർണ്ണമായ ജനതയെ വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരവൂർ സർവീസ് സഹകരണ സംഘത്തിൽ സ്ഥാപിതമായ ചെങ്ങാലിക്കോടൻ ഗ്രോവേഴ്സ് പാർക്ക് ഹൗസിലാണ് ദിവസവും ശേഖരിക്കുന്ന ജൈവ പച്ചക്കറികൾ ലഭ്യമാക്കുന്നത്. വരവൂർ കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെങ്ങാലിക്കോടൻ ഗ്രോവേഴ്സ് അസോസിയേഷൻ, വരവൂർ കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകൾ, നടുവട്ടം പച്ചക്കറി ക്ലസ്റ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളെയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്.
വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ചെങ്ങാലിക്കോടൻ ഗ്രോവേഴ്സ് അസോസിയേഷൻ അംഗം പി ഷിനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് ബസന്ത്ലാൽ, വൈസ് പ്രസിഡണ്ട് പി പി സുനിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ഖദീജ ടീച്ചർ, സഹകരണസംഘം പ്രസിഡണ്ട് വി കെ രവീന്ദ്രനാഥ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ മോഹനൻ, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സി ഗോപകുമാർ, ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് വി സദാശിവൻ, ട്രഷറർ കെ എസ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
- Log in to post comments