Skip to main content

നിലമ്പൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

 

* തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തില്‍ ശുചീകരണം
   സജീവം
* കിണറുകളും വീടുകളും ശൂചീകരിച്ചു

    പ്രളയം ഏറ്റവുമധികം ബാധിച്ച നിലമ്പൂരിലെ പോത്തുകല്‍ ഗ്രാമപഞ്ചായത്തില്‍ തിരുവനന്തപുരം ജില്ല ആസൂത്രണസമിതിയുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടരുന്നു.  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രണ്ടു ദിവസമായി തുടരുന്ന സംഘം 122 കിണറുകളും നിരവധി വീടുകളും ശുചീകരിച്ചുകഴിഞ്ഞതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. 225 ഓളം പേര്‍ സംഘത്തിലുണ്ട്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രന്‍, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് അജിതകുമാരി, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്കോട് മധു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ് ബിജു എന്നിവര്‍ സജീവമായി സംഘാംഗങ്ങള്‍ക്കൊപ്പമുണ്ട്. വെള്ളപ്പൊക്കക്കെടുതി രൂക്ഷമായി അനുഭവിക്കുന്ന പ്രദേശത്ത് സംഘാംഗങ്ങളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്കിടയിലും സന്നദ്ധപ്രവര്‍ത്തകര്‍ക്കിടയിലും ഏറെ മതിപ്പുളവാക്കിയിട്ടുണ്ട്.
(പി.ആര്‍.പി. 932/2019)

 

date