Skip to main content

ജില്ലാതല റിസോഴ്‌സ് ഗ്രൂപ്പിന്റെ ഏകദിന പരിശീലനം

 

    ക്ലാസ് മുറികളില്‍ ലൈബ്രറി സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാതല റിസോഴ്‌സ് ഗ്രൂപ്പിന്റെ ഏകദിന പരിശീലനം  ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. 'വായന മികവ് - അക്കാദമിക മികവ് എല്ലാ സ്‌കൂളുകളിലും ക്ലാസ് ലൈബ്രറി' എന്നതായിരുന്നു പരിശീലന വിഷയം. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ക്ലാസ് മുറിയിലും അന്വേഷണപഠനത്തിനും അധികവായനയ്ക്കും സഹായകമായ പുസ്തകങ്ങളുണ്ടാകും. ജില്ലയിലെ 900 സ്‌കൂളുകളിലെ ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള പതിനായിരത്തിലധികം ക്ലാസ് മുറികളില്‍ ലൈബ്രറി സജ്ജീകരിച്ച് രാജ്യത്തെ സമ്പൂര്‍ണ ക്ലാസ് ലൈബ്രറിയുള്ള ജില്ലയായി മാറുകയാണ്  ലക്ഷ്യം. പദ്ധതി ഫലപ്രദമായി നടത്തുന്നതിനായി അധ്യാപകര്‍ക്കും 20,000 കുട്ടി ലൈബ്രെറിയന്‍മാര്‍ക്കും പരിശീലനം നല്‍കും. സാമൂഹിക പങ്കാളിത്തത്തോടെ പുസ്തകങ്ങള്‍ ശേഖരിച്ചു ചിട്ടപ്പെടുത്തും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,ജില്ലാ ലൈബ്രറി കൗണ്‍സില്‍,ജനപ്രതിനിധികള്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, സംഘടനകള്‍ തുടങ്ങിയവര്‍  കൂട്ടായ്മയായി ഒപ്പം പ്രവര്‍ത്തിക്കും.

    ഡോ. ഗീതാലക്ഷ്മി കെ, ഡോ.മുഹമ്മദ് കബീര്‍ എ, ഡോ. സുലഭ വി, വി അജയകുമാര്‍, എം.എസ്. സുരേഷ് ബാബു, സുനില്‍കുമാര്‍ എ.പി എന്നിവരുടെ നേതൃത്വത്തിലാണ് ഏകദിന പരിശീലനം നടന്നത്.  പൊതു വിദ്യാഭ്യാസ സംരക്ഷണ  യജ്ഞം ജില്ലാ കോഡിനേറ്റര്‍ എസ് ജവാദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. മനോജ് കുമാര്‍, ക്ലാസ് ലൈബ്രറി കോ ഓര്‍ഡിനേറ്റര്‍ എം. ഷാജഹാന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ഗീത നായര്‍, ബി.ആര്‍.സി. പരിശീലകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 936/2019)

 

date