അമൃത് പദ്ധതി നിർവഹണ പുരോഗതിയിൽ കേന്ദ്രനഗരകാര്യ മന്ത്രാലയ സെക്രട്ടറി തൃപ്തി രേഖപ്പെടുത്തി
കേരളത്തിലെ ആറ് കോർപ്പറേഷനുകളിലും ആലപ്പുഴ, ഗുരുവായൂർ, പാലക്കാട് മുനിസിപ്പാലിറ്റികളിലും നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ നിർവഹണ പുരോഗതിയിൽ കേന്ദ്ര നഗരകാര്യ മന്ത്രാലയ സെക്രട്ടറി ദുർഗാശങ്കർമിശ്ര തൃപ്തി അറിയിച്ചു. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തൃപ്തി രേഖപ്പെടുത്തിയത്. ചീഫ് സെക്രട്ടറി ടോം ജോസ്, തദേശസ്വയം ഭരണവകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ടി.കെ.ജോസ്, അമൃത് മിഷൻ ഡയറക്ടർ ആർ. ഗിരിജ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
കേരളത്തിൽ 2015 സെപ്റ്റംബർ ഒന്നിനാണ് അമൃത് പദ്ധതി ആരംഭിച്ചത്. 2357.66 കോടി രൂപയുടെ 1024 പദ്ധതികൾക്കാണ് കേന്ദ്ര സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചത്. ഇതിൽ 2248.82 കോടി രൂപയുടെ 1023 പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. 2127.86 കോടി രൂപയുടെ 1017 പദ്ധതികൾക്ക് സാങ്കേതികാനുമതി ലഭിച്ചു. 2117.48 കോടി രൂപയുടെ 1016 പദ്ധതികൾ ടെണ്ടർ നടപടികൾ പൂർത്തിയാക്കി. 1605.99 കോടി രൂപയുടെ 951 പദ്ധതികൾക്ക് വർക്ക് അവാർഡ് ചെയ്തു. 275 പദ്ധതികൾ പൂർത്തീകരിച്ചു. 513.95 കോടി രൂപ ഇതുവരെ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് അനുവദിച്ച 232.34 കോടി രൂപ പൂർണ്ണമായും ചെലവഴിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടാം ഗഡുവായി 194.75 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷക്കാലയളവിൽ പദ്ധതി നിർവഹണ പുരോഗതിയിൽ ദേശീയതലത്തിൽ തന്നെ മുൻപന്തിയിലാണ് കേരളം. പദ്ധതി കാലാവധി മാർച്ച് 2020ന് അവസാനിക്കുന്നതിനാൽ എത്രയും വേഗം പദ്ധതികൾ പൂർത്തീകരിക്കുന്നതിനുളള സത്വരനടപടി സ്വീകരിക്കണമെന്ന് കേന്ദ്ര നഗരകാര്യ മന്ത്രാലയ സെക്രട്ടറി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് അമൃത് പദ്ധതിയുടെ കാലാവധി രണ്ട് വർഷം കൂടി നീട്ടുന്നതിന് ശുപാർശ സമർപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര നഗരകാര്യ മന്ത്രാലയ സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്ത് വാട്ടർ സപ്ലൈ, സിവറേജ് തുടങ്ങിയ സെക്ടറുകളിലെ പദ്ധതി പൂർത്തീകരിക്കാൻ 2021 മാർച്ച് വരെ സമയം ആവശ്യമാണെന്നും ശേഷിക്കുന്ന എല്ലാ പദ്ധതികളും 2020 മാർച്ചിൽ പൂർത്തിയാക്കുമെന്നും മിഷൻ ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്.3258/19
- Log in to post comments