പൊതുവിദ്യാലയങ്ങളിലെ ശുചിത്വ നിലവാരം: തദ്ദേശ സ്ഥാപനങ്ങള്‍ ഇടപടണം- ആസൂത്രണ സമിതി
ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ ശക്തമായി ഇടപെടണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ പരിശോധനയ്ക്കായി നിയമിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ ശൗചാലയങ്ങളുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഇതേക്കുറിച്ചുള്ള വിദഗ്ധ സമിതിയുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടല്‍ ആവശ്യമാണ്. ആദ്യപടി എന്ന നിലയില്‍ സ്‌കൂളുകള്‍ക്ക് അത്യാധുനിക സംവിധാനങ്ങളുള്ള ക്ലീനിംഗ് കിറ്റുകള്‍ നല്‍കാനാണ് ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.
പ്ലാസ്റ്റിക് കവറുകള്‍, ഫ്‌ളക്‌സ്, ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. ചില ഔദ്യോഗിക പരിപാടികളിലെങ്കിലും ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ശ്രദ്ധവേണമെന്നും പ്രസിഡണ്ട് പറഞ്ഞു. സ്‌കൂളുകളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്ന പദ്ധതിയില്‍ കൃത്യമായ ആസൂത്രണം വേണം. വീടുകളിലെ മാലിന്യങ്ങള്‍ മുഴുവന്‍ ബൂത്തിലെത്തുന്ന സ്ഥിതിയുണ്ടാവരുത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവരുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബൂത്തുകള്‍ സ്ഥാപിക്കണം. ഇതിനായി എയ്ഡഡ് സ്‌കൂളുകളുടെ യോഗം വിളിക്കണമെന്നും കെ വി സുമേഷ് നിര്‍ദേശിച്ചു.
ആസൂത്രണ സമിതി കൈകൊള്ളുന്ന തീരുമാനങ്ങള്‍ താഴെതട്ടുകളിലേക്കെത്തിക്കേണ്ട ഉത്തരവാദിത്വം ജില്ലാതല ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇത് നിര്‍ബന്ധമായും ചെയ്യണം. ആസൂത്രണ സമിതി തീരുമാനം രേഖയായി ലഭിച്ചാല്‍ മാത്രമേ നടപടി കൈകൊള്ളൂവെന്ന സമീപനം പാടില്ല. ഇത് പദ്ധതികളെ സാരമായി ബാധിക്കുന്നുണ്ട്. ഡി പി സി യോഗത്തില്‍ കൈകൊള്ളുന്ന തീരുമാനങ്ങള്‍ ഭരണഘടനാ പരമാണ്. ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ആഗസ്തില്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
വ്യക്തിപരമായ താല്‍പര്യങ്ങള്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ കാണിക്കരുത്. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരില്‍ നിന്നും ഇത്തരത്തില്‍ പരാതിയുയര്‍ന്നിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കര്‍ശനമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തിന്റെ പദ്ധതികള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. ജില്ലാതല ഓഫീസര്‍മാര്‍ ആസൂത്രണ സമിതി യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നത് ആശാസ്യമല്ല. യോഗത്തില്‍ പങ്കെടുക്കാത്ത തദ്ദേശ സ്വയംഭരണ സെക്രട്ടറി, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കാനും യോഗം തീരുമാനിച്ചു.
1369 കുടുംബങ്ങള്‍ക്ക് ജില്ലയില്‍ ശൗചാലയമില്ലെന്ന് ശുചിത്വ മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ആളുകളുള്ള തദ്ദേശ സ്ഥാപനങ്ങള്‍ 30 ന് മുമ്പ് പദ്ധതി ഭേദഗതിക്ക് സമര്‍പ്പിക്കണം. ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് 12000 രൂപ ശുചിത്വമിഷന്‍ നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് യോഗത്തില്‍ അറിയിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും 25 വീതം പേര്‍ക്ക് പരിശീലനം നല്‍കും. പ്രഥമശുശ്രൂഷ, ഫയര്‍ ആന്റ് റസ്‌ക്യൂ, റോഡ് സുരക്ഷ എന്നീ വിഷയങ്ങളിലാകും ഏകദിന പരിശീലനം. രണ്ട് പഞ്ചായത്തുകള്‍ക്കാണ് ഒരു സമയം പരിശീലനം നല്‍കുക. പരിശീലനം നല്‍കുന്നതിന് ഓരോ പഞ്ചായത്തുകളും 25 വീതം ആളുകളുടെ പേര് എത്രയും പെട്ടെന്ന് നിര്‍ദേശിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അങ്കണവാടി ജീവനക്കാര്‍ക്ക് ഓണറേറിയം നല്‍കുന്നതിന് എല്ലാ പഞ്ചായത്തുകളും തുക മാറ്റിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ലൈഫ് മിഷന്‍ പദ്ധതി മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കാന്‍ സമിതി മെമ്പര്‍ സെക്രട്ടറിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് തദ്ദേശ സ്വയംഭരണ സ്ഥാപന മേലധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനാവശ്യമായ നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട ഉപഭോക്താക്കളുടെ അര്‍ഹത പരിശോധന എത്രയും പെട്ടെന്ന് തീര്‍ക്കണമെന്നും കലക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ശുചിത്വം ഉറപ്പുവരുത്തുന്നതിന് ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്‌പെഷല്‍ ഡ്രൈവ് നടത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
13 പഞ്ചായത്തുകളുടെ പദ്ധതി ഭേദഗതികള്‍ക്ക് ആസൂത്രണ സമിതി യോഗം അംഗീകരം നല്‍കി. ആസൂത്രണ സമിതി അംഗങ്ങളായ വൈസ് പ്രസിഡണ്ട് പി പി ദിവ്യ, കെ പി ജയബാലന്‍, ടി ടി റംല, അജിത്ത് മാട്ടൂല്‍, പി ജാനകി, പി ഗൗരി, കെ ശോഭ, കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments