Skip to main content

ആലപ്പുഴയുടെ ഹൃദയം തോട്ടറിഞ്ഞ സബ്കളക്ടര്‍ ഇന്ന് പടിയിറങ്ങും, പുതിയ ദൗത്യത്തിലേക്ക്

(ചിത്രമുണ്ട്)

ആലപ്പുഴ: ജില്ലയിലെ പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അവിശ്വസനീയമായ ഗതിവേഗം നല്‍കിയ സബ്കളക്ടര്‍ ഇന്ന് പടിയിറങ്ങും. ഐ.ആം ഫോര്‍ ആലപ്പിയുടെ വഴികാട്ടിയും ഉപജ്ഞാതാവുമായ ആലപ്പുഴയുടെ സബ്കളക്ടര്‍   വി.ആര്‍. കൃഷ്ണ തേജ  ഇന്ന് തന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിടുതല്‍ ചെയ്ത് തിങ്കളാഴ്ച പുതിയ പദവി ഏറ്റെടുക്കും. ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വ്യക്തികള്‍, സംഘടനകള്‍ എന്നിവയുടേയും സഹകരണത്തോടെ നടന്നു വരുന്ന 'ഐആംഫോര്‍ആലപ്പി' പദ്ധതി വഴി  പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്  പുത്തനുണര്‍വ് നല്‍കിയ സംതൃപ്തിയോടെയാണ് അദ്ദേഹം മടങ്ങുന്നത്.  

2018 സെപ്റ്റംബര്‍ 5ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരനാണ് ഐ ആം ഫോര്‍ ആലപ്പി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചതെന്ന്് സബ്കളക്ടര്‍ പറഞ്ഞു.  ക്യാംപയിന്‍ തീം സോങ്ങിന്റെ പ്രകാശനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കാണ് നിര്‍വഹിച്ചത്. പ്രളയാനന്തര പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കേവലം ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും തുടങ്ങിയ ആശയമാണ് ഇന്ന് ലക്ഷത്തിന് മുകളില്‍   വരുന്ന ആളുകള്‍ക്ക് സഹായം ലഭിക്കാന്‍ കാരണമായത്. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ അംഗനവാടിയുടെ നവീകരണവുമായി ബന്ധപ്പെട്ട് ആദ്യ ഫേസ്ബുക്ക് പോസ്റ്റിട്ട് ആറ് മണിക്കൂറിനകം തന്നെ അതിന്റെ നിര്‍മ്മാണ ചെലവുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായി ആളുകള്‍ മുന്നോട്ട് വന്നതോടെയാണ്  പദ്ധതി കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ നടപ്പില്‍ വരുത്താനുള്ള ആത്മവിശ്വാസം ലഭിച്ചതെന്ന സബ് കളക്ടര്‍ പറഞ്ഞു.
രാജ്യാന്തര തരത്തില്‍ തന്നെ മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് ഐആംഫോര്‍ആലപ്പിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. പ്രളയത്തില്‍ സര്‍വ്വതും പുഴ കവര്‍ന്നെടുക്കുന്നതിന് മുന്നില്‍ കാഴ്ച്ചക്കാരായി മാത്രം നില്‍ക്കേണ്ടി വന്നവര്‍ക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ നല്‍കിക്കൊണ്ടാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി വ്യക്തികളും, സംഘടനകളും, സിനിമാ പ്രവര്‍ത്തകരുമുള്‍പ്പടെ നൂറു കണക്കിന് ആളുകളുടെ സഹായത്തോടെയാണ് ഇവയെല്ലാം പൂര്‍ത്തിയാക്കുന്നത്. ആന്ധ്രാ സ്വദേശിയായ സബ് കളക്ടറുടെ വ്യക്തിബന്ധങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നിരവധി ആളുകളാണ് കേരളത്തിലെത്തി ഇവിടുത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഐആംഫോര്‍ആലപ്പി വഴി ഭാഗഭാക്കാവുന്നത്. ഈ പദ്ധതിയിലൂടെ സഹായിക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരുന്ന വ്യക്തികള്‍ നേരിട്ടാണ് ഗുണഭോക്താക്കള്‍ക്കുള്ള സഹായങ്ങള്‍ കൈമാറുന്നുവെന്നത്  പദ്ധതിയെ കൂടുതല്‍ സുതാര്യമാക്കുന്നു. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ജില്ലയുടെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും നേരിട്ട് കണ്ടെത്തുന്നവര്‍ക്കാണ് നിലവില്‍ ഐആംഫോര്‍ആലപ്പി വഴി സഹായമെത്തിച്ചുകൊണ്ടിരിക്കുന്നത്. ഐആംഫോര്‍ആലപ്പി എന്ന ഫേസ്ബുക്ക് പേജിനെ രാജ്യാന്തര തലത്തില്‍ മാതൃകയാക്കാവുന്ന പുനരധിവാസ പദ്ധതികളില്‍ ഒന്നായി ഫേസ്ബുക്ക് അധികൃതര്‍ കണ്ടെത്തുകയും പദ്ധതിയുടെ പിതാവായ സബ് കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഐ.എ.എസിനെ ആദരിക്കുകയും ചെയ്തിരുന്നു.

തന്റെ ആദ്യ പോസ്റ്റിങ്ങില്‍ തന്നെ ഇത്തരത്തില്‍ ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടത്തിയ സബ് കളക്ടര്‍ കൃഷ്ണ തേജ ചുമതല ഒഴിഞ്ഞ് വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ ചുമതലിയേക്ക് പോകുകയാണ്. ജില്ലയില്‍ നിന്നും സ്ഥലം മാറി പോകുന്നെങ്കിലും തുടര്‍ന്നും അടുത്ത സബ് കളക്ടറായി വരുന്ന ആളിലൂടെ ഐആംഫോര്‍ ആലപ്പി പദ്ധതി മുന്നോട്ട് കൊണ്ട് പോകുമെന്നും കൂടുതല്‍ ആളുകള്‍ക്ക് സഹായം എത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു. ആഡ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ ഇദ്ദേഹം 2016 ഒക്ടോബര്‍ 14നാണ് ആലപ്പുഴയുടെ സബ് കളക്ടറായി ചുമതല ഏറ്റെടുത്തത്. 2015 ഐഎഎസ് ബാച്ചിലെ 66-ാം റാങ്കുകാരനാണ്. മൈലാവരപ്പ് ശിവാനന്ദ കുമാറിന്റേയും ഭുവനേശ്വരി മൈലാവരപ്പിന്റേയും മകനാണ് കൃഷ്ണ തേജ. അനുപുമാ നൂളി സഹോദരിയാണ്. ഭാര്യ രാഗദീപ മൈലാവരപ്പിനും മകന്‍ റിഷിത് നന്ദ മൈലാവരപ്പും ഇദ്ദേഹത്തിനൊപ്പം ആലപ്പുഴയിലാണ് താമസം. ജെഎന്‍ടിയു കാക്കിനടാ കോളജില്‍ നിന്നും റാങ്കോടെ എഞ്ചിനീയറിംഗ് പാസ്സായി സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റവെയര്‍ എഞ്ചിയനീയറായി ജോലി ചെയ്യുമ്പോഴാണ് സിവില്‍ സര്‍വ്വീസ് ലഭിക്കുന്നത്. രണ്ട് വര്‍ഷം നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ച് ആലപ്പുഴുയെടെ സ്വന്തം വള്ളംകളിയെ നയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു.

വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ഭവനങ്ങള്‍, അംഗനവാടികള്‍, ക്ഷീരകര്‍ഷകര്‍ക്കാവശ്യമായ പശു, ആട്, താറാവ്, കോഴി, തുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍, വിധവകള്‍, കൂലിപ്പണിക്കാര്‍ തുടങ്ങിയവര്‍ക്കുള്ള ഉപജീവന മാര്‍ഗ്ഗങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സഹായങ്ങള്‍, സ്‌കൂളുകള്‍ക്കുള്ള ശുദ്ധജല കുടിവെള്ള പ്ലാന്റുകള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കില്‍, പഠനോപകരണങ്ങള്‍ എന്നിവയാണ് ഈ പദ്ധതി വഴി ജില്ലയിലുടനീളം വിതരണം ചെയ്തു വരുന്നത്.

ബാഹുബലി ടീം, റാമോജി ഫിലിം സിറ്റി, ശ്രീ സത്യ സായ് സേവാ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് വിഷന്‍, ആസ്റ്റര്‍ മെഡിസിറ്റി, ജോയ് ആലുക്കാസ്, അഭയ ഫൗണ്ടേഷന്‍, ഇസാഫ് ബാങ്ക്, രാമചന്ദ്ര മിഷന്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, സ്‌മൈല്‍ ഫൗണ്ടേഷന്‍, രാമകൃഷ്ണമഠം,  എസ്.യു.ഇ.എസ്., എ.പി.യു.എസ്.എം.എ., ചലചിത്ര താരങ്ങളായ അല്ലു അര്‍ജുന്‍, ജയറാം, മഞ്ജു വാര്യര്‍, കെ.എസ്. ചിത്ര, മല്ലികാ സുകുമാരന്‍, അനു സിത്താര, രാജീവ് കനകല, സുമ കനകല തുടങ്ങിയവരുള്‍പ്പടെയുള്ളവരുടെ സഹായത്തോടെയാണ് ഐആംഫോര്‍ആലപ്പി ജില്ലയിലുടനീളം വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നത്.  

500 വെള്ളപ്പൊക്ക പ്രതിരോധ വീടുകള്‍:

പ്രളയത്തില്‍ പൂര്‍ണ്ണമായി വീടുകള്‍ തകര്‍ന്നവരില്‍ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 500 വീടുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഐആംഫോര്‍ആലപ്പി വഴി നിര്‍മ്മിച്ചു നല്‍ക്കുന്നത്. ഇവയില്‍ 400 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. ആറ് ലക്ഷം രൂപ ചെലവില്‍  രണ്ട് കിടപ്പുമുറികള്‍, സ്വീകരണ മുറി, അടുക്കള്‍, ശുചിമുറി എന്നിവയുള്‍പ്പടെ 430 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളത്. പെയിന്റിംഗ് ഉള്‍പ്പടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഓരോ വീടിന്റേയും താക്കോല്‍ ദാനം നിര്‍വ്വഹിച്ചത്. ഇതില്‍ 140 വീടുകളുടെ നിര്‍മ്മാണ ചുമതല കുടുംബശ്രീയുടെ വനിതാ നിര്‍മ്മാണ യൂണിറ്റിനാണ്. അമ്പലപ്പുഴയില്‍ സത്യസായി സേവാ ട്രസ്റ്റിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച 14 വീടുകള്‍ അവസാന വട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ്. ഇതിന്റെ താക്കോല്‍ദാനം ഉടന്‍ നിര്‍വ്വഹിക്കും. ഭുനിരപ്പില്‍ നിന്നും ഒന്നര മീറ്റര്‍ ഉയരത്തില്‍ തൂണുകളിലാണ് ഈ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കന്നുകാലി കര്‍ഷകര്‍ക്കും സഹായമേകാന്‍ ഐ ആം ഫോര്‍ ആലപ്പിയ്ക്കായി.  138 ഗര്‍ഭിണികളായ കറവ പശുവിനെയാണ് ഇതുവരെ വിതരണം ചെയ്തത്. ചലചിത്രതാരം മല്ലികാ സുകുമാരന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ പദ്ധതി വഴി ഗുണഭോക്താക്കള്‍ക്ക്  കന്നുകാലികളെ സംഭാവന ചെയ്തു. ക്ഷീര വികസന വകുപ്പ് തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമുള്ള ആളുകള്‍ക്കാണ് പശുക്കളെ ലഭിച്ചത്.

ഉപജീവനതത്തിനുള്ള സഹായം:
പതിനായിരത്തോളം ആളുകള്‍ക്കാണ് പ്രളയാനന്തരം ഐആംഫോര്‍ആലപ്പിയിലൂടെ ഉപജീവനത്തിനുള്ള സഹായം ലഭിച്ചത്. 1000 കോഴിക്കൂടുകള്‍ (15 ഓളം കോഴികള്‍ ഉള്‍പ്പടെ), 423 ഉള്‍നാടന്‍ മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യ ബന്ധന വള്ളങ്ങള്‍, 250 മത്സ്യ ബന്ധന വലകള്‍, തയ്യല്‍ മെഷീനുകള്‍, ഡ്രില്ലിംഗ് മെഷീനുകള്‍, പുല്ല് ചെത്താനുള്ള യന്ത്രങ്ങള്‍, തെങ്ങുകയറ്റ യന്ത്രങ്ങള്‍, വാദ്യമേളക്കാര്‍ക്ക് ആവശ്യമായ ചെണ്ടകള്‍, 1000 ആട്, താറാവ്, തുടങ്ങിയവ പദ്ധതി വഴി നല്‍കി. ആലപ്പുഴ ജില്ലയില്‍ മാത്രമാണ് മത്സ്യ ബന്ധന വള്ളങ്ങള്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും വള്ളങ്ങള്‍ ലഭിച്ചത്.

175 അംഗനവാടികള്‍ക്കുള്ള സഹായം
പ്രളയത്തില്‍ അകപ്പെട്ട് ജില്ലയില്‍ 33 അംഗനവാടികള്‍ പൂര്‍ണ്ണമായും നൂറ് കണക്കിന് അംഗനവാടികള്‍ ഭാഗികമായും തകര്‍ന്നിരുന്നു. ഇതില്‍ 175 അംഗനവാടികളാണ് ഐആംഫോര്‍ആലപ്പി വഴി പുനര്‍ നിര്‍മ്മിച്ചു നല്‍കിയത്. ആധുനിക നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കിയ അംഗനവാടികളില്‍ കുട്ടികള്‍ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അല്ലു അര്‍ജുന്‍ ഉള്‍പ്പടെയുള്ള ആളുകളുടെയും സംഘടനകളുടേയും സഹായത്തോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള അംഗനവാടികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.

വിദ്യാഭ്യാസ മേഖലയിലും
പ്രളയത്തില്‍ കുട്ടനാട്ട്, ചെങ്ങന്നൂര്‍ എന്നീ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായതോടെ ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെ പഠനോപകരണങ്ങള്‍ സര്‍വ്വതും നശിച്ചിരുന്നു. ഐആംഫോര്‍ആലപ്പി വഴി ജില്ലയിലെ 57,000 കുട്ടികള്‍ക്കാണ് സൗജന്യമായി സ്‌കൂള്‍ ബാഗുകള്‍ ഉള്‍പ്പടെയുള്ള പഠനോപകരണങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്. 500 സൈക്കിളുകള്‍, 315 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നിവയും നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റേയും പ്രളയബാധിത വിദ്യാഭ്യാസ ഉപജില്ലകളിലെ എ.ഇ.ഒ. മാരില്‍ നിന്നും ശേഖരിച്ച കണക്കിന്റേയും അടിസ്ഥാനത്തിലാണ് ഇവ വിതരണം ചെയ്തത്. കൂടാതെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലും വാട്ടര്‍ പ്യൂരിഫയറുകള്‍ സ്ഥാപിച്ചു നല്‍കുന്ന പദ്ധതിയും നടന്നു വരുന്നു. കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് നാശനഷ്ടമുണ്ടായ സ്‌കൂളുകള്‍ക്കായി 42 കമ്പ്യൂട്ടര്‍ ലാബുകളും ഐആംഫോര്‍ആലപ്പി വഴി സജ്ജീകരിച്ചു നല്‍കി. 40 സ്‌കൂളുകളും ഇതിന്റെ ഭാഗമായി നവീകരിച്ചിട്ടുണ്ട്.  

ഭിന്നശേഷിക്കാരെയും ഒപ്പം കൂട്ടി:
 പ്രളയ ശേഷം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. ഭിന്നശേഷിക്കാര്‍ക്കാവശ്യമായ വീല്‍ചെയറുകള്‍, ക്രച്ചസുകള്‍, ശ്രവണ സഹായി, കൃത്രിമ കൈകാലുകള്‍, മലവിസര്‍ജ്ജന പാത്രങ്ങള്‍ എന്നിവയും വിതരണം ചെയ്തു. 2000 ഭിന്നശേഷിക്കാരായ ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഡിസംബര്‍ 3ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ ഭിന്നശേഷിക്കാരായ ആളുകളെ പങ്കെടുപ്പിച്ച് ആലപ്പുഴ ബീച്ചില്‍ ഒത്തുചേരലും സംഘടിപ്പിച്ചിരുന്നു. ഐ ആം ഫോര്‍ ആലപ്പി സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് എല്ലാത്തരം ആളുകള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ്് നടത്തിയിരുന്നു. കൗണ്‍സലിംഗ് ആവശ്യമായവര്‍ക്കുള്ള കൗണ്‍സലിംഗും ഇതിന്റെ ഭാഗമായി നടത്തി. ഇത് കൂടാതെ കുട്ടനാട്ടില്‍ മാത്രമായി 12ഉം ചെങ്ങന്നൂരില്‍ 4ഉം മെഡിക്കല്‍ ക്യാമ്പുകള്‍ ഇതുവരെ നടത്തി. ആയിരത്തിലധികം ആളുകളാണ് ഓരോ മെഡിക്കല്‍ ക്യാമ്പിലും പങ്കെടുത്ത് ആരോഗ്യ സംരക്ഷണം ഉറപ്പാക്കിയത്.

വിധവകള്‍ക്കായി പ്രത്യേക പദ്ധതികള്‍:
കുട്ടനാട് താലൂക്കിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ കണ്ടെത്തിയ വിധവാ പെന്‍ഷന്‍ വാങ്ങുന്ന 5000 വിധവകള്‍ക്കാണ് ഐആംഫോര്‍ആലപ്പി വഴി സഹായം ലഭിച്ചത്. അടുക്കളയിലേക്കാവശ്യമായ പാത്രങ്ങള്‍ അടക്കമുള്ള ഉപകരണങ്ങള്‍, വീട്ടിലെ കുടിവെള്ളം ശുചീകരിക്കുന്നതിനുള്ള യന്ത്രങ്ങള്‍, കിടക്ക, ബെഡ് ഷീറ്റുകള്‍, ബക്കറ്റ്, തുടങ്ങി ഒരു വീട്ടിലേക്കാവശ്യമായ ഉപകരണങ്ങളാണ് വിവിധ ഏജന്‍സികളുടെ സഹായത്തോടെ വിതരണം ചെയ്തത്. രാമങ്കരി, തകഴി, കാവാലം, നീലംപേരൂര്‍, കൈനകരി, എടത്വാ, മുട്ടാര്‍, തലവടി, വെളിയനാട്, ചമ്പക്കുളം, നെടുമുടി, പുളിങ്കുന്ന്, വെണ്മണി എന്നിവിടങ്ങളിലെ 5654 വിധവകള്‍ക്കാണ് ഇവ ലഭിച്ചത്. ആയിരങ്ങള്‍ക്ക് സഹായം നല്‍കിയതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് സബ് കളക്ടര്‍ പുതിയ ദൗത്യത്തിലേക്ക് കാല്‍വെക്കുന്നത്.

 

date