Skip to main content

മലപ്പുറത്തെ സമ്പൂര്‍ണ്ണ പുകയില രഹിത ജില്ലയായി പ്രഖ്യാപിക്കാനൊരുങ്ങി ആരോഗ്യവകുപ്പ് സ്‌ക്വാഡുകള്‍ രൂപീകരിക്കും

സമ്പൂര്‍ണ്ണ പുകയില നിയന്ത്രണ ജില്ലയായി മലപ്പുറത്തെ പ്രഖ്യാപിക്കുന്നതിനായി സമഗ്ര പദ്ധതികളുമായി ആരോഗ്യവകുപ്പ്. ദേശീയ പുകയില നിയന്ത്രണ പരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോകിപ്പിച്ചാണ്  പുകയില നിയന്ത്രണ പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനും മോണിറ്ററിങ് ചെയ്യുന്നതിനുമായി ജില്ലാതലത്തില്‍ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി  നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു കൊണ്ട് ജില്ലാതല സ്‌ക്വാഡും രൂപീകരിക്കും.
പുകയില നിയന്ത്രണ സംബന്ധമായി നോഡല്‍ ഓഫീസര്‍മാര്‍ക്ക് തുടര്‍ച്ചയായി പരിശീലനം നല്‍കുകയും ജില്ലാതല യോഗങ്ങളില്‍ ക്യത്യമായ റിപ്പോര്‍ട്ടിങും ഉറപ്പുവരുത്തും. പദ്ധതി നടപ്പിലാക്കുന്നതിനായി ജില്ലാതലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. ജില്ലാതലത്തില്‍ പുകയില നിയന്ത്രണ പരിപാടിയുടെ ഏകോപനം ജില്ലാമെഡിക്കല്‍ ഓഫീസര്‍ക്കാണ്. സൂപ്രണ്ട് ഓഫ് പൊലീസ്, ജില്ലാവിദ്യാഭ്യാസ ഓഫീസര്‍, സെയില്‍സ് ടാക്സ് ഓഫീസര്‍, ബ്ലോക്ക് ഡവല്പ്മെന്റ് ഓഫീസര്‍മാര്‍, മുന്‍സിപ്പല്‍ ഹെല്‍ത്ത് ഓഫീസര്‍, വിവിധ കോളജ്/സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, അഗ്രികള്‍ച്ചറല്‍ എക്സ്റ്റഷന്‍ ഓഫീസര്‍മാര്‍, ഭക്ഷ്യ സുരക്ഷാ പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി.
പരിപാടികളുടെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരാഴ്ച നീണ്ടു  നില്‍ക്കുന്ന ജില്ലാതല ക്യാമ്പയിന്‍ സംഘടിപ്പിക്കും.  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വില്‍പ്പനകേന്ദ്രങ്ങളിലും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, വില്‍പ്പന, വിതരണം പരസ്യങ്ങള്‍ എന്നിവ കര്‍ശനമായി നിരോധിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പുകയില രഹിത സ്ഥലം എന്ന സൂചനാ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും. പുകയില ഉപയോഗം തടയുന്നതിനായി സ്റ്റുഡന്‍സ് പൊലീസ് കേഡറ്റിന്റെ പ്രവര്‍ത്തനം ശക്തമാക്കും. ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
 എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് തടയും. മുന്‍സിപ്പല്‍ ഹെല്‍ത്ത് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍  തെരുവോരങ്ങളില്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍  പരിശോധന നടത്തി അത്തരം ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വില്‍പ്പന കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കും.  പുകയില വില്‍പ്പന കേന്ദ്രങ്ങള്‍ നിരോധിക്കുക വഴി ക്യാന്‍സര്‍ രഹിത ജില്ലായായി പ്രഖ്യാപിക്കാനുള്ള പദ്ധതിയുമുണ്ട്. 
പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളും ആകര്‍ഷകമായ പ്രദര്‍ശനങ്ങളും   ഒരുക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായി നടപടി സ്വീകരിക്കും. പുക വലിക്കാനുള്ള സൗകര്യം ഒരുക്കുന്നവരരെ കര്‍ശനമായി നിരീക്ഷിക്കും. ജില്ലയിലെ മുഴുവന്‍ വ്യാപാരികളെയും ഉള്‍പ്പെടുത്തി ബോധവ്തക്കരണ പരിപാടികളും സംഘടിപ്പിക്കും. ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ തുടങ്ങിയ പെതുസ്ഥലങ്ങളിലെ പുകവലി കര്‍ശനമായി നിരോധിക്കും. ബസ്‌കാത്തിരിപ്പ് കേന്ദ്രങ്ങളുടെ സമീപ പ്രദേശം പുകവലി ഹബ്ബാക്കി മാറ്റും.  ജില്ലയിലെ കടകളില്‍ പുകയില വില്‍ക്കുന്നതിന്  ലൈസന്‍സ് ഏര്‍പ്പടുത്തും. അതത് പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ തുടങ്ങിയവര്‍ക്കാണ് ലൈസന്‍സ് നല്‍കാനുള്ള അനുമതി. ലൈസന്‍സ് നല്‍കുമ്പോള്‍ പുകയില നിയന്ത്രണ നിയമ നിബന്ധനകള്‍ പാലിക്കുമെന്ന സാക്ഷ്യപത്രം കട ഉടമകള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കണം.
ജില്ലാകലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ പി.മുരളീധരന്‍, ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.പി അഹമ്മദ് അഫ്സല്‍, ആര്‍ദ്രം ജില്ലാകോര്‍ഡിനേറ്റര്‍ ഡോ.ഫിറോസ് ഖാന്‍ തുടങ്ങി ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
 

date