മനസിന്റെ ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തണം: കെ വി സുമേഷ് ലോക മാനസികാരോഗ്യ ദിനം ആചരിച്ചു
ശാരീരികാരോഗ്യത്തില്‍ കാണിക്കുന്ന ശ്രദ്ധ മനസ്സിന്റെ ആരോഗ്യത്തില്‍ ആരും പുലര്‍ത്തുന്നില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വം മറന്നുപോകുന്നവരായി മലയാളി ഇക്കാലത്ത് മാറുന്നുവെന്നും നിയമസംവിധാനത്തോട് പലര്‍ക്കും ബഹുമാനമില്ലെന്നും കെ വി സുമേഷ് പറഞ്ഞു.
വ്യക്തിപരമായ താല്‍പര്യം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആളുകളുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. പൊലീസിന് മുന്നില്‍ പരിചിതമല്ലാത്ത നിരവധി പ്രശ്നങ്ങളാണ് ദിനംപ്രതി കടന്നുവരുന്നത്. പ്രണയം നിരസിച്ചതിന്റെ പേരിലും സ്വാര്‍ത്ഥ താല്‍പര്യം കൊണ്ടും ആളുകള്‍ കൊല ചെയ്യപ്പെടുന്നു. ആവര്‍ത്തിച്ചുള്ള ഇത്തരം സംഭവങ്ങളെ ഗൗരവമായി കാണണം. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും അപരിഷ്‌കൃതമായ മനോഭാവം ഇല്ലായ്മ ചെയ്യുന്നതിനും കൂട്ടായ പരിശ്രമം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസ് സഭാ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ ടി രേഖ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍, എന്‍എച്ച്എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. കെ വി ലതീഷ്, ജില്ലാ മാനസികാരോഗ്യം ഓഫീസര്‍ ഡോ. വിശാല്‍ രാജേന്ദ്രന്‍, നോഡല്‍ ഓഫീസര്‍ ഡോ. ഗൗരവ് പി ശങ്കര്‍, കെപിഎ പ്രസിഡണ്ട് പി വി രാജേഷ്, കെപിഒഎ വൈസ് പ്രസിഡണ്ട് കെ മഹേഷ് കുമാര്‍, കണ്ണൂര്‍ ഗവ. നഴ്സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലൈല രാമത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായി 'ആത്മഹത്യ പ്രതിരോധവും സ്‌ട്രെസ്സ് മാനേജ്‌മെന്റും' എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ മാനസികാരോഗ്യ വിഭാഗം, ജില്ലാ പൊലീസ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
- Log in to post comments