കണ്ണൂര്‍ അറിയിപ്പുകള്
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തോട്ടട ഗവ ഐ ടി ഐ യില്‍ ഷീറ്റ്മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 15 ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2835183.
കെയര്‍ ടേക്കര്‍ ഒഴിവ്
അഴീക്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഒഴിവുള്ള കെയര്‍ ടേക്കര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി എഡും ഉള്ള പുരുഷന്മാര്ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 14 ന് രാവിലെ 11 മണിക്ക് സ്കൂളില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2770474, 9446011738.
ഭരണാനുമതിയായി
സി കൃഷ്ണന് എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലുള്ള കുറ്റൂര്‍ ഗവ. എല്‍ പി സ്കൂളില്‍ അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
എ എന്‍ ഷംസീര്‍ എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും ആറര ലക്ഷം രൂപ വിനിയോഗിച്ച് ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ കുറ്റികുന്നുമ്മല് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
ക്ഷീരകര്‍ഷക പരിശീലനം
കോഴിക്കോട് നടുവട്ടം സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. ഡയറി ഫാം ആസൂത്രണം, ലാഭകരമായ ഡയറിഫാം നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ ഒക്ടോബര്‍ 14 മുതല്‍ 19 വരെയാണ് പരിശീലനം. താല്പര്യമുളളവര് 14 ന് രാവിലെ 10 മണിക്ക് മുമ്പ് ബാങ്ക് പാസ്സ് ബുക്കും ആയതിന്റെ പകര്‍പ്പും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 20 രൂപ രജിസ്ട്രേഷന് ഫീസും സഹിതം ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 0495 2414579.
നാഷണല്‍ ലോക് അദാലത്ത് നാളെ
ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ കേസുകള്‍, പൊതുമേഖല ബാങ്കുകള്‍, ബി എസ് എന്‍ എല്‍, വോഡഫോണ്‍, ടാറ്റ ഫിനാന്‍സ് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍, മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര കേസുകള്‍, രജിസ്ട്രേഷന് വകുപ്പിലെ അണ്ടര്‍ വാല്വേഷന് കേസുകള്‍ എന്നിവ പരിഗണിക്കുന്നതിനായി നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് നാളെ(ഒക്ടോബര്‍ 12) രാവിലെ 10 മണി മുതല്‍ നടക്കും. തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ കോടതി സമുച്ചയങ്ങളില്‍ നടത്തുന്ന അദാലത്തില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചവര്‍ പ്രസ്തുത അറിയിപ്പുമായി കൃത്യസമയത്തുതന്നെ അതത് കോടതികളില്‍ എത്തിച്ചേരണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന ജീവനക്കാര്‍ക്കും ഇവരുടെ ഉന്നമനത്തിനായി മികച്ച സേവനം കാഴ്ച വെക്കുന്ന സ്ഥാപനങ്ങള്‍, ഇത്തരം ആളുകള്‍ക്ക് എറ്റവും കുടുതല്‍ തൊഴില്‍ നല്‍കിയിട്ടുള്ള തൊഴില്ദായകര് എന്നിവര്‍ക്കും 2019 വര്‍ഷത്തേക്കുള്ള സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ അപേക്ഷകന്റെ ഔദ്യോഗിക രംഗത്തെ പ്രവര്‍ത്തനം, മറ്റ് കഴിവുകള്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ (സിഡിയിലും) വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകള്‍, ഫോട്ടോ (പാസ്പോര്‍ട്ട് /ഫുള്‍സൈസ്) വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ളത് എന്നിവ സഹിതവും, സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങളും ഫോട്ടോയും സിഡിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത് ഒക്ടോബര്‍ 20 ന് മുമ്പ് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍-04972712255, വെബ്സൈറ്റ് www.sjd.kerala.gov.in.
പി എന്‍ സി/3568/2019
ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
എസ് സി വി ടി ട്രേഡ് ടെസ്റ്റ് ജൂലൈ 2019 ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. കൂത്തുപറമ്പ് വെ.ഐ ടി ഐ നോട്ടീസ് ബോര്‍ഡിലും www.itikuthuparamba.kerala.gov.in ലും ടൈംടേബിള്‍ ലഭിക്കും. ഫോണ്‍: 0490 2364535.
ദര്‍ഘാസ് ക്ഷണിച്ചു
കല്ല്യാശ്ശേരി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഒക്ടോബര്‍ 24 ന് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0497 2872190.
- Log in to post comments