Skip to main content

അരൂര്‍ ഉപതിരഞ്ഞെടുപ്പ്: 36 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ്

ആലപ്പുഴ: അരൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രശ്‌നബാധിത ബൂത്തുകളിലുള്‍പ്പടെ 36 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്താന്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശം നല്‍കി. ഈ ബൂത്തുകളിലെല്ലാം പോളിംഗ് ജോലികളും വോട്ടെടുപ്പും പൂര്‍ണ്ണമായി വെബ് കാസ്റ്റിംഗ് നടത്തി പ്രവര്‍ത്തനങ്ങള്‍ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വെബ് കാസ്റ്റിംഗ് സംബന്ധിച്ച് ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് തീരുമാനം. ജില്ലയിലെ പ്രശ്‌ന ബാധിത ബൂത്തുകള്‍ 22എണ്ണമാണ്. ആകെ പോളിംഗ് ബൂത്തുകളുടെ ഇരുപത് ശതമാനം വെബ് കാസ്റ്റിംഗ് നടത്താനാണ് തീരുമാനം. നീതിപൂര്‍വ്വവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് വെബ് കാസ്റ്റിംഗ് വഴി ഈ പോളിംഗ് ബൂത്തുകളെ എല്ലാ സമയത്തും നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കും. വെബ് കാസ്റ്റിംഗിനൊപ്പം ഇത്തരം ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍, കേന്ദ്ര അര്‍ദ്ധ സൈനിക സേന എന്നിവരുടെ സാന്നിധ്യവുമുണ്ടാകും. വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിരീക്ഷണ വിധേയമായിരിക്കും. അരൂരിലെ അന്തിമ വോട്ടര്‍ പട്ടിക എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൈമാറിയിട്ടുണ്ട്. അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ ലഭിച്ച പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ക്കുമുള്ള പരിശീലനം ഇന്ന് (11.10.2019) മുതല്‍ ആരംഭിക്കും.

സുഗമമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം: പൊതു നിരീക്ഷക

ആലപ്പുഴ: സുഗമമായും നീതിപൂര്‍വ്വമായും തിരഞ്ഞെടുപ്പ് നടത്താന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷക ഡോ. അരുദ്ധതി ചന്ദ്രശേഖര്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍, വിവിധ കമ്മിറ്റി മേധാവികള്‍ എന്നിവരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശ്ശന നടപടിയെടുക്കണം. മണ്ഡലത്തില്‍ നിരീക്ഷണത്തിനായി ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കാനും നിരീക്ഷക നിര്‍ദ്ദേശം നല്‍കി. ബുത്തിലേക്കുള്ള വഴികള്‍, പോളിംഗ് പരിസരം എന്നിവിടങ്ങളിലും വൈദ്യുതി പോസ്റ്റുകള്‍, മറ്റു സര്‍ക്കാര്‍ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും സ്ഥാപിച്ചിരിക്കുന്ന പ്രചാരണ സാമഗ്രികള്‍, കൊടി- തോരണങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചു. നിയോജകമണ്ഡലത്തില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാവശ്യമായ വെളിച്ചം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും നിരീക്ഷക പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എസ്. ലതി, ചെലവ് നോടല്‍ ഓഫീസര്‍ രജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

അനധികൃത ചിട്ടി: ജാഗ്രത വേണം

ആലപ്പുഴ: സ്വകാര്യ കമ്പനികളുടെ ചിട്ടികളില്‍ ചേരുന്നവര്‍ അവ രജിസ്റ്റര്‍ ചെയ്തതാണെന്ന് ഉറപ്പാക്കണമെന്ന് ജില്ല രജിസ്ട്രാര്‍(ജനറല്‍) അറിയിച്ചു. അതത് സ്ഥലങ്ങളിലെ സബ് രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെടാം. കമ്പനികള്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഫയല്‍ ചെയ്യുന്ന കക്ഷികളുടെ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും സ്ഥാപനം നല്‍കുന്ന ചിട്ടി പാസ്ബുക്കില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ്  ചിറ്റ്സിന്റെ (സബ് രജിസ്ട്രാര്‍) ഒപ്പും സീലും ഉണ്ടെന്നും സ്ഥിരീകരിക്കണം. രജിസ്റ്റര്‍ ചെയ്ത ചിട്ടി ഉടമ്പടിയുടെ പകര്‍പ്പ് വാങ്ങണം. വ്യാജച്ചിട്ടി കമ്പനികളുടെ പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും വഞ്ചിതരാകരുത്. വ്യാജച്ചിട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആലപ്പുഴ ഡപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് ചിറ്റിസിനെ രേഖാമൂലം  അറിയിക്കണം. ബന്ധപ്പെടേണ്ട വിലാസം: ജില്ല രജിസ്ട്രാര്‍ (ജനറല്‍) ഹെഡ് പി. ഒ ആലപ്പുഴ 688001. ഫോണ്‍: 0477-2253257.

മുട്ടക്കോഴിക്കുഞ്ഞ് വിതരണം

ആലപ്പുഴ: ജില്ല വെറ്റിനറി കേന്ദ്രത്തില്‍ നിന്ന് ഒക്‌ടോബര്‍ 14ന് 10 മണിക്ക് 50-60 ദിവസം പ്രായമുളള മുട്ടക്കോഴി കുഞ്ഞുങ്ങളെ കോഴി ഒന്നിന് 110രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ ജില്ലാ വെറ്റിനറി കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 0477 2252635, 9656771796

ഫാക്ടറി ലൈസന്‍സ്
പുതുക്കണം

ആലപ്പുഴ: ജില്ലയിലെ ഫാക്ടറികളുടെ 2020 വര്‍ഷത്തേക്കുള്ള ഫാക്ടറി ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ വകുപ്പിന്റെ വെബ്‌സൈറ്റായ www.fabkerala.gov.in ഒക്ടോബര്‍ 31നകം ഓണ്‍ലൈനായി നല്‍കണമെന്നും 31ന് ശേഷം നല്‍കുന്ന അപേക്ഷകള്‍ പിഴയോട് കൂടി മാത്രമേ സ്വീകരിയ്ക്കുകയുള്ളുയെന്നും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ്ഇന്‍സ്പെക്ടര്‍ അറിയിച്ചു.

പരുമലപ്പള്ളി: യോഗം ഇന്ന്(11.10.2019)

ആലപ്പുഴ: പരുമലപ്പള്ളിയിലെ പെരുനാളിനോടനുബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ ചെയ്യേണ്ട ക്രമീകരണങ്ങളെക്കുറിച്ച് കൂടിയാലോചിക്കുന്നതിന് ഇന്ന്(11.10.2019) മൂന്നിന് പരുമല സെമിനാരി കോണ്‍ഫറന്‍സ് ഹാളില്‍ നിശ്ചയിച്ചിരുന്ന യോഗം തിരുവല്ല സബ് കളക്ടറുടെ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഇതേസമയം നടക്കും.

date