Skip to main content
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡി.ഡി എഡ്യൂക്കേഷന്റെയും ഡി.ടി.പി.സി.യുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്വിസ് മത്സരം

'ഗാന്ധിജയന്തി വാരാഘോഷം : ജീവിതവും ദര്‍ശനങ്ങളും': ഗാന്ധി ക്വിസില്‍ ഒന്നാംസ്ഥാനം ഗോപികയ്ക്ക്

 

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡി.ഡി എഡ്യൂക്കേഷന്റെയും ഡി.ടി.പി.സി.യുടെയും സഹകരണത്തോടെ ജില്ലയിലെ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച 'ഗാന്ധി: ജീവിതവും ദര്‍ശനങ്ങളും' ക്വിസ് മത്സരത്തില്‍ കുമരംപുത്തൂര്‍ കല്ലടി ജി.എച്ച്.എസ്.എസിലെ കെ. ഗോപികാ ഹരിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പള്ളിക്കുറുപ്പ് ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളായ ശ്വേത പ്രസാദ് രണ്ടാം സ്ഥാനവും ശ്രേയ ദേവരാജ് മൂന്നാംസ്ഥാനവും നേടി. ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 53 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഒന്നാം സ്ഥാനം നേടിയവര്‍ക്ക് 1500 രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1000 രൂപയും 700 രൂപയും സര്‍ട്ടിഫിക്കറ്റുകളുമാണ് സമ്മാനമായി ലഭിക്കുക.

ചിറ്റൂര്‍ -തത്തമംഗലം നഗരസഭാ ഭരണസമിതി അംഗവും അധ്യാപകനുമായ എം.ശിവകുമാര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. ഗാന്ധിജിയുടെ ദര്‍ശനങ്ങളിലും സന്ദേശങ്ങളിലും ഊന്നിയ ചോദ്യങ്ങളായിരുന്നു ഏറെയും. ഗാന്ധിജിയുടെ രാഷ്ട്രീയ ആചാര്യന്‍, കസ്തൂര്‍ബാ ഗാന്ധിജിയെ വിമര്‍ശിച്ച സന്ദര്‍ഭം,  ശ്യാം ബെനഗല്‍ സിനിമയില്‍ മഹാത്മജിയുടെ വേഷം ചെയ്ത നടന്‍, പ്രാഥമിക വിദ്യാഭ്യാസം നേടുന്നത് സംബന്ധിച്ച ഗാന്ധിയുടെ നിര്‍ദേശം തുടങ്ങി മഹാത്മജിയുടെ ജീവിതത്തെയും ആദര്‍ശങ്ങളെയും ആഴത്തില്‍ മനസ്സിലാക്കുന്ന വിധമുള്ള ചോദ്യങ്ങളാണ് മത്സരത്തില്‍ നിറഞ്ഞുനിന്നത്. മത്സരത്തിന് അപ്പുറത്തേക്ക് ഗാന്ധിജിയെ പുതുതലമുറ കൂടുതലായി അറിയുകയാണ് ക്വിസ് ലക്ഷ്യമാക്കിയതെന്ന് ക്വിസ് മാസ്റ്റര്‍ എം.ശിവകുമാര്‍ പറഞ്ഞു. മത്സരത്തിന് ശേഷം പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഗാന്ധിജി നേരിട്ട് സന്ദര്‍ശനം നടത്തിയ ബാപ്പുജി പാര്‍ക്ക് സൗജന്യമായി കാണുന്നതിനുള്ള അവസരവും ഡി.ടി.പി.സി ഒരുക്കിയിരുന്നു.

 

date