പോഷണ്‍ എക്സ്പ്രസിന് ജില്ലയില്‍ സ്വീകരണം നൽകി.
സമ്പുഷ്ട കേരളം പോഷണ്‍ അഭിയാന് പദ്ധതിയുടെ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശു വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബോധവൽക്കരണ സന്ദേശവും വഹിച്ചു കൊണ്ട് സഞ്ചരിക്കുന്ന പോഷണ്‍ എക്സ്പ്രസിന് തൊടുപുഴയിൽ സ്വീകരണം നൽകി.പ്രധാനമായും അഞ്ച് കാര്യങ്ങളെ കുറിച്ചുള്ള സന്ദേശവും വഹിച്ചുകൊണ്ടാണ് പോഷൺ എക്സ്പ്രസ്സ് ജില്ലയിലൂടെ കടന്ന് പോകുന്നത്. ഒരു കുഞ്ഞ് ജനിച്ച ആദ്യത്തെ ആയിരം ദിനങ്ങളുടെ പ്രാധാന്യം, അനീമിയ പ്രതിരോധം, ഡയറിയയെ തടുക്കല്‍, വയറിളക്കം നിയന്ത്രിക്കല്‍, ശുചിത്വം എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. തൊടുപുഴ ഗാന്ധി സ്ക്വായറിൽ എത്തിയ പോഷൻ എക്സ്പ്രസ്സ്നെ നഗരസഭ ചെയർ പേഴ്സൺ ജെസ്സി ആന്റണി, വൈസ് ചെയർമാൻ ഷാഹുൽ ഹമീദ്, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ സോഫി ജേക്കബ്, ഐ.സി.ഡി. എസ് പ്രോഗ്രാം ഓഫീസർ നിഷാ നായർ, ഡിസ്ട്രിക്ട് ലീഡ് ഹർഷജിത്ത് എസ്. എച്, പോഷൻ എക്സ്പ്രസ്സ് നോഡൽ ഓഫീസർ ഗോകുൽ കുമാർ, ബാലസാമി പി. പി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് മിനി സിവില്‍ സ്റ്റേഷനിലെത്തിയ വാഹനത്തിലെ പ്രദർശനം നിരവധി ആളുകൾ കാണുകയും ബോധവൽക്കരണ ഭാഗമായി വിതരണം ചെയ്ത ബുക്ക് ലെറ്റ്കൾ സ്വീകരിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ചു താലൂക്കിലെ അംഗൻവാടി പ്രവർത്തകർ സംഘടിപ്പിച്ച വിവിധ കലാപരിപാടികളും, കോൽക്കളി, തിരുവാതിര, നാടൻ പ്പാട്ട് തുടങ്ങിയവയും ഉണ്ടായിരുന്നു. കൂടാതെ പോഷകാഹാരങ്ങൾ കൊണ്ട് ഉണ്ടാക്കിയ പലഹാരങ്ങളും പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പോഷകാഹാരങ്ങൾ കൊണ്ടുണ്ടാക്കിയ അത്തപ്പൂക്കളവും ജനശ്രദ്ധ പിടിച്ചു പറ്റി. ആദ്യ സീകരണിനു ശേഷം ചെറുതോണിയിലും കട്ടപ്പനയിലും അഴുതയിലും സന്ദര്‍ശനം നടത്തുന്നതോടെ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ പര്യടനത്തിന് സമാപനമാകും.
- Log in to post comments