കിഫ്ബി മുഖേന നടപ്പിലാക്കുന്നത് 2038 കോടി രൂപയുടെ വികസന പദ്ധതികള്‍ - മന്ത്രി ടി പി രാമകൃഷ്ണന് എന്‍.എസ്.എസിന്റെ ഉപജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു
കിഫ്ബി മുഖേന 2038 കോടി രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടന്നു വരുന്നതെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്. എല്ലാ സ്കൂളും ഹൈടെക്ക് ആകുന്ന ആദ്യസംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം ആവിഷ്കരിച്ച ഉപജീവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നാഷണല്‍ സര്‍വീസ് സ്കീം ദത്തെടുത്ത ഗ്രാമങ്ങളില്‍ നിത്യച്ചെലവ് കണ്ടെത്താന്‍ പ്രയാസപ്പെടുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നതിനയി ആവിഷ്കരിച്ച പദ്ധതിയാണ് ഉപജീവനം. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു. അഞ്ചുലക്ഷത്തിലധികം കുട്ടികളാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പൊതുവിദ്യാലയങ്ങളില്‍ അധികമായി ചേര്‍ന്നത്.
വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യബോധം വളര്‍ത്തിയെടുക്കുന്നതിന് നാഷണല്‍ സര്‍വീസ് സ്കീം വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കണം. ഇന്ന് സമൂഹം നേരിടുന്ന വിപത്താണ് ലഹരിവസ്തുക്കളുടെ ഉപയോഗം. വിദ്യാര്‍ത്ഥികളും യുവാക്കളും മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെടുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനും വിദ്യാര്‍ത്ഥികള്‍ രംഗത്തുവരണമെന്ന് മന്ത്രി പറഞ്ഞു. ലഹരിവര്‍ജനത്തിലൂടെ ലഹരിമുക്തകേരളം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് ലഹരിവിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 2761 സകൂളുകളിലും 511 കോളേജുകളിലും ലഹരിവിരുദ്ധ ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അരിക്കുളം കെ.പി.എം.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാധ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ ജേക്കബ് ജോണ്‍ മുഖ്യാതിഥിയായി.
പരമ്പരാഗത തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃതവസ്തുക്കള്‍ ലഭ്യമാക്കുക, ദത്ത് ഗ്രാമത്തിലെ കുടുംബങ്ങള്‍ക്ക് ആട്ടിന്‍കുട്ടികളെ നല്കല്, തയ്യല്മെഷീന് വിതരണം, പച്ചക്കറി വിത്തുകളും തൈകളും നല്കല്, ഉത്പന്നങ്ങള്‍ ബ്രാന്റുകളാക്കി വിപണനം നടത്തുക, വിദ്യാലയങ്ങളില്‍ സ്ഥിരം തയ്യല്‍ പരിശീലനകേന്ദ്രം തുടങ്ങിയ അഞ്ച് കര്‍മപദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു. ജില്ലയിലെ 139 എന്‍.എസ്.എസ്. യൂണിറ്റുകളിലും ഇത്തരത്തിലുള്ള പദ്ധതികളും തുടര്‍പ്രവര്‍ത്തനങ്ങളും നടപ്പാക്കും. ജില്ലയിലെ 139,00 വൊളന്റിയര്‍മാര്‍ സന്നദ്ധസേവനം നല്‍കും.
അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം ഉണ്ണി, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ പി.കെ ബീന, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.പി രമണി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്ത്, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ പി. ശ്രീജിത്ത്, പ്രിന്‍സിപ്പാള്‍ പി. സുഹറ, റീജിയണല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മനോജ് കണിച്ചുക്കുളങ്ങര, പ്രോഗ്രാം ഓഫീസര്‍ കെ. ഷാജി ആര്.ഡി.സി കെ ഗോകുലകൃഷ്ണന്‍, ഹയര്‍സെക്കണ്ടറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.വി ശ്രീജന്, കൊയിലാണ്ടി സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ ഉണ്ണികൃഷ്ണന്, എച്ച്.എം പി.ജി മീന, പി.ടി.എ. പ്രസിഡന്റ് ജെ.എന്‍. പ്രേംഭാസിന്‍, മാനേജര്‍ അഡ്വ കെ.പി മായന്‍, എസ്.എസ്.ജി ചെയര്മാന് എ.കെ.എന്‍ അടിയോടി, ഹയര്‍സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി വി.എം നിജീഷ്, ഹൈസ്കൂള്‍ സ്റ്റാഫ് സെക്രട്ടറി വി.കെ അബ്ദുള്‍ അസീസ്, വൊളണ്ടിയര്‍ ലീഡര്‍ ഷാന്‍ പ്രകാശ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ ടാക്സ് സ്കാന്‍ എഡ്യുടെക് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം കോഴിക്കോട് പുഷ്പ ജങ്ഷന് സമീപമുള്ള ടാക്സ് സ്കാന്‍ ട്രൈയിനിംഗ് സെന്ററില്‍ നടക്കും. പരിശീലന പരിപാടിയില്‍ ഭാഗമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സും സ്ഥാപനം വാഗ്ദാനം ചെയ്യുന്നു. ടൈം മാനേജ്മെന്റ്, കമ്യൂണിക്കേഷന്‍ സ്കില്‍സ്, കമ്പ്യൂട്ടര്‍ സ്കില്‍സ്, പ്രസന്റേഷന്, ഓഫീസ് മാനേജ്മെന്റ്, അക്കൗണ്ടിംഗ് തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലാണ് ട്രെയിനിംഗ് നല്‍കുക. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. അവസാന തീയതി ഒക്ടോബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207111444, 96661637777, info@taxscan.in
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അപേക്ഷ ക്ഷണിച്ചു
തിരുവമ്പാടി ഗവ. ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍സ് വിഷയത്തിന് ഒരു ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംബിഎ/ബിബിഎ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇക്കണോമിക്സ്/സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബിരുദം/ഡിപ്ലോമയും ഡിജിഇടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള എംപ്ലോയബിലിറ്റി സ്കില്‍സില്‍ ഉള്ള ട്രെയിനിംഗും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥി കള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം തിരുവമ്പാടി ഗവ. ഐ ടി ഐ യില്‍ ഒക്ടോബര്‍ 23 നു രാവിലെ 10.30 നു ഇന്റര്‍വ്യൂവിനായി ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: 0495 2254070.
ഒട്ട് തൈകള്‍ വില്പനയ്ക്ക്
കോഴിക്കോട് വെളളിമാട്കുന്നിലെ കാര്‍ഷിക സര്‍വ്വകലാശാല വില്‍പ്പന കേന്ദ്രത്തില്‍ നല്ലയിനം ഒട്ടുചെടികള്‍ - മാവിനങ്ങള്‍ - നീലം, അല്‍ഫോന്‍സ, ബംഗ്ലോറ, മുണ്ണ്ടപ്പ, പനാക്കല്‍, ചന്ദ്രക്കാരന്‍ - 65 രൂപ, സപ്പോട്ട - 55 രൂപ, ആര്യവേപ്പ്- 22 രൂപ, കവുങ്ങിന് തൈകള്‍ മോഹിത്നഗര്-37 രൂപ, മംഗള, സുമംഗള, ശ്രീമംഗള, സൗത്ത് കാനറ (കാസര്‍കോഡ് ഇനം) -27 രൂപ, പച്ചക്കറി വിത്തുകള്‍- 10 രൂപ പാക്കറ്റ് വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ അറിയിച്ചു.
സ്കില്‍ ഡവലപ്മെന്റ് സെന്റര്‍ പൊതുപ്രവേശനം
ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററിന്റെ രണ്ടാംഘട്ട പൊതുപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നേഷനല്‍ ഓപ്പണ്‍ സ്കൂളിന്റെ വൊക്കേഷനല്‍ കോഴ്സുകളായ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്, റഫ്രിജറേഷന്‍ & എയര്‍കണ്ടീഷനിങ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് & നെറ്റ്വര്‍ക്കിങ് ടെക്നീഷ്യന്, കേരള സര്‍ക്കാര്‍ സ്ഥാപനമായ സി.ഡിറ്റിന്റെ സി.സി.എ, ഡാറ്റാ എന്‍ട്രി, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചര്‍ എഡുക്കേഷന്‍, ഡി.സി.എ, സോളാര്‍ ആന്റ് ഡൊമസ്റ്റിക് എഞ്ചിനീയറിങ് ടെക്നീഷ്യന് എന്നിവയ്ക്കാണ് രണ്ടാപാദത്തില്‍ പ്രവേശനം നല്‍കുന്നത്. പത്താംതരം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അഡ്വാന്‍സ്ഡ് ഡിപ്ലോമയ്ക്ക് പ്ലസ്ടു പാസ്സായിരിക്കണം. അപേക്ഷകള്‍ ഒക്ടോബര്‍ 25 വരെ സ്വീകരിക്കും. ക്ലാസ്സുകള്‍ നവംബറില്‍ ആരംഭിക്കും. ഫോണ്‍: 04952370026.
ഹരിത ദൃഷ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലനം ആരംഭിച്ചു.
ഹരിത കേരളം മിഷന്റെ 'ഹരിത ദൃഷ്ടി' മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനുള്ള ബ്ലോക്ക്/ജില്ലാതല പരിശീലനം ആരംഭിച്ചു. ഹരിതകേരളം മിഷന്, കില, ഇന്‍ഫര്‍മേഷന്‍ കേരള മിഷന് എന്നിവര്‍ ചേര്‍ന്നാണ് ഈ പരിശീലനങ്ങള്‍ നടത്തുന്നത്.
ഹരിതകേരളം മിഷന് ലക്ഷ്യം വെക്കുന്ന ജലസംരക്ഷണം, ശുചിത്വ-മാലിന്യ സംസ്കരണം, കൃഷി, എന്നീ മേഖലകളിലെ ഇടപെടലുകളെ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും, ഇതിനെ അടിസ്ഥാനമാക്കി വിവിധ തരം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനും സഹായകമായ മൊബൈല്‍ ആപ്ലിക്കേഷനും വെബ്- ആപ്ലിക്കേഷനും ഉള്‍പ്പെടുന്ന ഇ- മോണിറ്ററിംഗ് സംവിധാനമാണ് ഹരിത ദൃഷ്ടി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് മാനേജ്മെന്റ്-കേരള(IITM_K) യുടെ സാങ്കേതിക സഹായത്തോടെയാണ് ഹരിത ദൃഷ്ടി മൊബൈല്‍ ആപ് വികസിപ്പിച്ചെടുത്തത്.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, കൃഷി ഓഫീസര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ (എല്‍.എസ്.ജി.ഡി), വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, അക്രഡിറ്റഡ് എഞ്ചീനിയര്‍/ഓവര്‍സീയര്‍(എം.ജി.എന്‍.ആര്.ഇ.ജി.എസ്), ഗ്രാമ പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റ് എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ജില്ലയിലെ പരിശീലനങ്ങള്‍ ഒക്ടോബര്‍ 14 മുതല്‍ 21 വരെ നടക്കും. ജില്ലയിലെ ആദ്യ പരിശീലനം ഒക്ടോബര്‍ ബാലുശ്ശേരി ബ്ലോക്കില്‍ പൂര്‍ത്തിയായി.
ഒക്ടോബര്‍ 15 ന് പന്തലായനി, തൂണേരി ബ്ലോക്കുകള്‍, 17 ന് പേരാമ്പ്ര, കുന്നുമ്മല്‍ ബ്ലോക്കുകള്‍, 18 ന് മേലടി, വടകര, തോടന്നൂര്‍ ബ്ലോക്കുകള്‍, 19 ന് കുന്നമംഗലം ബ്ലോക്ക് എന്നിവിടങ്ങളില്‍ ഈ പരിശീലനം നടക്കും. ഒക്ടോബര്‍ 21 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് ഹാളില്‍ കോഴിക്കോട് കോര്പ്പറേഷന്, ജില്ലയിലെ 7 മുനിസിപ്പാലിറ്റികള്‍, കോഴിക്കോട് ബ്ലോക്കിലെ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും ചേളന്നൂര്‍ ബ്ലോക്കിലെ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരുടെ പരിശീലനം നന്മണ്ട പഞ്ചായത്ത് ഹാളിലും നടക്കും.
പശു വളര്‍ത്തലില്‍ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.ടി.ഐക്ക് സമീപത്തെ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ഒക്ടോബര്‍ 16 മുതല്‍ 18 വരെ പശു വളര്‍ത്തലില്‍ മൂന്ന് ദിവസത്തെ സൗജന്യ പരിശീലനം നല്കുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്തവര്‍ 16 ന് രാവിലെ 10 മണിക്ക് മുമ്പായി മലമ്പുഴ കേന്ദ്രത്തില്‍ എത്തുക. ഫോണ്‍: 0491-2815454.
ജനനി കുടുംബസംഗമം ലോഗോ പ്രകാശനം 18 ന്
കോഴിക്കോട് ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴിലെ ജനനി പദ്ധതിയിലൂടെ സന്താനലബ്ധി കൈവരിച്ച കുടുംബങ്ങളുടെ സംഗമത്തിന്റെ ലോഗോ പ്രകാശനം ഒക്ടോബര്‍ 18 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വ്വഹിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് - ജില്ലാ ഹോമിയോ ആശുപത്രിയോടനുബന്ധിച്ചാണ് ജനനി പദ്ധതി പ്രവര്‍ത്തിച്ചുവരുന്നത്. വളരെ കാലമായി കുട്ടികളില്ലാതെ വിഷമിക്കുന്ന ദനമ്പതിമാര്ക്ക് കുറഞ്ഞ ചിലവില്‍ പാര്‍ശ്വഫലങ്ങളില്ലാത്തതും ലളിതവുമായ വന്ധ്യതാനിവാരണ ചികിത്സയാണ് ജനനിയില്‍ നിന്നും ലഭിക്കുന്നത്. വളറെ കുറഞ്ഞ കാലയളവിനുളളില്‍ തന്നെ 289 പേര്‍ക്ക് ഗര്‍ഭധാരണം നടക്കുകയും 177 കുട്ടികള്‍ ഇതിനോടകം പിറക്കുകയും ചെയ്തു. ഇവരുടെ കുടുംബസംഗമം നവംബര്‍ ഒന്നിന് കേരള പിറവി ദിനത്തില്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോഗോ പ്രകാശനം നിര്‍വ്വഹിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ജനപ്രതിനിധികളുടെയും ആശുപത്രി വികസന സമിതി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ചെയര്‍മാനായും ആശുപത്രി സൂപ്രണ്ട് ഡോ.വി അബ്ദുസ്സലാം കണ്‍വീനറായും സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ സി. പ്രീത സന്നിഹിതയായിരുന്നു. കുടുംബസംഗമം നവംബര്‍ ഒന്നിന് ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന് നിര്‍വ്വഹിക്കും.
ജില്ലാതല പ്രസംഗ മത്സരം 19 ന്
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നെഹ്റു യുവകേന്ദ്ര ജില്ലയിലെ യുവതീ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരം ഒക്ടോബര്‍ 19 ന് നടക്കും. രാജ്യസ്നേഹവും രാഷ്ട്ര നിര്‍മ്മാണവും എന്ന വിഷയത്തില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് 10 മിനുട്ട് പ്രസംഗം. ഒന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും പ്രശസ്തിപത്രവും സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 2000 രൂപ, മൂന്നാം സ്ഥാനക്കാര്‍ക്ക് 1000 രൂപ. നേരത്തേ പേര് രജിസ്റ്റര്‍ ചെയ്തവര്‍ ഒക്ടോബര്‍ 19 ന് രാവിലെ 10 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ല പഞ്ചായത്ത് ഹാളില്‍ എത്തണം.
- Log in to post comments