25 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി ജല അതോറിട്ടി
* പാലക്കാട് സോളാർ പ്ലാന്റ് അടുത്ത ആഗസ്റ്റിൽ കമ്മിഷൻ ചെയ്യും
സംസ്ഥാനത്ത് ജല അതോറിട്ടി നൽകുന്ന ശുദ്ധജല കണക്ഷനുകളുടെ എണ്ണം 25 ലക്ഷം കവിഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ 80,894 പുതിയ കണക്ഷനുകൾകൂടി നൽകിയാണ് ഈ ലക്ഷ്യം ജല അതോറിട്ടി കൈവരിച്ചത്. ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന പദ്ധതികളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഗാർഹികം, ഗാർഹികേതരം, വ്യാവസായികം, മറ്റുള്ളവ എന്നീ വിഭാഗങ്ങളിലായി 25,20,963 കണക്ഷനുകളാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ നടപ്പ് വർഷം നൽകാൻ ലക്ഷ്യമിടുന്ന കണക്ഷന്റെ എണ്ണം മൂന്ന് ലക്ഷമാക്കി വർധിപ്പിക്കാനും യോഗത്തിൽ ധാരണയായി. നിലവിൽ 23,51,089 കുടുംബങ്ങൾക്ക് ശുദ്ധജലം പൈപ്പിലൂടെ ജല അതോറിട്ടി നൽകുന്നുണ്ട്. ഗാർഹികേതര വിഭാഗത്തിൽ 1,51,515 കണക്ഷനുകളാണ് ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്. വ്യാവസായിക കണക്ഷൻ 2014 ആയി ഉയർന്നു. മറ്റ് വിഭാഗങ്ങളിലായി 16,345 കണക്ഷനും നൽകുന്നുണ്ട്.
പാലക്കാട് ചിറ്റൂരിലെ മൂങ്കിൽമടയിൽ 40 ഏക്കറിൽ പരം പ്രദേശത്ത് ജല അതോറിട്ടി സോളാർ പാനലുകൾ സ്ഥാപിക്കും. 2021 ആഗസ്റ്റ് 15ന് പദ്ധതി കമ്മിഷൻ ചെയ്യുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് അനെർട്ടുമായി ഈ ആഴ്ച കരാർ ഒപ്പുവയ്ക്കും. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇബിക്ക് കൈമാറും. 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതടക്കം ഊർജ സംരക്ഷണത്തിനായി 256.60 കോടിയുടെ പദ്ധതികളാണ് റീബിൽഡ് കേരളയ്ക്ക് കീഴിൽ അതോറിട്ടി വിഭാവനം ചെയ്യുന്നത്. പ്രളയ ബാധിത മേഖലകളിലെ ജനങ്ങൾക്കായി 182.60 കോടി രൂപ ചെലവുവരുന്ന ഏഴ് കുടിവെള്ള വിതരണ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
ജല അതോറിട്ടി നിലവിൽ 28,882.29 കോടിയുടെ 719 പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ഇതിൽ 118 പദ്ധതികൾ മൂന്ന് മാസംകൊണ്ടും 285 പദ്ധതികൾ ഒരു വർഷംകൊണ്ടും 149 പദ്ധതികൾ രണ്ടുവർഷംകൊണ്ടും നടപ്പാക്കുന്നവയാണ്. അഞ്ച് വർഷംകൊണ്ട് പൂർത്തിയാക്കുന്ന 167 പദ്ധതികളുമുണ്ട്. കേന്ദ്രസർക്കാരിന്റെ ജൽജീവൻ മിഷന് കീഴിൽ നടപ്പാക്കേണ്ട പദ്ധതികളുടെ അന്തിമരൂപമായി വരുന്നു. ഈ പദ്ധതിക്ക് കീഴിൽ ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് വീടുകളിൽ ശുദ്ധജലമെത്തിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. അഞ്ച് ഗ്രാമ പഞ്ചായത്തുകളുമായി ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്.
ജല അതോറിട്ടിയുടെ പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും കൂടുതൽ നടപടികൾ ഉണ്ടാവണമെന്ന് യോഗത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശിച്ചു. പൈപ്പ് പൊട്ടൽ കുറയ്ക്കുന്നതിന് കർശനമായ ഇടപെടലുകൾ ഉണ്ടാവണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പി.എൻ.എക്‌സ്.3679/19
- Log in to post comments