പോഷകാഹാര പ്രദര്‍ശനം സംഘടിപ്പിച്ചു
പോഷണ മാസാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ പോഷകാഹാര പ്രദര്‍ശനം സംഘടിപ്പിച്ചു. കോട്ടയം നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന പ്രദര്‍ശനം കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. ചെലവു കുറഞ്ഞതും പ്രാദേശികമായി ലഭിക്കുന്നതുമായ പഴം-പച്ചക്കറികള്‍, ഇലവര്‍ഗ്ഗങ്ങള്‍, മറ്റു വിളകള്‍ തുടങ്ങിയവ ഉപയോഗിച്ച് അങ്കണവാടി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ പോഷക മൂല്യമുള്ള വിവിധ തരം ആഹാര സാധനങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
പോഷകാഹാരത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ഈരടികളില്‍ തിരുവാതിര കളി, കോലടി തുടങ്ങിയ കലാപരിപാടികളും ചടങ്ങില്‍ അവതരിപ്പിച്ചു. പ്രദര്‍ശനത്തിനു മുന്നോടിയായി ബേക്കര്‍ മെമ്മോറിയല്‍ സ്കൂളില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് റാലി നടത്തി. പഴം, പച്ചക്കറി, ഇലകള്‍ എന്നിവയില്‍ തീര്‍ത്ത താലവുമേന്തി അങ്കണവാടി പ്രവര്‍ത്തകര്‍, സി.ഡി.പി.ഒമാര്‍, സ്കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരന്നു.
വനിതാ-ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ പി.എന്‍ ശ്രീദേവി അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിമോള്, പനച്ചിക്കാട് ഗ്രാമപഞ്ചായത്തംഗം ജയശ്രീ. കോട്ടയം നഗരസഭാ കൗണ്‍സിലര്‍ ജയശ്രീ, കടുത്തുരുത്തി സിഡിപിഒ അംബിക, ബിന്ദു ബായി എന്നിവര്‍ സംസാരിച്ചു.
- Log in to post comments