കണ്ണൂര്‍ അറിയിപ്പുകള്
ആര് ടി ഒ അദാലത്ത്
കണ്ണൂര്‍ ആര് ടി ഓഫീസില്‍ സപ്തംബര്‍ 30 വരെ നല്കിയ അപേക്ഷകളില്‍ തീര്‍പ്പാകാതെ കിടക്കുന്നവയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി നവംബര്‍ ആറിന് അദാലത്ത് നടത്തും. പരിഗണിക്കേണ്ട അപേക്ഷകളുടെ വിവരങ്ങള്‍ ഒക്ടോബര്‍ 30 ന് മുമ്പ് ഓഫീസില്‍ എഴുതി നല്‍കണമെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/3702/2019
ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്
ശക്തമായതോ അതിശക്തമായതോ (115 മി.മീ മുതല്‍ 204.5 മി.മീ വരെ) മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഒക്ടോബര്‍ 22, 23 തീയതികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 24, 25 തീയ്യതികളില്‍ ജില്ലയില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പി എന്‍ സി/3705/2019
വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണം
മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ അറിയിച്ചു. വിവിധ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ദിവസങ്ങളില്‍ ബീച്ചുകള്‍, വെള്ളച്ചാട്ടം, മലമ്പ്രദേശങ്ങള്‍ തുടങ്ങിയവ സന്ദശിക്കുന്നത് വിനോദ സഞ്ചാരികള്‍ ഒഴിവാക്കണം. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ വാഹനങ്ങള്‍ ഇറക്കുന്നതിനും നിയന്ത്രണമുണ്ടായിരിക്കും. കയാക്കിംഗ് പോലെയുള്ള സാഹസിക പരിപാടികളും നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശമുണ്ട്.
പി എന്‍ സി/3711/2019
അജൈവമാലിന്യ സംസ്ക്കരണം:
എംപാനല്‍ ലിസ്റ്റ് അപേക്ഷ ക്ഷണിച്ചു
ഹരിത കര്‍മ സേനകള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് ബ്ലോക്ക്/മുനിസിപ്പല്‍ തലത്തില്‍ ഷ്രെഡ്ഡിംഗ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പാനലിലേക്ക് ശുചിത്വമിഷന് അപേക്ഷ ക്ഷണിച്ചു.
അജൈവ മാലിന്യ സംസ്ക്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന താല്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിശദ വിവരങ്ങള്‍ സഹിതം ഒക്ടോബര്‍ 25 നുള്ളില്‍ കണ്ണൂര്‍ ജില്ലാ ശുചിത്വമിഷന് ഓഫീസില്‍ നേരിട്ട് ബന്ധപ്പെടാം. ഫോണ്‍: 0497 2700078.
പി എന്‍ സി/3707/2019
പാല് ഉപഭോക്തൃ മുഖാമുഖവും
സൗജന്യ പാല് പരിശോധന ക്യാമ്പും
കണ്ണൂര്‍ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്ട്രോള് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാല് ഉപഭോക്തൃ മുഖാമുഖം പരിപാടിയും സൗജന്യ പാല് പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 23 രാവിലെ 10 മണിക്ക് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി സി കൃഷ്ണന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ടി പി നൂറുദ്ദീന്‍ അധ്യക്ഷത വഹിക്കും.
പി എന്‍ സി/3708/2019
വൈദ്യുതി മുടങ്ങും
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അയ്യല്ലൂര്‍, എടവേലിക്കല്‍ ഭാഗങ്ങളില്‍ ഒക്ടോബര്‍ 22 രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കാഞ്ഞിരോട് ലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുടുക്കിമൊട്ട മുതല്‍ കാഞ്ഞരോട് വരെയുള്ള ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/3709/2019
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കെ എസ് ആര് ടി സി കണ്ണൂര്‍ യൂണിറ്റില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്നവര്‍ നവംബര്‍ 30 ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/3710/2019
ദിശ യോഗം 23 ന്
ജില്ലയില്‍ വിവിധ വകുപ്പുകള്‍/ഏജന്‍സികള്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഏകോപനത്തിനും പുരോഗതി അവലോകനത്തിനുമായി രൂപീകരിക്കപ്പെട്ട ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗം 23 ന് ഉച്ചക്ക് 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പി എന്‍ സി/3712/2019
ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത അയ്യന്‍കുന്ന് അംശം ദേശത്ത് പ്രൊ സര്‍വെ എ 2 40 ല്‍ 0.0081 ഹെക്ടര്‍, എ 2 41 ല്‍ 0.0323 ഹെക്ടര്‍, 0.1295 ഹെക്റ്റര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും ഒക്ടോബര്‍ 24 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും അയ്യന്‍കുന്ന് വില്ലേജ് ഓഫീസിലും ലഭിക്കും. ഫോണ്‍: 0490 2494910.
പി എന്‍ സി/3713/2019
വിചാരണ മാറ്റി
കലക്ടറേറ്റില്‍ ഒക്ടോബര്‍ 23, 24 തീയതികളില്‍ വിചാരണ നടത്താനിരുന്ന തളിപ്പറമ്പ് ലാന്റ് ട്രിബ്യൂണലിന്റെ പട്ടയകേസുകളുടെ വിചാരണ മാറ്റിയതായി തളിപ്പറമ്പ് ആര് ആര് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പി എന്‍ സി/3700/2019
വിവരാവകാശ കമ്മീഷന്: ഇന്റര്‍വ്യൂ മാറ്റി
സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ ഡ്രൈവര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ ഒക്ടോബര്‍ 22 ഉച്ചയ്ക്കു ശേഷം 2.30ന് കമ്മീഷന് ആസ്ഥാനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യു മാറ്റിവച്ചു.
പി എന്‍ സി/3714/2019
- Log in to post comments