Skip to main content

സ്‌കൂൾ അങ്കണത്തിൽ മരച്ചീനി വിളയിച്ച് കുഞ്ഞു കർഷകർ

സ്‌കൂൾ വളപ്പിൽ മരച്ചീനി കൃഷിയിൽ നൂറുമേനി വിളയിച്ച് കുട്ടി കർഷകർ. എടത്തിരുത്തി എസ്.എൻ.വി.എൽ.പി സ്‌കൂളിലെ വിദ്യാർഥികളാണ് മരച്ചീനി കൃഷി മികച്ച വിളവുണ്ടാക്കി മാതൃകയായത്. ഒരേക്കറുള്ള സ്‌കൂൾ വളപ്പിൽ 25 സെന്റ് സ്ഥലത്താണ് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മരച്ചീനി കൃഷി ആരംഭിച്ചത്. അധ്യാപകരും പി.ടി.എ കമ്മിറ്റിയും കാർഷിക അറിവുകളുമായി ഒപ്പം കൂടിയപ്പോൾ പഠനത്തിന്റെ ഇടവേളകളിൽ കുരുന്നുകൾ മികച്ച കർഷകരായി മാറി. വിളവെടുത്തത് 100 കിലോയിലധികം മരച്ചീനി.
സ്‌കൂൾ പറമ്പ് കാട് കയറി നശിക്കാതിരിക്കാനും, കൃഷിയിൽ വിദ്യാർഥികൾക്ക് താൽപര്യം ജനിപ്പിക്കാനുമാണ് മരച്ചീനികൃഷി ആരംഭിച്ചതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. മുൻ വർഷങ്ങളിലും സ്‌കൂളിൽ കൃഷി നടത്തിയിരുന്നു. വിളവെടുക്കുന്ന കപ്പ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം നല്കാനാണ് തീരുമാനം. ആവശ്യം കഴിഞ്ഞ് അവശേഷിക്കുന്നവ വിൽക്കുമെന്നും അധികൃതർ പറഞ്ഞു. വിളവെടുപ്പ് ഉദ്ഘാടനം എടത്തിരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി.സതീഷ് നിർവഹിച്ചു. പ്രധാനധ്യാപിക വീണ, പി.ടി.എ.പ്രസിഡന്റ് ദിനാർ, ലത, കെ.എസ്.ദിനേഷ് തുടങ്ങിയവർ സംബന്ധിച്ചു. സ്‌കൂളിൽ മരച്ചീനി കൃഷിക്ക് പുറമേ പച്ചക്കറികളും വാഴയും കൃഷി ചെയ്യുന്നുണ്ട്.

date