Skip to main content

അസംഘടിത തൊഴിലാളികൾക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പുതിയ പങ്കാളിത്ത പെൻഷൻ പദ്ധതി നിലവിൽ വന്നു. പ്രധാൻമന്ത്രി ശ്രംയോഗി മാൻ-ധൻ യോജനാ അഥവാ പിഎംഎസ്‌വൈഎം എന്നതാണ് പദ്ധതിയുടെ പേര്. 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് പദ്ധതി. പ്രതിമാസം 15000 രൂപയോ അതിൽ കുറവോ വരുമാനമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. അംഗങ്ങൾക്ക് 60 വയസ്സിനു ശേഷം വിരമിക്കുമ്പോൾ പ്രതിമാസം കുറഞ്ഞത് 3000 രൂപ പെൻഷൻ ലഭിക്കുന്ന പദ്ധതിയാണിത്. കൂടാതെ തൊഴിലാളി മരണപ്പെട്ടാൽ ആളുടെ പങ്കാളിക്ക് (ഭാര്യ/ഭർത്താവ്) പെൻഷൻ തുകയുടെ 50% കുടുംബ പെൻഷൻ ആയി ലഭിക്കും. പദ്ധതിയിൽ അംഗമാകുന്ന തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതിമാസ വിഹിതം സ്വമേധയാ പദ്ധതിയിലേക്ക് വക മാറ്റപ്പെടും. തൊഴിലാളി വിഹിതത്തിന് തുല്യമായ തുക കേന്ദ്ര സർക്കാർ വിഹിതമായും തൊഴിലാളിയുടെ പെൻഷൻ അക്കൗണ്ടിലേക്ക് ലഭിക്കും. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്വയം സഹായ സംഘം അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, ആശാ വർക്കേഴ്സ്, വഴി വാണിഭക്കാർ, സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, ബീഡി, ഇഷ്ടിക കളം, കാർഷിക മേഖല, കൈത്തറി മേഖല, കെട്ടിട നിർമാണ മേഖല, ഗാർഹിക മേഖല, തയ്യൽ, തൊഴിലാളികൾ, ചെരുപ്പുകുത്തികൾ, സ്വയം തൊഴിൽ സംരംഭകർ, ചെറുകിട കച്ചവടക്കാർ, മറ്റു അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നുവർക്കൊക്കെ ഈ പദ്ധതിയിൽ അംഗമാകാം.

18 മുതൽ 40 വയസ്സ് വരെ കാലയളവിൽ പദ്ധതിയിൽ ചേരുകയും 60 വയസ്സ് പൂർത്തിയാകുന്നത് വരെ തുടർച്ചയായി പ്രതിമാസ വിഹിതം ഒടുക്കുന്നവർക്കമാത്രമാണ് 60 വയസ്സിനു ശേഷം പെൻഷൻ ലഭിക്കുക. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ എൽഐസിയാണ് പദ്ധതി ഫണ്ട് മാനേജർ. പെൻഷൻ വിതരണത്തിന്റെ ചുമതലയും എൽ ഐ സിക്കാണ്. ആധാർ കാർഡും സേവിങ്സ് ബാങ്ക് അല്ലെങ്കിൽ ജൻധൻ അക്കൗണ്ട് വിവരങ്ങളുമായി അക്ഷയ പോലുള്ള പൊതുജന സേവന കേന്ദ്രങ്ങളെ സമീപിച്ച് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. നൽകുന്ന വിശദാംശങ്ങൾ വെബ്സൈറ്റ് സംവിധാനം പരിശോധിച്ച് പ്രതിമാസം ഒടുക്കേണ്ട ഗുണഭോക്തൃ വിഹിതം എത്രയെന്നു അറിയിക്കും. ആദ്യ ഗഡു പണമായി നൽകണം. രജിസ്ട്രേഷൻ കഴിഞ്ഞാൽ ലഭിക്കുന്ന ഓട്ടോ ഡെബിറ്റ് മാൻഡേറ്റ് ഫോറം സ്വയം സാക്ഷ്യപ്പെടുത്തി നൽകണം. ഇതിനു ശേഷം ശ്രംയോഗി മാൻധൻ അക്കൗണ്ട് നമ്പറും പെൻഷൻ കാർഡും ലഭിക്കും. തൊട്ടടുത്ത മാസ മുതൽ ഗുണഭോക്താവിന്റെ പദ്ധതി വിഹിതം ജൻധൻ അക്കൗണ്ടിൽ നിന്നും സ്വമേധയ അടവാകും. തുടർച്ചയായി പദ്ധതി വിഹിതം ഒടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ അത് വരെയുള്ള കുടിശ്ശിക തുകയും പിഴ സംഖ്യയും അടച്ചു പദ്ധതിയിൽ തുടരാം. ഇ പി എഫ്, ഇ എസ് ഐ, ദേശീയ പെൻഷൻ പദ്ധതികളിൽ അംഗമായവർക്കും ഇൻകം ടാക്‌സ് ഒടുക്കുന്നവർക്കും ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കില്ല. കൂടുതൽ വിവരങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന 1800 2676 888 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. https: // labour. gov. in എന്ന വെബ് പോർട്ടൽ മുഖേനയോ ജങ ടഥങ എന്ന മൊബൈൽ ആപ്പ് മുഖേനയോ പരാതികൾ രജിസ്റ്റർ ചെയ്യാം.

date