ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതിക്ക് ഇന്ന് തുടക്കമാകും
കാക്കനാട്: പച്ചക്കറി കൃഷിയിൽ സ്വയം പര്യപ്തത കൈവരിക്കുവാനും വിഷമുക്തമായ പച്ചക്കറി സ്വന്തം കൃഷിയിടത്തിൽ ഉത്പാദിപ്പിച്ച് ആരോഗ്യം സംരക്ഷിക്കുവാനുമുള്ള ലക്ഷ്യത്തോടുകൂടി നടപ്പിലാക്കുന്ന കൃഷി വകുപ്പിന്റെ 'ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതിയ്ക്ക് ഇന്ന് (ജനുവരി1) തുടക്കമാകും.
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ, വിദ്യാഭ്യാസ, സഹകരണ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ്സുകൾ, സെമിനാറുകൾ, ചർച്ചകൾ , കാമ്പയിനുകൾ ,കൃഷി പാഠശാലകൾ എന്നിവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ,സർക്കാർ ,അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, അങ്കണവാടികൾ, വിവിധ ആരാധനാലയങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥതയിലുള്ള തരിശു ഭൂമികളിലും വിഷമയമില്ലാത്ത കൃഷി ആരംഭിക്കും.
ജില്ലയിലെ എല്ലാ വാർഡ് മെമ്പർമാരുടെയും , എം.എൽ.എ, എം.പി തുടങ്ങിയ ജനപ്രതിനിധികളുടെ വീട്ടുവളപ്പിൽ പദ്ധതി ആരംഭത്തിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കൃഷി തുടങ്ങും. 2020 - ജനുവരി 1 മുതൽ 2021 ഏപ്രിൽ വരെയുള്ള 470 ദിവസം വിഷവിമുക്ത പച്ചക്കറി സംസ്ഥാനമൊട്ടാകെ ലഭ്യമാകുവാനും അതിലൂടെ കാർഷിക മുന്നേറ്റവുമാണ്കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. കൃഷി വകുപ്പിന് കീഴിൽ നിലവിൽ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും ജീവനി പദ്ധതിക്കായി ഏകോപിപ്പിച്ചു നടപ്പിലാക്കാനാണ് തീരുമാനം. നമ്മുടെ ആരോഗ്യം നമ്മുടെ ഭക്ഷണത്തിലൂടെയാണെന്നും അതിനായി ജീവനി -നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയിൽ ജില്ലയിലെ എല്ലാവരും പങ്കാളികൾ ആകണമെന്നും വിഷമുക്ത പച്ചക്കറി ഉത്പാദിപ്പിക്കണമെന്നും എറണാകുളം പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ അറിയിച്ചു.
- Log in to post comments