Skip to main content

ലൈഫ് മിഷന്‍: ജില്ല സംഗമത്തിന് മുമ്പ് 13,667 വീടുകള്‍ പൂര്‍ത്തിയാകും

 

 

ആലപ്പുഴ: വീടില്ലാത്ത എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യവുമായി തുടങ്ങിയ സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതികളിലൊന്നായ ലൈഫ് മിഷന്റെ ഗുണഭോക്താക്കളുടെ ജില്ല തല കുടുംബസംഗമവും അദാലത്തും സംഘടിപ്പിക്കാന്‍ ജില്ല ഒരുങ്ങുമ്പോള്‍ അഭിമാനകരമായ നേട്ടവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍ പറഞ്ഞു. ലൈഫ് ഉപഭോക്താക്കളുടെ ജില്ല സംഗമം സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ നിലവിലെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. ജനുവരി 26ന് സംസ്ഥാന തലത്തില്‍ രണ്ടുലക്ഷം വീടുകള്‍ ലൈഫ് പദ്ധതിപ്രകാരം പൂര്‍ത്തിയാവുന്നതിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുന്നതിന് മുമ്പ് ജില്ല തല സംഗമം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്.

 

ലൈഫ് മിഷന്റെ രണ്ടും മൂന്നും ഘട്ട പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ഇപ്പോള്‍ നടന്നുവരുന്നത്. ആദ്യ ഘട്ടത്തില്‍ വിവിധ കാരണങ്ങളാല്‍ പൂര്‍ത്തിയാകാതെ കിടന്ന 2800വീടുകളാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ഇതില്‍ 2703 വീടുകളും പൂര്‍ത്തീകരിച്ചു.ജനുവരി 15 ഓടെ 2710 വീടുകള്‍ പൂര്‍ത്തിയാകും. 97 ശതമാനം പൂര്‍ത്തിയാക്കാന്‍ ആദ്യ ഘട്ടത്തിലായി.ലൈഫിന്‍റെ രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ളവര്‍ക്ക് വീട് വച്ച് നല്‍കുന്ന പദ്ധതിയാണ് തുടങ്ങിയത്. 9109 വീടുകളാണ് പദ്ധതിയില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. ഇതില്‍ 5705 എണ്ണവും പൂര്‍ത്തിയായി. ബാക്കിയുള്ളവയില്‍ അധികവും ചെറിയ ജോലികള്‍ മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്. ഇതുകൂടി പൂര്‍ത്തിയാക്കി 7507 വീടുകള്‍ എന്ന നിലയിലേക്ക് ജനുവരി 15 ഓടെ എത്താന്‍ കഴിയും. ജനുവരി മധ്യത്തോടെ 83 ശതമാനം വീടുകളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി. ലൈഫിന്‍റെ പി.എം.എ.വൈ പദ്ധതി പ്രകാരം ഏറ്റെടുത്ത 761 വീടുകളില്‍ 710 എണ്ണവും പൂര്‍ത്തീകരിച്ചു. ജനുവരി 15 ഓടെ 720 വീടുകള്‍ പൂര്‍ത്തിയാകും. പി.എം.എ.വൈ അര്‍ബന്‍ പദ്ധതിപ്രകാരം 4721 വീടുകള്‍ ഏറ്റെടുത്തതില്‍ 1367 എണ്ണം പൂര്‍ത്തിയായി. ജനുവരി 15 ഓടെ 2730 എണ്ണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ആകെ 17391 വീടുകള്‍ നിര്‍മിക്കേണ്ടതില്‍ ജനുവരി 15 ഓടെ 13667 വീടുകള്‍ പൂര്‍ത്തിയാകുമെന്ന് യോഗം വിലയിരുത്തി. ലൈഫ് ഉപഭോക്താക്കളുടെ ബ്ലോക്ക് തല സംഗമം ജനുവരി 15 നുള്ളില്‍ പൂര്‍ത്തിയാകും. പിന്നാലെയാണ് ജില്ല തല സംഗമം ആലപ്പുഴയില്‍ സംഘടിപ്പിക്കുക. യോഗത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മണി വിശ്വനാഥ്, ജില്ല പഞ്ചായത്ത് സെക്രട്ടറി ദേവദാസ്, ഡെപ്യൂട്ടി കളക്ടര്‍ സന്തോഷ്കുമാര്‍, ലൈഫ് മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ പി.പി.ഉദയസിംഹന്‍, ബെന്നി, ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. മന്ത്രിമാരായ ജി.സുധാകരന്‍, ഡോ.ടി.എം.തോമസ് ഐസക്, പി.തിലോത്തമന്‍ എന്നിവര്‍ രക്ഷാധികാരിയും ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ ഉപരക്ഷാധികാരികളും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍ ചെയര്‍മാനും ജില്ല കളക്ടര്‍ എം.അഞ്ജന കണ്‍വീനറും ജില്ല പഞ്ചായത്ത് സെക്രട്ടറി ജോയിന്‍റ് കണ്‍വീനറും ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനമേധാവികള്‍ ഉള്‍പ്പെടുന്നതുമായ വിപുലമായ സംഘാടക സമിതിക്ക് യോഗം രൂപം നല്‍കി.

 

date