Skip to main content

മുളങ്കാട്ടിൽ താരമായി 'ആനമുള'

വൈഗ കാർഷികമേളയിൽ ലോകത്തിലെ ഏറ്റവും നീളവും വണ്ണവുമേറിയ മുള പ്രദർശിപ്പിച്ച് പീച്ചി വന ഗവേഷണ കേന്ദ്രം. മുളയുടെ 22 ഇനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന സ്റ്റാളിൽ ഏറ്റവും ആകർഷണം ആനമുള തന്നെ. പാർപ്പിട നിർമാണത്തിന് ഇപ്പോൾ കൂടുതലും ഉപയോഗിക്കുന്നത് ഇതാണ്. മുള്ളില്ലാത്ത 80 ശതമാനവും ഉപയോഗിക്കാവുന്ന ആനമുള ആറ് മുതൽ എട്ട് വർഷം കൊണ്ടാണ് വളരുക. ഒന്നിന് 600 മുതൽ 800 രൂപവരെയാണ് വില. തൈ ഒന്നിന് 240 രൂപയും. ആന്റമാൻ-നിക്കോബാർ ദ്വീപുകളിൽ നിന്നുള്ള 6 സെന്റി മീറ്റർ വ്യാസമുള്ള പ്രത്യേക ഇനം ചൂരൽ, സൗത്ത് അമേരിക്കയിലെ ചിലി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന വെജിറ്റബിൾ സ്റ്റീൽ ബാംബുവിന്റെ തൈകൾ എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്.
മുള്ള് മുള അഥവാ കല്ലൻ മുള, ആനമുള, ബിലാത്തി മുള, ബാംബൂസ, ബൽഗാരിസ്, ബാൽക്കോവ, ബാംബൂസ ന്യൂട്ടൺസ് തുടങ്ങി ഭാരം കുറഞ്ഞതും കുറവുള്ളതുമായ മുളകളടക്കം വിവിധ ഇനങ്ങൾ പീച്ചി വനഗവേഷണകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്നുവെന്ന് വിജ്ഞാനവിഭാഗം മേധാവി ഡോ മുഹമ്മദ്കുഞ്ഞി പറഞ്ഞു. ഇതിൽ കല്ലൻ മുളയ്ക്കാണ് ഉറപ്പ് കൂടുതൽ. അതുകൊണ്ടു തന്നെ വാർക്കപ്പണിക്ക് കൂടുതൽ ഉപയോഗിക്കുന്നതും ഈ ഇനമാണ്. ഭിത്തി, ഫർണിച്ചർ നിർമാണത്തിനാണ് ബാംബൂസ പ്രധാനമായും ഉപയോഗിക്കുന്നത്. ആനമുള വാർക്കാൻ ഉപയോഗിക്കുന്നു. ബിലാത്തി മുള അത്ര ബലവത്തല്ലാത്തതിനാൽ പാർട്ടീഷൻ ചെയ്യാനാണ് കൂടുതലായും ഉപയോഗിക്കുന്നത്. ട്യൂൾഡ, സിൽക്ക് മെൻസിസ്, ബുദ്ധ ബെല്ലി എന്ന അപൂർവ്വയിനം മുളകളും പ്രദർശിപ്പിച്ചിട്ടുണ്ട്.

date