ജാതിയ്ക്ക ഉണക്കാം, ഇനി ഈസിയായി
വീട്ടിൽ പഴയ പെട്ടിയുണ്ടോ? ഉണ്ടെങ്കിൽ ഇനി മുതൽ വീട്ടിൽ ജാതിക്ക ഉള്ളവർക്ക് ജാതിക്കയും പത്രിയും ഉണക്കാൻ കഷ്ടപ്പെടേണ്ട.. പഴയ പെട്ടിയും രണ്ട് ബൾബും ഉപയോഗിച്ച് ജാതിക്ക ഉണക്കുന്ന വിദ്യ എന്തെന്ന് മനസ്സിലാക്കാൻ സംസ്ഥാന ഹോൾട്ടികൾച്ചർ മിഷന്റെ വൈഗ സ്റ്റാൾ സന്ദർശിച്ചാൽ മതി. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലാണ് ഈ ഉപകരണം തയ്യാറാക്കുന്നതെന്ന് ഫീൽഡ് അസിസ്റ്റന്റ് ദീപ അവകാശപ്പെടുന്നു. ഏത് വലിപ്പമുള്ള പെട്ടിയും ഇതിനായി ഉപയോഗിക്കാം. 60 വാൾട്ടിന്റെ ബൾബ് പെട്ടിയ്ക്കുള്ളിൽ വെച്ച് അതിനുള്ളിൽ നെറ്റ് അടിച്ചു ചേർക്കുക. അതിന് മുകളിലായി ജാതിക്ക വിരിച്ചാൽ മതി. വായു അധികം കേറാത്ത രീതിയിൽ 45 ഡിഗ്രിയിൽ പെട്ടിയുടെ മൂടി തുറന്നു വെക്കുക. 60 മണിക്കൂറിനുള്ളിൽ ഉണങ്ങിയ ജാതിക്ക റെഡി. ജാതിയുടെ 15 ഉൽപ്പന്നങ്ങൾ, കറ്റാർവാഴ, കൊക്കോ, കൂൺ, മറയൂർ ശർക്കര, വെറ്റില തുടങ്ങിയവയുടെ വിവിധ ഉൽപന്നങ്ങളും സ്റ്റാളിലുണ്ട്.
- Log in to post comments