Skip to main content

മുസിരിസിന്റെ തീരത്ത് ആവേശം പകർന്ന് ബാക്ക് വാട്ടർ പാഡിൽ

മുസിരിസിന്റെ തീരത്ത് ആവേശം പകർന്ന് മുസിരിസ് ബാക്ക് വാട്ടർ പാഡിൽ 2020 ആരംഭിച്ചു. കേരള ടൂറിസത്തിന്റെ മുസിരിസ് ഹെറിറ്റേജ് പദ്ധതിയും ജെല്ലി ഫിഷ് വാട്ടർ സ്പോർട്സും ചേർന്നാണ് പാഡിൽ സംഘടിപ്പിച്ചത്. കയാക്കിങ്, സപ്പിങ്, സെയിലിങ്, കനോയിങ് തുടങ്ങിയ വാട്ടർ സ്പോർട്സ് മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പാഡിലിന് ഓസ്‌ട്രേലിയൻ കയാക്കിങ്ങ് താരവും, ഓസ്‌ട്രേലിയൻ അഡ്വെഞ്ചർ ഓഫ് ദ ഇയർ 2017 വനിതാതാരവുമായ സാൻഡി റോബ്‌സൻ, പ്രശസ്ത സ്റ്റാൻഡ് അപ്പ് പാഡിൽ താരം ലൂയിസ് നോളൻ എന്നിവരാണ് നേതൃത്വം നൽകിയത്. കൊടുങ്ങല്ലൂർ കോട്ടപ്പുറം ജെട്ടിയിൽ നിന്നും ആരംഭിച്ച സാഹസിക യാത്ര നാൽപത് കിലോമീറ്റർ സഞ്ചരിച്ച് ഇന്ന് (ജനുവരി 5) വൈകുന്നേരത്തോടെ കൊച്ചി ബോൾഗാട്ടിയിൽ അവസാനിക്കും.
സ്ത്രീകളും കുട്ടികളുമടക്കം രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽ നിന്നുമായി നൂറോളം പേർ ഈ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. യാത്രയിൽ പ്രധാനപ്പെട്ട മുസിരിസ് കേന്ദ്രങ്ങളിൽ സന്ദർശനമുണ്ടാകും. നിരവധി വിനോദപരിപാടികളും പ്രാദേശിക ജനസമൂഹവുമായി ചേർന്നുള്ള ഇടപഴകലുകളും യാത്രയിലുടനീളം സംഘടിപ്പിച്ചിട്ടുണ്ട്. പ്രാദേശിക-അന്തർദേശീയ വിനോദസഞ്ചാരികൾ, ഏതുപ്രായത്തിലുമുള്ള വാട്ടർ സ്പോർട്സ് പ്രേമികൾ, മുതിർന്ന പൗരന്മാർ, വിദ്യാർഥികൾ തുടങ്ങി നീന്തൽ അറിയാത്തവർക്കുപോലും പങ്കുചേരാമെന്നതാണ് പാഡിലിന്റെ പ്രത്യേകത. എല്ലാവിധ സുരക്ഷാസൗകര്യങ്ങളും ഒരുക്കിയാണ് പാഡിൽ നടത്തുന്നത്. പങ്കെടുക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. നമ്മുടെ ജലവിതാനങ്ങൾ വൃത്തിയായി സൂക്ഷിക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ സന്ദേശം പ്രചരിപ്പിക്കലുമാണ് ലക്ഷ്യം.
മുസിരിസ് പാഡിൽ 2020 ന്റെ ഉദ്ഘാടനം വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷനായി. മുസിരിസ് ഹെറിറ്റേജ് പ്രൊജക്റ്റ് മാനേജിങ്ങ് ഡയറക്ടർ പി എം നൗഷാദ്, മാർക്കറ്റിങ്ങ് മാനേജർ അൻഷാദ് അലി എന്നിവർ പങ്കെടുത്തു

date