Skip to main content

കുറ്റകൃത്യങ്ങളിൽ ശാസ്ത്രീയമായ അന്വേഷണം ഉറപ്പുവരുത്തണം: ഗവർണർ

കുറ്റകൃത്യങ്ങളെ തുടർന്നുണ്ടാവുന്ന അന്വേഷണങ്ങളിൽ ശാസ്ത്രീയത ഉറപ്പു വരുത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. രാമവർമപുരം പോലീസ് അക്കാദമിയിൽ എമർജിങ് ട്രെൻഡ് ഇൻ ഫോറൻസിക് സയൻസ് എന്ന വിഷയത്തിലുള്ള പ്രഥമ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പോലീസ് സംവിധാനം ജനകീയ കാഴ്ചപ്പാടിൽ ആണെന്നത് മാതൃകയാണ്. എന്നിരുന്നാലും വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളെയും പോക്‌സോ കേസുകളെയും കണ്ടില്ലെന്നു നടിക്കാനാവില്ല. പോലീസ് സംവിധാനത്തെ ജനങ്ങൾ തെറ്റിദ്ധാരണയോടെ കാണുന്ന പ്രവണതയുണ്ട്. ഇതു തിരുത്തിയെടുക്കാനും കഴിയണം.
സാമൂഹിക കാഴ്ച്ചപ്പാട്, മന:സാക്ഷി എന്നിവ ഏതൊരാളിലും ഉണ്ടായിരിക്കേണ്ട മൂല്യങ്ങളാണ്. ഇതിലൂടെ വേണം സമൂഹത്തെ ദർശിക്കാൻ. എന്നാൽ പലതരം അഭിപ്രായങ്ങൾ ഉരുത്തിരിഞ്ഞാണ് സമൂഹം നിലനിൽക്കുന്നതെന്നും എല്ലാവരുടെ അഭിപ്രായങ്ങൾക്കും സമൂഹം വില കല്പിക്കുമെന്നും ഗവർണർ വ്യക്തമാക്കി. ഡി ജി പി ലോക് നാഥ് ബെഹ്‌റ അധ്യക്ഷത വഹിച്ചു. എഡിജിപിയും പോലീസ് അക്കാദമി ഡയറക്ടറുമായ ഡോ. ബി സന്ധ്യ, ഡിഐജിമാരായ അനൂപ് കുരുവിള ജോൺ, നീരജ്കുമാർ ഗുപ്ത എന്നിവർ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ സെമിനാറുകളും ഉണ്ടായി.
ഫോട്ടോ അടിക്കുറിപ്പ്: പോലീസ് അക്കാദമിയിൽ നടന്ന ദേശീയ സെമിനാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു.

date