പ്ലാസ്റ്റിക്കിനെ പുറത്താക്കാനൊരുങ്ങി കുടുംബശ്രീ പ്രവര്‍ത്തകര്‍
ജില്ലയില്‍ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാവുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രത്യേക പരിശീലനം നേടിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ 71 യൂണിറ്റുകളിലായി വിവിധ ഉത്പന്നങ്ങളാണ് നിര്‍മിക്കുന്നത്. ജില്ലയില്‍ പുതിയ യൂണിറ്റുകള്‍ ആരംഭിക്കുവാനുള്ള നടപടികള്‍ തുടരുകയും അംഗങ്ങള്‍ക്ക് പരിശീലനവും നല്കി വരുന്നുണ്ട്. തുണി, പേപ്പര്‍, ജ്യൂട്ട് തുടങ്ങിയവ ഉപയോഗിച്ചുള്ള ബാഗുകള്‍, സഞ്ചികള്‍, കതിര്‍ക്കുല, മുള, നാളികേരത്തോട് തുടങ്ങിയവകൊണ്ട് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്. മണ്‍പാത്ര നിര്‍മാണവും സജീവമാണ്. ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം പൂര്‍ണമായും നിലവില്‍ വരുന്നതിനാല്‍ ആവശ്യക്കാരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ജില്ലയിലാവശ്യമായ തുണിസഞ്ചികളില്‍ ഭൂരിഭാഗവും കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ടെത്തിക്കുമെന്നത് വ്യാപാരികള്‍ക്കും ആശ്വാസമായിരിക്കുകയാണ്. വ്യത്യസ്ത രൂപത്തിലുളള നിറത്തിലുളള ബാഗുകള്‍, പേഴ്സുകള്‍, ഫയല്‍, പേന, ആഭരണങ്ങള്‍ എന്നിവ പ്ലാസ്റ്റിക്കിതര ഉല്പ്പന്നങ്ങളാല് നിര്‍മിച്ച് ജില്ലയില്‍ വിതരണം ചെയ്യുന്നുണ്ട്. കടകളില്‍ സ്കൂളുകളില്‍ നിന്നുളള ഓര്‍ഡറുകള്‍ക്കനുസരിച്ചാണ് ഉത്പന്നങ്ങള്‍ നിര്‍മിച്ച് നല്‍കുന്നത്. നിര്‍മാണത്തിനാവശ്യമായ ഗുണമേന്മയുള്ള മെറ്റീരിയലുകള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുകയും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മികച്ച വരുമാന മാര്ഗവുമാകുകയാണ് ഇത്തരം സംരംഭങ്ങള്‍.
- Log in to post comments