വീടിനൊപ്പം അന്തസ്സാര്‍ന്ന ജീവിതവും'' ലൈഫ് മിഷന് ഗുണഭോക്താക്കളുടെ ബ്ലോക്ക് തല കുടുംബസംഗമങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന് തുടക്കമാകും ആദ്യ സംഗമത്തിന് കുറ്റിപ്പുറം ബ്ലോക്ക് വേദിയാകും
ലൈഫ് മിഷന് സമ്പൂര്‍ണ്ണ ഭവന പദ്ധതി പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ ബ്ലോക്ക് /നഗരസഭ തല കുടുംബസംഗമത്തിനും അദാലത്തിനും ജില്ലയില്‍ ഇന്ന്(ജനുവരി ആറ്) കുറ്റിപ്പുറം ബ്ലോക്കില്‍ സംഘടിപ്പിക്കുന്ന കുടുംബസംഗമത്തോടു കൂടി തുടക്കമാകും. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിക്കുന്ന കുടുംബസംഗമത്തിലും അദാലത്തിലും ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 391 ഗുണഭോക്താക്കള്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ ആരംഭിക്കുന്ന സംഗമം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷനാകും. എം.എല്‍.എമാരായ ആബിദ് ഹുസൈന് തങ്ങള്‍, സി.മമ്മൂട്ടി തുടങ്ങിയവര്‍ മുഖ്യാതിഥികളാവും.
കുറ്റിപ്പുറം ബ്ലോക്കില്‍ ഉള്‍പ്പെട്ട ആതവനാട്, എടയൂര്‍, ഇരിമ്പിളിയം, കല്പകഞ്ചേരി, മാറാക്കര, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്കായി പ്രത്യേകം കൗണ്ടറുകളാണ് രജിസ്ട്രേഷനായി ഒരുക്കിയിട്ടു ള്ളത്. രാവിലെ എട്ട് മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. അക്ഷയ ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാരിന്റെ ഇരുപതോളം വകുപ്പുകളുടെ സ്റ്റാളുകള്‍ സംഗമത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ആധാര്‍, റേഷന്‍കാര്‍ഡ് തിരുത്തല്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കല്‍, ബാങ്കിങ് സേവനം, സാമൂഹിക സുരക്ഷാ പെന്ഷന് സംബന്ധിച്ച വിവരങ്ങള്‍, റവന്യൂരേഖകള്‍, പട്ടികജാതി പട്ടികവര്‍ഗ, ആരോഗ്യവകുപ്പ് പദ്ധതികള്‍ തുടങ്ങി സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളുടെ ക്ഷേമ പദ്ധതികളും സേവനങ്ങളും ഗുണഭോക്താക്കള്‍ക്ക് ഈ സ്റ്റാളുകളിലൂടെ നേരിട്ട് ലഭ്യമാകും. കൂടാതെ തൊഴിലുറപ്പ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കുന്ന ജൈവ പച്ചക്കറി ചന്തയും ഒരുക്കിയിട്ടുണ്ട്.
- Log in to post comments