Skip to main content

മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ലാഭ വിഹിതം കർഷകന് ലഭിക്കണം: മന്ത്രി കെ. കൃഷ്ണൻകുട്ടി

മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം കർഷകന് ലഭിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. തൃശൂരിൽ വൈഗ 2020ന്റെ ഭാഗമായി സംഘടിപ്പിച്ച യുവസംരഭകത്വ ശിൽപശാലയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കിലോ ഉരുളക്കിളങ്ങ് ചിപ്സിന് വില 350 രൂപയാണ്. എന്നാൽ കൃഷിക്കാരന് ഒരു കിലോയ്ക്ക് കിട്ടുക എട്ട് രൂപ. എല്ലാ മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും ലാഭം അത്ര വലുതാണ്. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ലാഭത്തിന്റെ ഒരു ശതമാനം കർഷകന് അവകാശപ്പെട്ടതാണെന്ന് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചത് ചെറിയ ചുവടുവെപ്പാണ്. ഇത് അവകാശ ലാഭമാണ്. ഇടനിലക്കാർ കൃഷിക്കാരനെ ചൂഷണം ചെയ്യുന്ന ഈ പണം മാറ്റിവെച്ചാൽ മാത്രം മതി കർഷകന് എല്ലാ ആനുകൂല്യങ്ങളും നൽകാൻ. 30 കോടി ജനത്തെ തീറ്റിപ്പോറ്റുന്ന കൃഷിക്കാരാണ് യഥാർഥ രാജ്യസേവകർ. രാജ്യത്തിലെ കർഷകർക്ക് മിനിമം വേതനം ഉറപ്പാക്കണം.
കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം നമുക്ക് ലഭിക്കാനും കൃഷിക്കാരെ ചൂഷണത്തിൽനിന്ന് രക്ഷിക്കാനുമായി അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി (എ.പി.എം.സി) നിയമം സംസ്ഥാനത്ത് എത്രയും വേഗം കൊണ്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിന് രാഷ്ട്രീയഭേദമെന്യേ എല്ലാവരും പ്രയത്നിക്കണം. അല്ലെങ്കിൽ, ബഹുരാഷ്ട്ര കമ്പനികൾക്കു മുന്നിൽ നമ്മുടെ കൃഷിക്കാരന് പിടിച്ചുനിൽക്കാൻ കഴിയില്ല. ബഹുരാഷ്ട്ര കമ്പനികൾ ആഫ്രിക്കയിലും ഇന്തോനോഷ്യയിലും മറ്റും സ്ഥലം വാങ്ങി വൻതോതിൽ കൃഷി ചെയ്ത് ഉൽപ്പന്നങ്ങൾ ഇങ്ങോട്ട് കൊണ്ടുവരികയാണ്.
കുരുമുളക്, റബർ തുടങ്ങിയവയുടെ വിലക്കുറവിന് കാരണം കേന്ദ്രസർക്കാറിന്റെ ഇറക്കുമതി നയങ്ങളാണെന്നും മന്ത്രി പറഞ്ഞു. ആർ.സി.ഇ.പി കരാറിൽനിന്ന് പിൻമാറിയെങ്കിലും മറ്റ് പല രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ മൂലമാണ് റബറിന്റെയും കുരുമുളകിന്റെയും വില കുറയുന്നതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ കാർഷിക മേഖല പ്രതിസന്ധിയിലാണെന്ന് ശിൽപശാല ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിദിനം ഓരോ അര മണിക്കൂറിലും ഓരോ കർഷകൻ ആത്മഹത്യ ചെയ്യുകയാണ്. പരമ്പരാഗത കൃഷി രീതി നിലനിർത്തി നവീന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം. നവീന സാങ്കേതികവിദ്യ ഉപയോഗിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയാൽ ആദായം വർധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, വൈസ് പ്രസിഡൻറ് എൻ.കെ. ഉദയപ്രകാശ്, കാർഷിക ഉൽപാദന കമീഷണർ ദേവേന്ദ്രകുമാർ സിംഗ്, ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, ഹൈദരാബാദ് മാനേജ് ഡയറക്ടർ ഡോ. ശരവൺ രാജ്, സ്‌പൈസ് ബോർഡ് ചെയർമാൻ ഡോ. പി. രാജശേഖരൻ, നബാർഡ് ഡി.ഡി.എം ദീപ പിള്ള, ശിവദാസ് ബി. മേനോൻ, നാഗരാജാ പ്രകാശം, ഡോ. കെ.പി സുധീർ എന്നിവർ സംബന്ധിച്ചു. കൃഷി വകുപ്പ് സെക്രട്ട്രറി ഡോ. രത്തൻ ഖേൽക്കർ സ്വാഗതവും എൽ.ആർ. ആരതി നന്ദിയും പറഞ്ഞു.
 

date