റോഡ് സുരക്ഷാവാരം ജനു. 11 മുതൽ 17 വരെ റോഡ് സുരക്ഷ ഉറപ്പാക്കാൻ ജില്ലയിൽ കർമ്മപദ്ധതി
റോഡപകടങ്ങൾ തടയാനും സുരക്ഷ ഉറപ്പുവരുത്താനുമായി സമഗ്രമായ കർമ്മപദ്ധതി ജില്ലയിൽ നടപ്പാക്കും. ജനുവരി 11 മുതൽ 17 വരെ ആചരിക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഇതിനായുളള നടപടികൾക്ക് രൂപം നൽകാൻ ടി എൻ പ്രതാപൻ എംപിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ സമിതി യോഗം തീരുമാനിച്ചു.
2019 ൽ ജില്ലയിലെ റോഡപകടനിരക്ക് 11.6 ശതമാനം കുറഞ്ഞതായാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്. സംസ്ഥാനത്ത് ശരാശരി 4000 പേരാണ് പ്രതിവർഷം റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നത്. ജില്ലയിൽ 68 അപകട സാധ്യതാ മേഖലകൾ തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ പ്രത്യേകം നടപടികൾ സ്വീകരിക്കും. പാർക്കിങ് നിരോധിത മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി ഒഴിവാക്കും. റോഡുകളിലെ സുരക്ഷാ മുന്നറിയിപ്പ് അടയാളങ്ങൾ മാഞ്ഞു പോയ സ്ഥലങ്ങളിൽ അവ പുന:സ്ഥാപിക്കും. സ്വകാര്യ ബസുകളിലേയും ടാക്‌സികളിലേയും ഡ്രൈവർമാർ നേരിടുന്ന മാനസിക സമ്മർദ്ദം കുറക്കാൻ ക്ലാസ്സുകൾ സംഘടിപ്പിക്കും. ഇത്തരം പരിശീലന ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർക്ക് തിരിച്ചറിയൽ രേഖ വിതരണം ചെയ്യും. പ്രായം കൂടിയ ഡ്രൈവർമാരുടെ കാഴ്ച പരിശോധനയ്ക്കായി സംവിധാനമൊരുക്കും. റോഡിലേക്ക് കയറ്റി സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക്ക്-ടെലിഫോൺ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് വൈദ്യുതി ബോർഡിനോടും ബിഎസ്എൻഎല്ലിനോടും ആവശ്യപ്പെടും. ഗതാഗത തടസ്സമുണ്ടാകുന്ന വഴിയോര കച്ചവടക്കാരെ നിയമപരമായി നിയന്ത്രിക്കാനും നടപടിയുണ്ടാവും.
റോഡ് സുരക്ഷാ വാരത്തിന് തുടക്കം കുറിക്കുന്ന ജനുവരി 11 ന് വനിതകളുടെ ഇരുചക്രവാഹന റാലി സംഘടിപ്പിക്കും. വാരാചരണത്തിന്റെ ഭാഗമായി നിരവധി അനുബന്ധ പരിപാടികൾക്കും യോഗം രൂപം നൽകി. ജില്ലാ കളക്ടർ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാതല ഉദ്യോഗസ്ഥർ, ബസുടമാ സംഘം ഭാരവാഹികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments