Skip to main content

ലൈഫ് മിഷന്‍:  ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും കുടുംബസംഗമവും ഇന്ന് 

 

 

ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും കുടുംബസംഗമവും ഇന്ന് (ജനുവരി ഏഴ്) രാവിലെ 10 ന് പാലക്കാട് ചെറിയ കോട്ടമൈതാനിയില്‍ പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനാവും.

സംസ്ഥാനത്ത് ലൈഫ് മിഷന്‍ (ഒന്ന്, രണ്ട് ഘട്ടങ്ങള്‍) പി.എം.എ.വൈ (ഗ്രാമീണ്‍) പി.എം.എ.വൈ (അര്‍ബന്‍) ഭവനപദ്ധതികളിലൂടെ നിര്‍മാണം നടത്തിയ രണ്ട് ലക്ഷം ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നതിന്റെ മുന്നോടിയായാണ് ജില്ലയില്‍ പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും നടത്തുന്നത്. ജില്ലയില്‍ മികച്ച രീതിയില്‍ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംഗമത്തില്‍ ആദരിക്കും.

ഭൂമിയുണ്ടായിട്ടും വീടില്ലാത്തവര്‍ക്ക് നല്‍കുന്ന ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തില്‍ ബാക്കി നില്‍ക്കുന്ന വീടുകള്‍ ഉടനെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മൂന്നാംഘട്ടത്തില്‍ സ്ഥലവും വീടും ഇല്ലാത്തവര്‍ക്കായി ചിറ്റൂര്‍ - തത്തമംഗലം നഗരസഭയില്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തി വരുന്നതായും ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി ബാലമുരളി റിപ്പോര്‍ട്ട് അവതരിപ്പിക്കും. എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ,് ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എ.മാരായ വി.ടി ബല്‍റാം, മുഹമ്മദ് മുഹ്‌സിന്‍, പി കെ ശശി, പി ഉണ്ണി, എന്‍ ഷംസുദ്ദീന്‍, കെ വി വിജയദാസ്, ഷാഫി പറമ്പില്‍, കെ ബാബു, കെ ഡി പ്രസേനന്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ ശാന്തകുമാരി, പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ നാരായണദാസ്, വിവിധ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

date