Skip to main content

താനൂരിലെ വിജയ രഥം പദ്ധതി: ജനുവരി ഒന്‍പതിന്  സ്‌കൂള്‍ തല ക്യാമ്പുകള്‍ തുടങ്ങും അധ്യാപകര്‍ക്ക് മൊഡ്യൂള്‍ എം.എല്‍.എ കൈമാറി

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പത്താം തരം വിദ്യാര്‍ഥികളെ കണ്ടെത്തി പ്രത്യേക  പരിശീലനവും പ്രോത്സാഹനവും നല്‍കുന്ന വിജയരഥം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി  180 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്‌കൂള്‍ തല ക്യാമ്പ് ജനുവരി ഒന്‍പത് മുതല്‍ തുടങ്ങും.
ജനുവരി 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ ഡി.ഇ.ഒ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ വി.അബ്ദുറഹ്മാന്‍ എം.എല്‍.എ താനൂര്‍ മണ്ഡലത്തിലെ ഒന്‍പത് സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലും സന്ദര്‍ശനം നടത്തി വിദ്യാര്‍ത്ഥികളുമായി സംവദിക്കും.  ജനുവരി 20 ന് വിദഗ്ധരായ അധ്യാപകര്‍ ക്യാമ്പുകളില്‍ ക്ലാസെടുക്കും.
സ്‌കൂള്‍ തല ക്യാമ്പുകളില്‍ പരീക്ഷ നടത്തുന്നതിനായുള്ള മൊഡ്യൂള്‍ എം.എല്‍ .എ അധ്യാപകര്‍ക്ക് കൈമാറി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വീണ്ടും അവലോകന യോഗം ചേരാനും തീരുമാനിച്ചു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം മനസിലാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാനും അവശ്യ ഘട്ടത്തില്‍ വീടുകളില്‍ അധ്യാപകരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്താനും നിര്‍ദേശം നല്‍കി. അവലോകന യോഗം വി. അബ്ദു റഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  കുസുമം മുഖ്യ പ്രഭാഷണം നടത്തി. തിരൂരങ്ങാടി ഡി.ഇ.ഒ അബ്ദുല്‍ ഹമീദ്, താനൂര്‍ എ.ഇ.ഒ കെ.പി രമേശ് കുമാര്‍, പി. സതീശന്‍ മാസ്റ്റര്‍, എ.കേശവന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എം.പി ലക്ഷ്മി നാരായണന്‍ സ്വാഗതവും എം.നിഷ നന്ദിയും പറഞ്ഞു
എം.എല്‍.എ പ്രത്യേകം താല്‍പര്യമെടുത്ത് ജനകീയ പങ്കാളിത്തത്തോടെ തുടങ്ങിയ പദ്ധതി മികച്ച വിജയമായതോടെയാണ്  വിജയരഥം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇത്തവണ നേരത്തെ തുടങ്ങിയത്. വിരമിച്ച അധ്യാപകരും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട വിദഗ്ധ സമിതി തയ്യാറാക്കിയ ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ മണ്ഡലത്തിലെ ഒന്‍പത് ഹൈസ്‌കൂളുകളിലും പരീക്ഷ നടത്തിയാണ് പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തുന്നത്.
 

date