നാലു പതിറ്റാണ്ട് കാത്തിരിപ്പ് അവസാനിക്കുന്നു; അഞ്ചിരി തലയനാട് കോളനി നിവാസികള്‍ക്ക് പട്ടയം
നാലുപതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിനൊടുവില്‍ പ്രതീക്ഷകള്‍ സഫലമാകുന്നുവെന്ന് അറിഞ്ഞപ്പോള്‍ എണ്‍പതുവയസു പിന്നിട്ട തെക്കുംമന കാളിയമ്മയുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ നനവ്. കാളിയമ്മയ്ക്കൊപ്പം സന്തോഷത്തിലാണ് തൊടുപുഴ അഞ്ചിരി തലയനാട് പട്ടികജാതി കോളനിയിലെ മുപ്പതോളം കുടുംബാംഗങ്ങള്‍. അധ്വാനിച്ച സ്വന്തം ഭൂമിയ്ക്ക് അവകാശ രേഖ യാഥാര്‍ഥ്യമാകുന്നുവെന്നതാണ് ഇവരുടെ ആഹ്ളാദത്തിനു കാരണം.
ജില്ലയിലെ വിവിധ തലങ്ങളില്‍ നിന്നുള്ള നിവേദനങ്ങളെത്തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയുടെ ചുമതലയുള്ള വൈദ്യുതി മന്ത്രി എം എം മണിയും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും മുന്‍കൈയെടുത്താണ് അര്‍ഹതപ്പെട്ടവര്‍ക്കു പട്ടയം നല്‍കാന്‍ നടപടികളെടുത്തത്. ജില്ലയില്‍ എണ്ണായിരത്തിലേറെപ്പേര്‍ക്ക് പട്ടയം കൊടുക്കാനുള്ള നടപടികള്‍ കളക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തില്‍ ജില്ലാഭരണകൂടം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ജനുവരി 24 ന് കട്ടപ്പന സെന്റ് ജോര്‍ജ്ജ് പാരിഷ്ഹാള്‍ ഓഡിറ്റേറിയത്തില്‍ നിശ്ചയിച്ചിരിക്കുന്ന ജില്ലാതല പട്ടയമേളയില്‍ ആദ്യം കോളനി കുടുംബങ്ങള്‍ക്കുള്ള പട്ടയം നല്‍കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. വില്ലേജ് ഓഫീസു മുതല്‍ കളക്ടറേറ്റ് വരെയുള്ള ഓഫീസുകള്‍ ഇതിനായുള്ള പണിപ്പുരയിലാണ്.
അഞ്ചിരി തലയനാടു കോളനിയിലെ കുടുംബങ്ങള്‍ മിക്കവരും 46 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ കുടിയേറി പാര്‍പ്പുറപ്പിച്ചവരാണ്. കാളിയമ്മയുടെ ഭര്‍ത്താവ് കറുമ്പന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മരണമടഞ്ഞു. ഇപ്പോള്‍ മകള്‍ ലീലയ്ക്കൊപ്പമാണു കാളിയമ്മ കഴിയുന്നത്. മകള്‍ ലീല കൂലിപ്പണിയെടുത്തു കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവര്‍ കഴിയുന്നത്. ആകെയുള്ള തുണ്ടുഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാല്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളോ ബാങ്ക് വായ്പയോ കിട്ടുമായിരുന്നില്ല. ഇപ്പോള്‍ പട്ടയം ലഭിക്കുന്നവരുടെ പട്ടികയില്‍ മകള്‍ ലീലയുടെ പേരും ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ വര്‍ഷങ്ങളായുളള പ്രതീക്ഷകള്‍ക്കു സാഫല്യമായതിന്റെ സംതൃപ്തിയിലാണ് ഈ നിര്‍ധന കുടുംബം.
ഇതേ അവസ്ഥതന്നെയാണ് കാരാമക്കടവില്‍ ടി. പി. ഉണ്ണിക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് കാടുപിടിച്ചു കിടന്ന സ്ഥലം വെട്ടിത്തെളിച്ച് കൃഷിയിറക്കി കൊച്ചുവീടുവച്ച് ജീവിതം കെട്ടിപ്പടുത്തതാണ് ഉണ്ണിയും കുടുംബവും. മറ്റുള്ളവരുടെ സ്ഥലത്ത് പാട്ടത്തിനുകൃഷി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് വീടു പുതുക്കിപ്പണിതു. എന്നാല്‍ സ്വന്തം സ്ഥലത്തിനു പട്ടയം കിട്ടാത്തതു മൂലം ഈ കുടുംബം വളരെയധികം ബുദ്ധിമുട്ടി. ഒരു വായ്പപോലും കിട്ടാത്ത സ്ഥിതിയായിരുന്നുവെന്ന് ഉണ്ണി പറഞ്ഞു. എന്നാലിപ്പോള്‍ പട്ടയം കിട്ടുമെന്നറിയുന്നത് വളരെ സന്തോഷം പകരുന്നു. കുടിവെള്ളവും റേഷനും ഒക്കെ കൃത്യമായി കിട്ടുന്നുണ്ടെങ്കിലും കിടപ്പാടത്തിനു കൈവശ രേഖയില്ലെന്നത് ഇത്രയും കാലം ഒരു സങ്കടമായി ശേഷിക്കുകയായിരുന്നു. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഇക്കാര്യം ഫോണില്‍ നേരിട്ടറിയിച്ചപ്പോള്‍ സര്‍ക്കാരിനോടും ജില്ലാ ഭരണകൂടത്തോടും അതിയായ നന്ദിയുണ്ടെന്ന് ഉണ്ണി പറഞ്ഞു.
ഉണ്ണിയുടെ അതേ സന്തോഷത്തിലാണ് കോയിക്കപ്പറമ്പില്‍ മോഹനനും ഭാര്യ രാജമ്മയും. ഇവര്‍ക്ക് സ്വന്തമായുള്ള ഒരേക്കര്‍ മിച്ചം സ്ഥലത്ത് കൃഷി ചെയ്താണ് കുടുംബം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇപ്പോള്‍ മോഹനന് പ്രമേഹം കൂടുതലായി പണിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. കേള്‍വി ശക്തിയും കുറഞ്ഞു. ഒരേക്കറില്‍ റബറും കുരുമുളകും മറ്റ് കൃഷികളുമുണ്ട്. 1991 ല്‍ കാരിക്കോട് നിന്നാണ് ഈ കുടുംബം അഞ്ചിരിയിലെത്തിയത്.
ഇങ്ങനെ അനവധി കുടുംബങ്ങളാണ് കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും നാള്‍വഴികളിലൂടെ മലയോരത്ത് ജീവിതം കെട്ടിപ്പടുത്തത്. വിയര്‍പ്പൊഴുക്കിയ വില കൊണ്ട് വീടുവച്ചു, മക്കളെ പഠിപ്പിച്ചു. എന്നിട്ടും സ്വന്തം മണ്ണിന്റെ അവകാശികളാകാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. ആദ്യകാല ആളുകളില്‍ ചിലരൊക്കെ മണ്‍മറഞ്ഞു. ഇപ്പോള്‍ അവരുടെ മക്കളും പേരക്കുട്ടികളുമാണുള്ളത്.
- Log in to post comments