14 ജില്ലകളിലും വൈഗ സ്ഥിരം റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കും: മന്ത്രി വി എസ് സുനിൽകുമാർ
കേരളത്തിലെ 14 ജില്ലകളിലും വൈഗ സ്ഥിരം റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന വൈഗ 2020 സംസ്ഥാന കാർഷിക മേള സമാപന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
2021ൽ നടക്കുന്ന വൈഗ കാർഷിക മേള തൃശൂരിൽ തന്നെയാകും. അടുത്തതവണ ഏഴ് ദിവസമായിരിക്കും വൈഗ കാർഷികമേള. കേരളത്തിന്റെ കാർഷിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാൻ വൈഗയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു പ്രദർശന പരിപാടി എന്നതിലുപരി ചർച്ചയും സംവാദവും ചേർത്ത് കൊണ്ടുപോകാനാണ് വൈഗയിലൂടെ ശ്രമിച്ചത്. കേരളത്തിലെ യുവജനങ്ങളെ ആകർഷിക്കുക എന്നതാണ് വൈഗയുടെ ലക്ഷ്യം. അതിനായി സോഷ്യൽ മീഡിയ വഴി കൃഷി വകുപ്പ് കൃഷി പാഠശാലകൾ ആരംഭിക്കും. ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ചേർന്ന് കർഷകരുടെ ഉൽപ്പന്നങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാൻ ഉതകുന്ന തരത്തിലുള്ള പാക്കിംഗ് നടപ്പിലാക്കും. ഇതിനായി ജനുവരി 15ന് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ചർച്ച നടത്തി ധാരണാപത്രം ഒപ്പുവെക്കും.
വിവിധ സ്റ്റാർട്ടപ്പുകളുമായി സഹകരിച്ച് കർഷകർക്ക് സ്ഥിരവരുമാനം നൽകാനുള്ള ഇടപെടലുകൾ സർക്കാർ നടത്തും. ഇതിൻറെ ഭാഗമായി ജനുവരി 15 ന് തിരുവനന്തപുരത്ത് വെച്ച് സ്റ്റാർട്ടപ്പുകളുമായി കൂടിക്കാഴ്ച നടത്തും. അട്ടപ്പാടി മില്ലറ്റ് വില്ലേജ് ഉൽപ്പന്നങ്ങൾ നല്ല നിരക്കിൽ വാങ്ങാൻ തയാറായ സ്റ്റാർട്ടപ്പുകളുമായി ചർച്ച നടത്തുന്നുണ്ട്. കർഷക സംരംഭകരെ കൂടുതൽ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയർത്താൻ ഏപ്രിൽ-മെയ് മാസങ്ങളിൽ ബിസിനസ് ടു ബിസിനസ് മീറ്റ് കൊച്ചിയിൽ നടത്തും. കേരളത്തിലെ പുഷ്പ കൃഷി കർഷകരുടെ ഉന്നമനത്തിനായി രണ്ടുമാസത്തിനുള്ളിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രൂപീകരിക്കും. അലങ്കാര ഇലകളുടെ ഉൽപ്പാദനവും വിപണനവും വളർത്താൻ അന്താരാഷ്ട്ര തലത്തിൽ കമ്പനി തുറക്കും.
വാഴപ്പഴ കയറ്റുമതിയുടെ പെരുമാറ്റച്ചട്ടം മെച്ചപ്പെടുത്തി കയറ്റുമതി വിപുലമാക്കും. കാർഷിക സംരംഭകർക്ക് സാമ്പത്തിക സാങ്കേതിക സഹായങ്ങൾ വിവിധ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും കീഴിലൂടെ നൽകും. രണ്ടുവർഷംകൊണ്ട് 350 കാർഷിക സംരംഭകരെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. സംസ്ഥാനത്തുടനീളം ജീവനി പോഷക തോട്ടങ്ങൾ നിർമ്മിക്കും. ബഹുരാഷ്ട്ര കുത്തകൾക്ക് വേണ്ടിയുളള കേന്ദ്ര സർക്കാരിന്റെ കരാർ കൃഷി കേരളത്തിന്റെ കാർഷിക രംഗത്ത് നടപ്പാക്കില്ല. കർഷകരെ സ്വയം സംരംഭകരാക്കുകയും ആധുനിക സാങ്കേതികവിദ്യകൾ അവർക്ക് സ്വായത്തമാക്കി നൽകുകയും മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് കേരളത്തിലെ കാർഷിക രംഗം കൂടുതൽ മെച്ചപ്പെടുത്തുകയുമാണ് സർക്കാറിന്റെ ലക്ഷ്യമെന്നും കൃഷി മന്ത്രി കൂട്ടിച്ചേർത്തു.
- Log in to post comments