മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ കലവറയുമായി വൈഗയിൽ കേരള കാർഷിക സർവ്വകലാശാല
തൃശൂർ കേരള കാർഷിക സർവ്വകലാശാലയുടെ സ്റ്റാളുകളും പവലിയനും വൈഗ അന്താരാഷ്ട്ര കാർഷിക മേളയിൽ കാർഷിക ഉണർവിന്റെ ദിശാസൂചകങ്ങളായി. അലങ്കാര ഇലച്ചെടികൾ, പുഷ്പ വിളകളുടെ വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, പഴങ്ങളുടെയും പച്ചക്കറികളുടെയും സംസ്കരണം, ഔഷധസസ്യങ്ങൾ തുടങ്ങി നിരവധി വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും നടന്നു.
കാർഷികസർവകലാശാലയുടെ ഭാഗമായ എപ്പികൾച്ചർ യൂണിറ്റ്, മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം, അഖിലേന്ത്യ ഏകോപിത ഔഷധസസ്യ ഗവേഷണ പദ്ധതി, വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രം, ബൗദ്ധിക സ്വത്തവകാശ സെൽ, കൃഷി വിജ്ഞാന കേന്ദ്രം എന്നിവരുടെ ഏഴ് സ്റ്റാളുകൾ പ്രദർശനത്തിനുണ്ട്. സ്പെഷ്യൽ ഗ്രേഡ് തേൻ, കശുമാങ്ങ സംസ്കരണം, കയറ്റുമതി ഗ്രേഡുകൾ, പാനീയങ്ങൾ, അച്ചാറുകൾ, മിഠായികൾ, വാഴനാരുൽപന്നങ്ങൾ, പഴം കേക്കുകൾ, ജാം, വിവിധ ഔഷധസസ്യങ്ങൾ കൊണ്ടുള്ള ചൂർണ്ണം, വെളിച്ചെണ്ണ, ഷാംപു, കൊക്കോ ബീൻസ് മുതൽ ചോക്ലേറ്റുകൾ വരെയുള്ള മൂല്യവർധന ഉൽപ്പന്നങ്ങൾ, മറയൂർ ശർക്കര, മസാലപ്പൊടികൾ, പഴം സോസുകൾ തുടങ്ങിയവ കൊണ്ട് സ്റ്റാളുകൾ വ്യത്യസ്തമായിരുന്നു.
ഇതിനുപുറമേ കൃഷിയെ കുറിച്ചും കാർഷികോൽപന്നങ്ങളെ കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസുകളും നടന്നു. പ്രദർശനത്തിനെത്തുന്നവർക്ക് കൃഷിയെ കുറിച്ചുള്ള സംശയനിവാരണത്തിനായി കാർഷികമേഖലയിലെ ശാസ്ത്രജ്ഞരുടെ മുഖാമുഖം പരിപാടിക്ക് സ്റ്റാളിനടുത്തുതന്നെ വിഐപി പവലിയനും ഒരുക്കിയിരുന്നു. തവനൂർ ഗവൺമെന്റ് കാർഷിക എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ തെങ്ങ് കയറ്റ യന്ത്രം, തേങ്ങ തൊട്ടിൽ, തേങ്ങാപ്പാൽ എക്സ്ട്രാക്ടർ എന്നിങ്ങനെ കാർഷിക യന്ത്ര ഉപകരണങ്ങളുടെ പ്രദർശനവും മേളയിൽ സംഘടിപ്പിച്ചു. ഇതോടൊപ്പം ഔഷധ സസ്യങ്ങൾക്കും സുഗന്ധവ്യഞ്ജന ഉത്പന്നങ്ങൾക്കും പ്രത്യേകമായ സ്റ്റുഡിയോ ക്രമീകരിച്ചത് സന്ദർശകർക്ക് കൗതുകമായി.
- Log in to post comments