Skip to main content

ജില്ലയിലെ മൂന്ന് ബ്ലോക്കുകളില്‍ ഇന്ന് ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും നടക്കും നഗരസഭ കുടുംബസംഗമങ്ങള്‍ക്കും തുടക്കമാകും

ലൈഫ് മിഷന്‍ ഭവന പദ്ധതി പ്രകാരം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ  ബ്ലോക്ക് തല ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇന്ന്(ജനുവരി ഒന്‍പത്)  ജില്ലയിലെ മൂന്ന് ബ്ലോക്കുകളില്‍ നടക്കും. വണ്ടൂര്‍, നിലമ്പൂര്‍, മലപ്പുറം ബ്ലോക്കുകളിലാണ് കുടുംബസംഗമവും അദാലത്തും സംഘടിപ്പിക്കുന്നത്. നഗരസഭാ തല ഗുണഭോക്താക്കളുടെ കുടുംബസംഗമത്തിനും അദാലത്തിനും തിരൂര്‍ നഗരസഭയില്‍ സംഘടിപ്പിക്കുന്ന സംഗമത്തിലൂടെ തുടക്കമാകും. 
സംഗമത്തോടനുബന്ധിച്ച് നടക്കുന്ന അദാലത്തുകളില്‍ ആധാര്‍, റേഷന്‍ കാര്‍ഡ് തിരുത്തല്‍, തെരെഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കല്‍, ബാങ്കിങ് സേവനം, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍, റവന്യൂരേഖകള്‍, പ്രധാന മന്ത്രി ഉജ്വല്‍ യോജന പദ്ധതി, പട്ടിക ജാതി-പട്ടിക വര്‍ഗ ക്ഷേമ പദ്ധതികള്‍, ആരോഗ്യം, കൃഷി, തൊഴില്‍ പരിശീലനം, മത്സ്യകൃഷി, ഡയറി വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള സേവനങ്ങള്‍  ലഭ്യമാകും. സംഗമത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും  വണ്ടൂര്‍ സിയന്ന ഓഡിറ്റോറിയത്തില്‍ രാവിലെ 10ന്   എ.പി.അനില്‍കുമാര്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്യും. ലൈഫ് ഭവന പദ്ധതി പ്രകാരം വീടുകള്‍ ലഭിച്ച 883 കുടംുബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും. വണ്ടൂര്‍, പോരൂര്‍, പാണ്ടിക്കാട്, തൃക്കലങ്ങോട്, തിരുവാലി, മമ്പാട് പഞ്ചായത്തുകളിലായി 883 വീടുകളാണ് ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടത്തില്‍ 104 വീടുകളും രണ്ടാം ഘട്ടത്തില്‍ 520 വീടുകളും പി.എം.എ.വൈ ഭവനനിര്‍മ്മാണ പദ്ധതിയിലൂടെ 102 വീടുകളും പട്ടികജാതി വിഭാഗത്തില്‍ 66, പട്ടിക വര്‍ഗ വിഭാഗത്തില്‍ 90 വീടുകളുമാണ് പൂര്‍ത്തിയാക്കിയത്. 'ജീവനി' നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ നിര്‍വഹിക്കും. 
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എടക്കര പ്രസ്റ്റീജ്  ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അദാലത്തും സംഗമവും രാവിലെ 10ന്  പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയാവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍ അധ്യക്ഷത വഹിക്കും.  പി.കെ ബഷീര്‍ എം.എല്‍.എ താക്കോല്‍ ദാനം നിര്‍വഹിക്കും. ലൈഫ് പദ്ധതിയിലുടെ വീടുകള്‍ ലഭിച്ച 1311 കുടുംബങ്ങള്‍ സംഗമത്തിലും അദാലത്തിലും പങ്കെടുക്കും.
ചാലിയാര്‍, ചുങ്കത്തറ, എടക്കര, പോത്തുകല്ല്, മൂത്തേടം, വഴിക്കടവ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി  ഒന്നാം ഘട്ടത്തില്‍ 125 വീടുകളും രണ്ടാം ഘട്ടത്തില്‍ 763 വീടുകളും പി.എം.എ.വൈ ഭവനനിര്‍മ്മാണ പദ്ധതിയിലൂടെ 141 വീടുകളും പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍ 282 വീടുകളും നിലമ്പൂരില്‍ യാഥാര്‍ഥ്യമായിട്ടുണ്ട്.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോട്ടക്കുന്ന് ഡി.ടി.പി.സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന  കുടുംബ സംഗമവും അദാലത്തും രാവിലെ 10ന് പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.  298 കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീന അധ്യക്ഷയാവും. 
തിരൂര്‍ നഗരസഭയിലെ സംഗമത്തിനും അദാലത്തിനും വാഗണ്‍ ട്രാജഡി ടൗണ്‍ ഹാള്‍  വേദിയാകും. രാവിലെ 10.30 ന്  സി.മമ്മൂട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  നഗരസഭ ചെയര്‍മാന്‍ കെ. ബാവ അധ്യക്ഷനാവും.  
 

date