വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ കേരളം മുന്നില്‍, നേര്‍സാക്ഷ്യങ്ങളുമായി വ്യവസായ പ്രമുഖര്‍
വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ കേരളം മുന്നില്‍
നേര്‍സാക്ഷ്യങ്ങളുമായി വ്യവസായ പ്രമുഖര്‍
കൊച്ചി - രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നിനു പോലും പിന്നിലല്ല കേരളമെന്ന സാക്ഷ്യപ്പെടുത്തലുമായി വ്യവസായരംഗത്ത് വെന്നിക്കൊടി പാറിച്ച സംരംഭകരുടെ സാക്ഷ്യപത്രം. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക നിക്ഷേപക സംഗമമായ അസെന്റ് 2020ന്റെ ആദ്യത്തെ പ്ലീനറി സെഷനിലാണ് സംരംഭകരുടെ തങ്ങളുടെ അനുഭവങ്ങളിലൂടെ സംസ്ഥാനത്തെ വ്യവസായാന്തരീക്ഷം നല്കുന്ന ഊഷ്മളത പങ്കുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും, വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജനും മുതിര്‍ന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന സദസിന് മുന്നിലായിരുന്നു കേരളത്തിനുള്ള ഈ അഭിനന്ദനപ്രവാഹം.
വ്യവസായമേഖലയിലെ നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘന ീയമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു. സംസ്ഥാനത്തു നിന്നുള്ള കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനയാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. സംസ്ഥാനത്തുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ വലുതായി പ്രചരിപ്പിക്കാതിരിക്കുന്നതിന് മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും ശ്രദ്ധിക്കണം. നിപയെ കുറിച്ചുള്ള ഊതിപ്പെരുപ്പിച്ച വാര്‍ത്തകള്‍ മൂലം കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിക്ക് അക്കാലയളവില്‍ നിരോധനമടക്കമുള്ള വന്‍തിരിച്ചടിയാണുണ്ടായത്. എന്നാല്‍ തമിഴ് നാടും, കര്‍ണാടകവുമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഒരു പ്രശ്നവുമുണ്ടായില്ല. ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം.
വ്യവസായമുണ്ടെങ്കിലേ നാടിന് വളര്‍ച്ചയുണ്ടാകൂ എന്ന അടിസ്ഥാനപാഠം തിരിച്ചറിയണമെന്ന് ആര്.പി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രവി പിള്ള പറഞ്ഞു. സംരംഭകസാധ്യതകള്‍ വളര്‍ത്തുന്ന സമീപനവും നടപടികളുമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. വ്യവസായ വളര്‍ച്ചയില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിശ്ചയദാര്‍ഡ്യം ആത്മവിശ്വാസം പകരുന്നതാണ്. അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പു കല്പ്പിക്കുന്നതിലുണ്ടാകുന്ന വീഴ്ച്ചയാണ് പലപ്പോഴും മനംമടുപ്പിക്കുന്നത്. ഇതൊഴിവാക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടെന്നും രവി പിള്ള അഭിപ്രായപ്പെട്ടു.
ഗുണമേന്മയുടെ മാനദണ്ഡങ്ങള്‍ പുനഃനിര്‍വചിക്കാനുള്ള കാഴ്ച്ചപ്പാടാണ് സംരംഭകത്വത്തെ പുതിയ തലത്തിലേക്ക് നയിക്കുന്നതെന്ന് ഐ.ബി.എസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യുട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ടെക്നോളജി പാര്‍ക്കുകളിലുള്ള ഐ.ടി പ്രൊഫഷണലുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവരാണ്. ഇവരുടെ സേവനം സംരംഭങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ്. കേരളത്തിന് പുറത്ത് താന്‍ ആരംഭിച്ച ബിസിനസ് പിന്നീട് ഇവിടേക്ക് മാറ്റിയപ്പോഴാണ് കേരളത്തിലെ വ്യവസായാനുകൂലാന്തരീക്ഷം മനസിലാക്കാനായത്. സംരംഭകര്‍ക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരുമായും നേരിട്ട് ഇടപെടാന്‍ ഇവിടെ ലഭിക്കുന്ന അവസരം മറ്റൊരു സംസ്ഥാനത്തുമില്ല. മറ്റിടങ്ങളില്‍ അവരെ സമീപിക്കുന്നത് പോലും വിഷമകരമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും കേരളം മെച്ചപ്പെട്ട നിലയിലാണെന്ന് മാത്യൂസ് ചൂണ്ടിക്കാട്ടി.
ലോകകേരള സഭ പോലുള്ള നവീനാശയങ്ങള്‍ ആവിഷ്കരിക്കുകയും ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്ന് എ.ബി.എന്‍ കോര്പ്പറേഷന് ചെയര്മാന് ജെ.കെ. മേനോന് പറഞ്ഞു. നിക്ഷേപത്തിന് തയാറായെത്തുന്നവരോട് നാളെത്തന്നെ തുടങ്ങിയാലോ എന്ന് പറയുന്ന തരത്തിലേക്ക് കേരളം മാറിയിട്ടുണ്ടെന്നത് കാണാതിരിക്കാനാവില്ല.
കേരളത്തില്‍ വ്യവസായപ്രശ്നങ്ങള് ഇല്ലെന്നതാണ് വസ്തുതയും യാഥാര്‍ത്ഥ്യവുമെന്ന് പീക്കേ സ്റ്റീല്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ഇ. മൊയ്തു പറഞ്ഞു. കേരളത്തില്‍ തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടാറില്ലെന്നാണ് തന്റെ അനുഭവം. തൊഴിലാളി യൂണിയനുകള്‍ സമാധാനപരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം വി.കെ.സി ഫുട് വെയര്‍ മാനേജിംഗ് ഡയറക്ടര്‍ വി. അബ്ദുള്‍ റസാഖ് പറഞ്ഞു. ഗുണമേന്മ ഉറപ്പാക്കിയാല്‍ ഉല്‍പ്പാദനത്തിലും വിപണനത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ കഴിയും.
കേരളീയരുടെ ആത്മാര്‍ത്ഥത എടുത്തു പറയേണ്ടതാണെന്ന് ഇസാഫ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ. പോള്‍ തോമസ് പറഞ്ഞു. പ്രളയത്തില്‍ തകര്ന്നിട്ടുപോലും സാമ്പത്തികബാധ്യതകള്‍ വീട്ടുന്നതില്‍ പൂര്‍ണമായും സഹകരിക്കുകയായിരുന്നു. വായ്പാ തിരിച്ചടവുകള്‍ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു. തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത മറ്റു പല സ്ഥലങ്ങളേയും അപേക്ഷിച്ച് കേരളത്തില്‍ ഇരട്ടിയാണ്. സംരംഭകരെ ഇതുപോലെ നേരിട്ട് കേള്‍ക്കുന്ന മുഖ്യമന്ത്രിയും മറ്റൊരു വേറിട്ട അനുഭവമാണ്. കേരളത്തില്‍ തൊഴിലവസരങ്ങള്‍ കൂടണമെങ്കില് സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. ഇവിടെ കൂലി കൂടുതലാണെങ്കിലും ആനുപാതികമായ ഫലം കിട്ടുന്നതിനാല്‍ ബിസിനസ് വളര്‍ച്ചയ്ക്ക് അത് ഏറെ സഹായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നാലു വര്‍ഷത്തോളമായി സംരംഭകര്‍ക്ക് അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് കിറ്റെക്സ് ഗാര്‍മെന്റ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സാബു. എം. ജേക്കബ് പറഞ്ഞു. വ്യവസായാന്തരീക്ഷത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. അത് വീടിനകത്തെ പ്രശ്നങ്ങള്‍ പോലെ കണ്ട് പരിഹരിക്കാവുന്നതേയുള്ളൂ. കേരളത്തില്‍ ഏറ്റവും വിജയകരമായി നടന്നുവരുന്നതും നടപ്പാക്കാവുന്നത് ടൂറിസം വ്യവസായമാണെന്ന് സിജിഎച്ച് എര്‍ത്ത് ഹോട്ടല്‍സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ജോസ് ഡൊമിനിക് പറഞ്ഞു. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം ലോകോത്തര ശ്രദ്ധ നേടിക്കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവും ഈ വ്യവസായമാണ്.
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ സംരംഭകരംഗത്ത് വലിയ മാറ്റങ്ങളാണുണ്ടാവുകയെന്ന് വി.കെ.എല്‍ ഹോള്‍ഡിംഗ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വര്‍ഗീസ് കുര്യന് പറഞ്ഞു. ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വളര്‍ച്ചയ്ക്ക് വലിയ സാധ്യതകളാണുള്ളത്. ഭൂമിശാസ്ത്രപരമായി ഏറ്റവും മികവുറ്റ സംസ്ഥാനമാണ് കേരളമെന്നതു കൂടി നാം പ്രയോജനപ്പെടുത്തണം.
പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്മാന് ഡോ.വി.കെ. രാമചന്ദ്രന് മോഡറേറ്ററായിരുന്നു.
- Log in to post comments