Skip to main content

ഗുരുവായൂർ നഗരസഭയിലെ 300 കുടുംബങ്ങൾക്ക് ലൈഫ്മിഷന്റെ സ്വപ്നഭവനം

ഗുരുവായൂർ നഗരസഭയിലെ ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഗുരുവായൂർ ടൗൺ ഹാളിൽ നടന്നു. കെ. വി. അബ്ദുൾഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്തു. അർഹരായ എല്ലാ ഭൂരഹിത ഭവന രഹിതർക്കും സ്വന്തമായി ഭവനം എന്ന ലൈഫ് മിഷൻ പദ്ധതി പ്രകാരം 300 വീടുകളാണ് നഗരസഭയിൽ പണി പൂർത്തിയായത്.
സ്വന്തമായി ഭവനം എന്നതിനൊപ്പം സാമൂഹിക സാമ്പത്തിക സേവനങ്ങൾ ഉൾപ്പെടെ എല്ലാ സാമൂഹ്യ ക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭ്യമാക്കാൻ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ലൈഫ് മിഷൻ. ഈ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി പ്രകാരം രണ്ടു ഘട്ടമായാണ് വീടുകൾ പണിത് നൽകുന്നത്. ആദ്യഘട്ടമായി വിവിധ ഭവന നിർമ്മാണ പദ്ധതികൾ മുഖേന ആനുകൂല്യം ലഭിച്ചിട്ടും ഭവന നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതിരുന്ന 141 ഗുണഭോക്താക്കളുടെ വീടുകൾ നിർമ്മാണം പൂർത്തീകരിച്ചു. രണ്ടാംഘട്ടമായി ഭൂമിയുണ്ട് ഭവനമില്ല എന്ന നിലയിലുള്ള 982 പേരെ കണ്ടെത്തുകയും അതിൽ 308 വീടുകൾ പണി പൂർത്തിയാക്കുകയും ചെയ്തു. പദ്ധതിക്കായി ചെലവായ 12,86,80,000 രൂപ കേന്ദ്ര വിഹിതവും 12,96,59,412 രൂപ നഗരസഭാ വിഹിതമായും വകയിരുത്തി.
നഗരസഭാ ചെയർപേഴ്സൺ വി. എസ് രേവതി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരായ നിർമല കേരളൻ, രതി ടീച്ചർ, ഷനിൽ, ലൈഫ് ജില്ലാ കോർഡിനേറ്റർ ലിൻസ് ഡേവിഡ്, നഗരസഭാ സെക്രട്ടറി ശ്രീകാന്ത് എന്നിവർ സംസാരിച്ചു. കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന അദാലത്തിൽ കുടുംബശ്രീ, സാമൂഹ്യ സുരക്ഷാ പെൻഷൻ, ഐ.ടി വകുപ്പ്, ഗ്യാസ് ഏജൻസി, വനിതാ ശിശു വികസന വകുപ്പ്, റവന്യൂ വകുപ്പ്, സിവിൽ സപ്ലൈസ്, പട്ടികവർഗ്ഗ പട്ടികജാതി വകുപ്പ്, ക്ഷീരവികസന വകുപ്പ്, ബാങ്ക്, ആരോഗ്യവകുപ്പ്, വ്യവസായവകുപ്പ്, തൊഴിലുറപ്പ് പദ്ധതി, കൃഷി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വകുപ്പുകളും സേവനം ലഭ്യമാക്കി.
ലൈഫ് മിഷന്റെ നേതൃത്വത്തിൽ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഡിസംബർ 15 മുതൽ ജനുവരി 15 വരെ കുടുംബ സംഗമങ്ങളും അദാലത്തും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ഗുരുവായൂർ നഗരസഭയിലെ പരിപാടി. ജനുവരി 26ന് സംസ്ഥാന തലത്തിൽ രണ്ട് ലക്ഷം വീടുകൾ ലൈഫ് പദ്ധതി പ്രകാരം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

date