Skip to main content

നിക്ഷേപ സംഗമത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുമായി വനിതാ സംരംഭകർ: കോ- വർക്കിംഗ് സ്പേസിലൂടെ വിജയം നേടി രോഷ്ന

കൊച്ചി: അഭിഭാഷകയായാണ് കോഴിക്കോട് തിക്കോടി സ്വദേശിനി രോഷ്ന ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വ്യവസായ സംരംഭക എന്നത് മനസിൽ സൂക്ഷിച്ചിരുന്ന സ്വപ്നം മാത്രം. എന്നാൽ വ്യത്യസ്തമായൊരു സംരംഭത്തിലൂടെ മാസം ലക്ഷങ്ങൾ വരുമാനം നേടുന്ന സംരംഭകയായാണ് രോഷ്ന അസെൻഡ് 2020 ലോക നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തിയത്. കോ-വർക്കിംഗ് സ്പേസ് എന്ന ആരും പരീക്ഷിക്കാത്ത മേഖലയാണ് രോഷ്ന തിരഞ്ഞെടുത്ത് വിജയം നേടിയത്. കോഴിക്കോട് ആസ്ഥാനമായ സാമുറിൻ കമ്മ്യൂൺ സ്പേസ് എന്ന  സ്ഥാപനത്തിന്റെ സാരഥിയാണിന്ന് രോഷ്ന.

കോ-വർക്കിംഗ് സ്പേസ് എന്നത് ആർക്കും അത്ര പരിചയമില്ലാത്ത വാക്കാണ്. പക്ഷേ എല്ലാവർക്കും ആവശ്യമുള്ളതും ആണ്. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുക - ഒറ്റവാക്കിൽ വേണമെങ്കിൽ ഇതിനെ ഇങ്ങനെ പറയാം. മൂലധനം കൈയിലുള്ള പലർക്കും വ്യവസായങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലാണ് കൂടുതൽ ചെലവ് വേണ്ടി വരുന്നത്. ഇത് പലരെയും വ്യവസായങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്ന ഘടകമാണ്. ഇവർക്ക് വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കി നൽകുകയാണ് കോം വർക്കിംഗ് സ്പേസ് കൊണ്ട് ഉദ്ദേശിക്കുന്നത്. കേവലം ഓഫീസ് മുറി വാടകക്കു നൽകുന്ന പദ്ധതിയായി ഇതിനെ കുറച്ചു കാണേണ്ടതില്ല. അതിനേക്കാളുപരി ആവശ്യക്കാരുടെ താല്പര്യം അനുസരിച്ച് ഓഫീസ്മുറികളും മറ്റും റെഡിയാക്കി നൽകുകയാണ് ചെയ്യുന്നത്. ഓരോ ബിസിനസ് ആവശ്യങ്ങൾക്കും അതനുസരിച്ചുള്ള സജ്ജീകരണങ്ങളാണ് ചെയ്ത് നൽകുന്നത്. വാടകക്കു നൽകുന്നതു കൊണ്ടു തന്നെ സംരംഭകർക്ക് ആരംഭ ഘട്ടത്തിലുള്ള ചെലവിൽ നിന്നും രക്ഷപ്പെടാം. ഇത് എല്ലാവർക്കും സഹായം ചെയ്യുന്ന ഒരു ജോലി കൂടിയാണെന്ന് രോഷ്ന പറയുന്നു.

ഒരു കോടി രൂപക്കടുത്ത് മൂലധനം ഇറക്കിയാണ് രോഷ്ന ബിസിനസ് ആരംഭിച്ചത്. പിന്നീട് ഇതിലേക്ക് പണം ഇറക്കേണ്ടി വന്നില്ല. എന്നാൽ നല്ല വരുമാനം തിരികെ ലഭിക്കുകയും ചെയ്യുന്നു. ഒരു വർഷം പിന്നിടുമ്പോൾ ഒന്നര ലക്ഷം രൂപ വരെ മാസവരുമാനമാണ് രോഷ്ന ഇതിലൂടെ നേടുന്നത്.

സ്ത്രീയായതുകൊണ്ട് വ്യവസായ സംരംഭങ്ങൾ പ്രത്യേകിച്ച് വെല്ലുവിളികളൊന്നും തന്നെയില്ലെന്ന് രോഷ്ന പറയുന്നു. മൂലധനം തന്നെയാണ് പ്രശ്നം. അത് സ്ത്രീയും പുരുഷനും ഒരേ പോലെ നേരിടുന്ന വെല്ലുവിളിയാണ്. അത് മറികടന്നാൽ പിന്നീട് വിജയം നേടുമെന്ന് ഉറപ്പാണ്.
ബിസിനസ് വ്യാപിപ്പിക്കാൻ തന്നെയാണ് ഈ യുവ സംരംഭകയുടെ തീരുമാനം. കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ അടുത്ത ഘട്ടത്തിൽ സ്പേസുകൾ ആരംഭിക്കാനാണ് പദ്ധതി. ഭർത്താവ് ഷിബുവും ബിസിനസിൽ സഹായിയായി ഒപ്പം നിൽക്കുന്നുണ്ട്.

date