Skip to main content

വിവിധ പദ്ധതികളിലായി 125ഓളം വീടുകള്‍  നിര്‍മ്മിച്ച് നല്‍കി ചെറിയനാട് ഗ്രാമപഞ്ചായത്ത് 

 

 

ആലപ്പുഴ : വിവിധ ഭവനപദ്ധതികളിലായി വീടുകള്‍ നിര്‍മ്മിച്ചുനല്‍കി ഭവന രഹിതര്‍ക്കു ആശ്വാസമേകുകയാണ് ചെറിയനാട് ഗ്രാമപഞ്ചായത്ത്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരവും, റീബില്‍ഡ് കേരളവഴിയും പഞ്ചായത്ത് നിര്‍മ്മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാനം സജി ചെറിയാന്‍ എം. എല്‍. എ നിര്‍വഹിച്ചു.ചടങ്ങില്‍ ചെറിയനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ രാധമ്മ അധ്യക്ഷയായി  ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 80 വീടുകളുടെയും റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 28 വീടുകളുടേയും താക്കോല്‍ ദാനമാണ് നടന്നത്. ഇതോടെ വിവിധ ഭവന പദ്ധതികളിലായി 125 വീടുകള്‍ ഭവനരഹിതര്‍ക്കു നിര്‍മ്മിച്ച് നല്‍കാന്‍ ചെറിയനാട് ഗ്രാമപഞ്ചായത്തിന് സാധിച്ചിരിക്കുന്നു. 

 

ലൈഫ് മിഷന്‍,, റീബില്‍ഡ് കേരള, പി എം എ വൈ, ബ്ലോക്കിന്റെ തനത് പദ്ധതിയായ സ്‌നേഹക്കൂട് തുടങ്ങിയ വിവിധ പദ്ധതിയിലൂടെയാണ് വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയത്. ലൈഫ് മിഷന്‍  ഒന്നാം ഘട്ടത്തില്‍  4 വീടുകളും രണ്ടാം ഘട്ടത്തില്‍ 76 വീടുകളും, റീ ബില്‍ഡ് കേരള വഴി 28 വീടുകളുമാണ് പഞ്ചായത്ത് പൂര്‍ത്തിയാക്കിയത്. ഒന്നാം ഘട്ടത്തില്‍  മുന്‍കാല പദ്ധതികളില്‍ ഉള്‍പെട്ടുവെങ്കിലും വീട് പൂര്‍ത്തിയാക്കാത്തവരെയും, രണ്ടാംഘട്ടത്തില്‍ വീടില്ലാത്തവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 4ലക്ഷം രൂപവീതം ചെലവിട്ടാണ് ഓരോ ഘട്ടത്തിലും പദ്ധതി പൂര്‍ത്തിയാക്കിയത്. പ്രളയം ഏറ്റവും നാശനഷ്ട്ടം വരുത്തിയ പഞ്ചായത്തുകളില്‍ ഒന്നായ ചെറിയന്നൂരില്‍ 28 വീടുകള്‍ പ്രളയബാധിതര്‍ക്കു നിര്‍മ്മിച്ച് നല്‍കാന്‍ പഞ്ചായത്തിനായി, 13 വീടുകള്‍ പണി പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍ ബ്ലോക്ക് മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി രൂപീകരിച്ച സ്നേഹക്കൂട് ഭവനനിര്‍മ്മാണ പദ്ധതിവഴിയും ചെറിയനാട് പഞ്ചായത്ത് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. ചെങ്ങന്നൂര്‍ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചെറിയനാട് ഗ്രാമപഞ്ചായത്ത് 

 

വിവിധ ഭവന പദ്ധതികളിലായി 125 വീടുകള്‍ പൂര്‍ത്തിയാക്കിയതോടെ പഞ്ചായത്തിലെ ഭവനരഹിതരുടെ എണ്ണം കുറയ്ക്കാനും അവര്‍ക്ക് മെച്ചപ്പെട്ടൊരു ജീവിതം ഒരുക്കാന്‍ സാധിച്ചുവെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ. കെ രാധമ്മ പറഞ്ഞു  

 

date