Skip to main content

വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി ലൈഫ് മിഷൻ

ആലപ്പുഴ :സ്വപ്നം മാത്രമായിരുന്ന വീട് സ്വന്തമായതിന്‍റെ ആഹ്ലാദത്തിലായിരുന്നു പുറക്കാട് കല്ലമ്പള്ളി വീട്ടിൽ 71 വയസ്സുകാരി സതി അമ്പലപ്പുഴ ബ്ലോക്ക് ലൈഫ് മിഷൻ കുടുംബ സംഗമത്തിന്  എത്തിയത്. ഒന്നര സെന്റ് ഭൂമിയിൽ കെട്ടുറപ്പില്ലാത്ത ചെറിയൊരു ഷെഡിൽ ജീവിച്ച സതിയ്ക്ക് ലൈഫിലൂടെ ലഭിച്ചത് ഒരു ജീവിതമാണ്.

ലൈഫ് മിഷൻ മാനദണ്ഡങ്ങൾ പാലിച്ച്  390 സ്‌ക്വയർ ഫീറ്റിൽ  രണ്ടു നിലയിലായിട്ടാണ് രണ്ടു മുറിയും അടുക്കളയും ബാത്ത് റൂം അടങ്ങുന്ന വീട് നിർമിച്ചിരിക്കുന്നത്. തയ്യൽ പണിയിൽ നിന്നുള്ള തുച്‌ഛ വരുമാനവും സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്ന പെൻഷനും മാത്രമാണ് സതിയുടെ ഉപജീവനമാർഗം.

എന്നാൽ മുന്‍ഗണനേതര വിഭാഗം റേഷൻ കാർഡ് ആണ്  സ്വന്തമായി ഉള്ളത്. ഇത് മുൻഗണന വിഭാഗത്തിലാക്കാൻ ഓടി നടന്നെങ്കിലും ആരും നടപടികൾ സ്വീകരിച്ചിരുന്നില്ല. കുടുംബ സംഗമത്തോടൊപ്പം നടന്ന അദാലത്തിൽ സിവിൽ സപ്ലൈസ് സേവനത്തിലൂടെ മുൻഗണന റേഷൻ കാർഡിനുള്ള അപേക്ഷ സ്വീകരിക്കുകയും അതിന്റെ ഹിയറിങ് പൂർത്തിയാക്കുകയും ചെയ്തു. എത്രയും വേഗം മുൻഗണന പട്ടികയിൽ എത്താനാകുന്നതിന്റെ സന്തോഷത്തിലുമാണ് സതി. ആർദ്രം പദ്ധതി യുടെ  ഭാഗമായി ആരോഗ്യ പരിശോധനയും പൂർത്തിയാക്കി ആരോഗ്യവതിയെന്നുറപ്പാക്കിയാണ് കുടുംബസംഗമം കഴിഞ്ഞ് മടങ്ങിയത്. 

 

date