Skip to main content

96 കോടിയുടെ താനൂര്‍ ഹാര്‍ബര്‍ നിര്‍മ്മാണ പ്രവൃത്തി  പുരോഗമിക്കുന്നു നബാര്‍ഡില്‍ നിന്ന് 14.87 കോടി രൂപ ലഭ്യമായതോടെ പുലിമുട്ട് വിപുലീകരണവും അനുബന്ധ പ്രവൃത്തികളും ഉടന്‍ തുടങ്ങും

താനൂര്‍ ഒട്ടുംപുറം കടപ്പുറത്ത് 96 കോടി രൂപ വിനിയോഗിച്ചുള്ള ഹാര്‍ബര്‍ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു. 55.83 കോടി രൂപ ചെലവില്‍ പുലിമുട്ട് നിര്‍മ്മാണവും അനുബന്ധ പ്രവൃത്തികളും നടക്കുന്നതിനിടെ നബാര്‍ഡില്‍ നിന്ന് 14.87 കോടി രൂപ ലഭ്യമായതോടെ പുലിമുട്ട് വിപുലീകരണ  പ്രവൃത്തിയും ഉടന്‍ തുടങ്ങും. ബോട്ട് ജെട്ടിയുടെ പൈലിങ് പൂര്‍ത്തിയായതോടെ ലേലപ്പുരയ്ക്കായുള്ള 32 പൈലുകളുടെ പ്രവൃത്തിയും ഉടന്‍ തുടങ്ങും. ഒട്ടുംപുറത്ത് തെക്ക് ഭാഗത്തേക്കുള്ള പുലിമുട്ട് 1050 മീറ്ററില്‍ നിന്ന് 300 മീറ്റര്‍ കൂടി ദീര്‍ഘിപ്പിക്കാനാണ് തീരുമാനം. 
അതേസമയം വടക്ക് ഭാഗത്തേക്കുള്ള 840 മീറ്റര്‍ ദൈര്‍ഘ്യം 740 ആയി കുറയും. ഇതിന് ശേഷമാകും ഹാര്‍ബര്‍ നിര്‍മ്മാണ പ്രവൃത്തി തുടങ്ങുകയെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.കെ മുഹമ്മദ് കോയ പറഞ്ഞു. പുലിമുട്ട് പൂര്‍ത്തീകരിക്കും മുമ്പ് ബോട്ട് ജെട്ടി നിര്‍മ്മിക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട്  മത്സ്യത്തൊഴിലാളികള്‍ രംഗത്തുവന്നിരുന്നു. വി.അബ്ദുറഹ്മാന്‍ എം.എല്‍.എ മുന്‍ കൈയ്യെടുത്ത് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളുമായി ഒന്നിലേറെ തവണ സമവായ ചര്‍ച്ച നടത്തുകയും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയുമായിരുന്നു.
2020 ഡിസംബറോടെ താനൂരില്‍ ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കാനാകുമെന്ന് വി.അബ്ദുറഹ്മാന്‍ എം. എല്‍.എ പറഞ്ഞു. അപ്രോച്ച് റോഡ്, ആഭ്യന്തര റോഡുകള്‍, ജലവിതരണ സംവിധാനങ്ങള്‍, ടോയ്‌ലറ്റ് ബ്ലോക്ക്, ലോക്കര്‍ റൂം, ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍ എന്നിവ പത്ത് എക്കറോളം വിസ്തൃതിയിലുള്ള ഹാര്‍ബറിലുണ്ടാകും. പൊന്നാനി മുതല്‍ ചാലിയം വരെയുള്ള മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് താനൂരിലെ ഹാര്‍ബര്‍ പ്രയോജനപ്പെടും.
 

date