Skip to main content

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം 19 ന് അഞ്ചു വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കണം-ജില്ലാ കളക്ടര്‍

ജനുവരി 19 ന്  നടക്കുന്ന പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണ പരിപാടിയില്‍ ജില്ലയിലെ  അഞ്ചു വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ പ്രതിരോധത്തിനുള്ള നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു. 

വാക്സിന്‍ വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 1.17 ലക്ഷം കുട്ടികള്‍ക്കാണ്  രണ്ട് തുള്ളി വീതം മരുന്ന്  നല്‍കുക.

 അങ്കണവാടികള്‍, സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളായി 1243 ബൂത്തുകളും 40 ട്രാന്‍സിറ്റ് ബൂത്തുകളും  മുഖേന രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് മരുന്ന് വിതരണം.  ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബോട്ടു ജെട്ടികള്‍, എന്നിവിടങ്ങളിലാണ് ട്രാന്‍സിറ്റ്  ബൂത്തുകള്‍ ക്രമീകരിക്കുക. ആരോഗ്യ വകുപ്പ് ജീവനക്കാരുടേയും പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെയും മേല്‍ നോട്ടത്തിലാണ് ഇവ പ്രവര്‍ത്തിക്കുക.

വാക്സിന്‍ എത്തിക്കുന്നതിന് ആരോഗ്യ വകുപ്പിന്‍റെയും  മറ്റ് വകുപ്പുകളുടെയും   വാഹനങ്ങള്‍  ഏര്‍പ്പെടുത്തും. ബൂത്തുകളില്‍ കുട്ടികളെ എത്തിക്കാത്തവരുടെ  വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ 20,21 തീയതികളിലെത്തി മരുന്ന് നല്‍കും.  

ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും  ഒരു കുട്ടിക്കു പോലും വാക്സിന്‍ കിട്ടാതെ വരുന്ന സാഹചര്യം ഉണ്ടാകരുതെന്നും  കളക്ടര്‍ നിര്‍ദേശം നല്‍കി. കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകള്‍, സാക്ഷരതാ മിഷന്‍ എന്നിവയുടെ സഹകരണം ഉറപ്പു വരുത്തും. വാക്സിന്‍ വിതരണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പോസ്റ്ററിന്‍റെ  പ്രകാശനവും കളക്ടര്‍ നിര്‍വ്വഹിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ.കെ.ആര്‍. രാജന്‍, ഡോ.വിദ്യാധരന്‍,  ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.സി.ജെ. സിത്താര, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പു മേധാവികള്‍ പങ്കെടുത്തു.

date