അതിയന്നൂര്‍ ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ അതിയന്നൂര്‍ ബ്ലോക്കിലെ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു. അതിയന്നൂര്‍ ബ്ലോക്ക് ഓഫീസില്‍ സംഘടിപ്പിച്ച പരിപാടി നെയ്യാറ്റിന്‍കര എംഎല്‍എ കെ. ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആകമാനം നാല് ലക്ഷം വീടാണ് ലൈഫ് മിഷനിലൂടെ നിര്‍മിച്ചു നല്‍കുന്നത്. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വീടുകള്‍ വച്ച് നല്‍കുമെന്നും അര്‍ഹതപ്പെട്ടവര്‍ ഏതെങ്കിലും തരത്തില്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവരെ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയുടെ 99 ശതമാനവും പൂര്‍ത്തീകരിച്ച അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സംസ്ഥാനത്ത് ഏകദേശം രണ്ട് ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മൂന്ന് ഘട്ടമായി നടപ്പാക്കുന്ന ഈ പദ്ധതിയില്‍ അടുത്ത ഘട്ടം ഭവന രഹിതര്‍ക്കായുള്ള ഭവന നിര്‍മാണമാണ്. അതിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ അഞ്ച് പഞ്ചായത്തുകളിലായി 532 വീടുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും ബാക്കിയുള്ളവ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി ജനുവരി 26 ന് മുന്‍പായി നിര്‍മിച്ചു നല്‍കുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ വൈ. വിജയകുമാര്‍ വിഷയാവതരണം നടത്തി. അതിയന്നൂര്‍ ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഡി. ശൈലജ, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് സുഗതന്‍, അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ ധീരജ് മാത്യു ജെ.ജെ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 17/2020)
- Log in to post comments